ജീവനക്കാരെ ജയിലിന് പുറത്തുവെച്ച് കൈകാര്യം ചെയ്യുമെന്ന് ഭീഷണി; അലനും താഹയ്ക്കുമെതിരെ പരാതി

ഇരുവരും ജയില്‍നിയമങ്ങള്‍ അനുസരിക്കുന്നില്ലെന്നും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയാണെന്നുമാണ് ജയില്‍വകുപ്പ് പറയുന്നത്
ജീവനക്കാരെ ജയിലിന് പുറത്തുവെച്ച് കൈകാര്യം ചെയ്യുമെന്ന് ഭീഷണി; അലനും താഹയ്ക്കുമെതിരെ പരാതി

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായി റിമാന്റിൽ കഴിയുന്ന അലനും താഹയ്ക്കുമെതിരെ ​ഗുരുതര ആരോപണവുമായി ജയിൽ വകുപ്പ്. ഇരുവരും ജയില്‍നിയമങ്ങള്‍ അനുസരിക്കുന്നില്ലെന്നും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയാണെന്നുമാണ് ജയില്‍വകുപ്പ് പറയുന്നത്.  ഇവരെ പ്രത്യേകം പാര്‍പ്പിച്ച് നിരീക്ഷിക്കാന്‍ തീരുമാനിച്ചതായും ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.

എറണാകുളം എന്‍ഐഎ കോടതിയില്‍ ഹാജരാക്കുന്നതിനായി വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ നിന്നും എറണാകുളം ജില്ലാ ജയിലിലേക്ക് താല്‍ക്കാലികമായി മാറ്റിയപ്പോഴായിരുന്നു സംഭവം. ജയിലില്‍ പ്രവേശിപ്പിക്കുന്ന സമയം മുതല്‍ നിയമാനുസൃതമായ ശരീരപരിശോധനയ്ക്ക് വഴങ്ങാതെ ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തുന്ന നിലപാടാണ് ഇരുവരും സ്വീകരിച്ചിരുന്നു. 

കൂടാതെ ജില്ലാ ജയിലില്‍ കഴിയുന്ന സമയമത്രയും ജീവനക്കാരെ അസഭ്യം പറയുകയും നിയമാനുസരണമായ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെയിരിക്കുകയും ചെയ്യുന്നു. ഇടപെടാനോ അനുനയിപ്പിക്കാനോ ശ്രമിക്കുന്ന ജീവനക്കാരെ ജയിലിനു  പുറത്തു വച്ച് കൈകാര്യം ചെയ്യുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായും പത്രക്കുറിപ്പില്‍ പറയുന്നു.

സംഭവത്തില്‍ എറണാകുളം ജില്ലാ ജയില്‍ സൂപ്രണ്ട് എന്‍ഐഎ കോടതിക്ക് പരാതി നല്‍കിയിരുന്നു. ജീവനക്കാരുടെ റിപ്പോര്‍ട്ടിന്മേല്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കാന്‍ സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോടതിയുടെ ഉത്തരവ് പ്രകാരം വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലേക്ക് തിരികെ മാറ്റിയ തടവുകാരെ പ്രത്യേകം പാര്‍പ്പിച്ച്‌നിരീക്ഷിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com