ആഴ്ചകള്‍ക്കിടെ 207 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ, ഭയക്കണം  'സൂപ്പര്‍ സ്‌പ്രെഡ്' ; മുന്നറിയിപ്പ്

മേയ് എട്ടുമുതല്‍ ഇതുവരെ 1214 പേര്‍ക്ക് രോഗംപിടിപെട്ടു. ഇതില്‍ 634 പേര്‍ വിദേശത്തുനിന്നും 373 പേര്‍ മറ്റുസംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്
ആഴ്ചകള്‍ക്കിടെ 207 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ, ഭയക്കണം  'സൂപ്പര്‍ സ്‌പ്രെഡ്' ; മുന്നറിയിപ്പ്


തിരുവനന്തപുരം : സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കോവിഡ് പകരുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. മേയ് എട്ടിനുശേഷം ശനിയാഴ്ച വരെ 33 ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം 207 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടതായാണ് കണക്കുകള്‍.

മേയ് എട്ടുമുതല്‍ ഇതുവരെ 1214 പേര്‍ക്ക് രോഗംപിടിപെട്ടു. ഇതില്‍ 634 പേര്‍ വിദേശത്തുനിന്നും 373 പേര്‍ മറ്റുസംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. വിദേശത്തുനിന്നും സംസ്ഥാനത്തിന് പുറത്തുനിന്നും ആളുകള്‍ എത്തിത്തുടങ്ങിയതോടെയാണ് സമ്പര്‍ക്കത്തിലൂടെയുള്ള വ്യാപനം കൂടിയത്.  

ക്വാറന്റീന്‍ ശക്തമാക്കിയിട്ടും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം ഉയരുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ടെങ്കിലും രോഗികളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ തോത് അധികമല്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. എന്നാല്‍ ഇപ്പോഴത്തെ ഇളവുകളുടെ പശ്ചാത്തലത്തില്‍ ഒരാളില്‍നിന്ന് കൂടുതല്‍ പേരിലേക്ക് രോഗംപകരുന്ന സൂപ്പര്‍ സ്‌പ്രെഡിനെ ഭയക്കണമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

രോഗികളുമായി അടുത്തിടപെടുന്നതിലൂടെ മറ്റൊരാള്‍ക്ക് രോഗം പകരുന്നതാണ് സമ്പര്‍ക്കത്തിലൂടെയുള്ള രോഗപ്പകര്‍ച്ച. അഞ്ചുദിവസത്തിനിടെ ഒരു രോഗി മൂന്നുപേര്‍ക്ക് രോഗംപകര്‍ത്തും. അങ്ങനെ പിടിപെട്ട ഒരോരുത്തരും അടുത്ത മൂന്നുപേരിലേക്ക് രോഗം പകര്‍ത്തുമെന്നുമാണ് കണക്കുകൂട്ടല്‍. എന്നാല്‍ ഒരാളില്‍നിന്ന് എട്ടുപേരിലധികം പേര്‍ക്ക് രോഗം പകര്‍ത്തിനല്‍കിയാല്‍ അതിനെ സൂപ്പര്‍ സ്‌പ്രെഡ് ആയി കണക്കാക്കുന്നത്.

എല്ലാ പകര്‍ച്ചവ്യാധികള്‍ക്കും സൂപ്പര്‍ സ്‌പ്രെഡിന്റെ ഘട്ടങ്ങളുണ്ടാവാറുണ്ട്. കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ സാധ്യതയുള്ള രോഗികളാണ് സൂപ്പര്‍ സ്‌പ്രെഡേഴ്‌സ്. അവരില്‍ വൈറസിന്റെ വ്യാപനശേഷി കൂടുതലായിരിക്കുമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നു. ലോക്ഡൗണ്‍ ഇളവിനെയും ആരാധനാലയങ്ങള്‍ തുറക്കുന്നതിനെയും ആരോഗ്യപ്രവര്‍ത്തകര്‍ എതിര്‍ക്കുന്നതും ഇക്കാരണങ്ങള്‍ കൊണ്ടാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com