സംസ്ഥാനത്ത് ടിവി ഇല്ലാത്ത 4000 വീടുകളെന്ന് വിദ്യാഭ്യാസ വകുപ്പ്

ഓണ്‍ലൈന്‍ പഠനക്ലാസ്സ് കാണാന്‍ സംസ്ഥാനത്ത് ടിവിയോ അനുബന്ധ സൗകര്യങ്ങളോ ഇല്ലാത്ത 4000 വീടുകള്‍ ഉണ്ടെന്ന് കണ്ടെത്തിയത്
സംസ്ഥാനത്ത് ടിവി ഇല്ലാത്ത 4000 വീടുകളെന്ന് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ടിവി ഇല്ലാത്ത 4000 വീടുകള്‍ ഉണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്. ഓണ്‍ലൈന്‍ പഠനക്ലാസ്സുകള്‍ ആരംഭിച്ചപ്പോള്‍ നിരവധി കുട്ടികള്‍ക്ക് ക്ലാസ്സുകള്‍ കാണാന്‍ സൗകര്യമില്ലെന്ന വ്യാപക പരാതി  ഉയര്‍ന്നിരുന്നു. തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് നടത്തിയ പഠനത്തിലാണ്, ഓണ്‍ലൈന്‍ പഠനക്ലാസ്സ് കാണാന്‍ സംസ്ഥാനത്ത് ടിവിയോ അനുബന്ധ സൗകര്യങ്ങളോ ഇല്ലാത്ത 4000 വീടുകള്‍ ഉണ്ടെന്ന് കണ്ടെത്തിയത്.

നേരത്തെ സംസ്ഥാനത്ത് രണ്ടുലക്ഷത്തി 61,000 വീടുകളില്‍ ടിവിയോ അനുബന്ധ സൗകര്യങ്ങളോ ഇല്ലെന്നായിരുന്നു കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വിശദമായ പഠനത്തിന് ശേഷം ഇന്നലെ വൈകീട്ട് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് 4000 വീടുകളില്‍ ടിവിയോ മറ്റു സൗകര്യങ്ങളെ ഇല്ലെന്നാണ് വ്യക്തമാക്കുന്നത്.

അവര്‍ക്ക് രണ്ടു ദിവസത്തിനകം ടിവിയോ മറ്റു സൗകര്യങ്ങളോ ഒരുക്കാനാകുമെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ കണക്കുകൂട്ടല്‍. ഓണ്‍ലൈന്‍ ക്ലാസ് കേള്‍ക്കാന്‍ സൗകര്യമില്ലാത്തതില്‍ മനംനൊന്ത് മലപ്പുറത്ത് വിദ്യാര്‍ത്ഥിനി ദേവിക ആത്മഹത്യ ചെയ്തത് വിവാദമായിരുന്നു. ഇതേത്തുടര്‍ന്നാണ് സൗകര്യങ്ങളുടെ കാര്യത്തില്‍ വിശദമായ പഠനത്തിന് വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചത്.

അംഗന്‍വാടികള്‍, ലൈബ്രറികള്‍ തുടങ്ങി പൊതു ഇടങ്ങളില്‍ ഒണ്‍ലൈന്‍ ക്ലാസ്സ് സംവിധാനം ഒരുക്കാന്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളുമെല്ലാം ഓണ്‍ലൈന്‍ ക്ലാസ്സിനായി ടി വി സൗകര്യം ഒരുക്കുന്നതില്‍ സജീവമാണ്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com