രോഗികള്‍ കൂടിയാല്‍ സമൂഹവ്യാപനത്തിന് സാധ്യത ; കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ അന്തിമതീരുമാനം പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം : മന്ത്രി ശൈലജ

കോവിഡ് ബാധിച്ചവര്‍ക്കൊപ്പം മറ്റുള്ളവരും വിമാനത്തിലെത്തുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു
രോഗികള്‍ കൂടിയാല്‍ സമൂഹവ്യാപനത്തിന് സാധ്യത ; കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ അന്തിമതീരുമാനം പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം : മന്ത്രി ശൈലജ

തിരുവനന്തപുരം : പ്രവാസികള്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന വിഷയത്തില്‍ കേന്ദ്രനിലപാട് അനുസരിച്ച് അന്തിമ തീരുമാനം എടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇക്കാര്യം പ്രധാനമന്ത്രിയുമായി സംസാരിക്കും. ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഇക്കാര്യം ഉന്നയിക്കുമെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചിട്ടുണ്ട്. അതിന് ശേഷം സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കും.

കോവിഡ് ബാധിച്ചവര്‍ക്കൊപ്പം മറ്റുള്ളവരും വിമാനത്തിലെത്തുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. കോവിഡ് രോഗബാധിതരും ഇല്ലാത്തവരും ഒറ്റ വിമാനത്തില്‍ എത്തുന്നതോടെ എല്ലാവര്‍ക്കും രോഗബാധയുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഇക്കാരണം കൊണ്ടാണ് വിദേശത്തുനിന്നും വരുന്നവര്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. പരിശോധന വേണമെന്നു തന്നെയാണ് നിലപാട്.

പ്രവാസികളുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്. വിദേശരാജ്യങ്ങള്‍ പരിസോധനയ്ക്ക് സൗകര്യം ഒരുക്കിയില്ലെങ്കില്‍ കേന്ദ്രം അതിനുള്ള സംവിധാനം ഒരുക്കണം. ആരും നാട്ടിലേക്ക് വരേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും മന്ത്രി ശൈലജ പറഞ്ഞു.

സംസ്ഥാനത്ത് സമൂഹവ്യാപനം ഇപ്പോള്‍ ഇല്ല. കൂടുതല്‍ ഇളവുകള്‍ ഉണ്ടാകുമ്പോള്‍, കൂടുതല്‍ ആളുകളെത്തുമ്പോള്‍ സമൂഹ വ്യാപനം ഉണ്ടാകില്ല എന്നു പറയാനാകില്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ ആളുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മുന്‍കരുതലും ജാഗ്രത വേണമെന്നുമാണ് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ മറ്റു സ്ഥലങ്ങളില്‍ നിന്നും ആളുകളോ, പച്ചക്കറികള്‍ അടക്കമുള്ള വാഹനങ്ങളോ വരേണ്ടെന്ന് പറയാനാവില്ല.

നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ സമ്പര്‍ക്കം മൂലമുള്ള രോഗവ്യാപനം ഇപ്പോള്‍ 10 ശതമാനത്തിലാണ്. ഇങ്ങനെ തുടര്‍ന്നാല്‍ ഭയക്കേണ്ട സാഹചര്യമില്ല. അതേസമയം 30 ശതമാനത്തിലേറെ ആയാല്‍ ഏറെ ആശങ്കപ്പെടുത്തുന്നതാകുമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. പിപിഇ കിറ്റുകള്‍ വഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com