തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി സഹകരണത്തിന് ലീ​ഗ് ; ജനകീയ മുന്നണി രൂപീകരിക്കാൻ നിര്‍ദേശം

യുഡിഎഫിന് വിജയ സാധ്യതയില്ലാത്ത സ്ഥലങ്ങളിൽ ജനകീയ മുന്നണി രൂപീകരിക്കണമെന്നാണ് സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നത്
തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി സഹകരണത്തിന് ലീ​ഗ് ; ജനകീയ മുന്നണി രൂപീകരിക്കാൻ നിര്‍ദേശം

കോഴിക്കോട് : തദ്ദേശ സ്വയംഭരണ  തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പുറത്തുള്ള സംഘടനകളുമായി സഹകരിക്കാന്‍ മുസ്ലിം ലീഗ് തീരുമാനം. കീഴ്ഘടകങ്ങള്‍ക്ക് ഇത് സംബന്ധിച്ച് സംസ്ഥാന കമ്മിറ്റി നിര്‍ദേശം നല്‍കി. വെൽഫെയർ പാർട്ടിയുമായി സഹകരണത്തിനുള്ള ചർച്ചകൾ നടക്കുന്നതായി പാർട്ടി നേതാവ് പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. എന്നാൽ അന്തിമ തീരുമാനം ആയിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

യുഡിഎഫിന് വിജയ സാധ്യതയില്ലാത്ത സ്ഥലങ്ങളിൽ ജനകീയ മുന്നണി രൂപീകരിക്കണമെന്നാണ് മുസ്‍ലിം ലീഗ് ഇറക്കിയ സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നത്. "യുഡിഎഫുമായി സഹകരിക്കാന്‍ തയ്യാറുള്ളതും നമുക്ക് സഹകരിക്കാന്‍ പറ്റുന്നതുമായ പ്രത്യേക വിഭാഗങ്ങളുമായോ സംഘടനകളുമായോ തെരഞ്ഞെടുപ്പില്‍ വിജയിക്കാനാവശ്യമായ നീക്കുപോക്കുകള്‍ നടത്താവുന്നതാണ്. ആവശ്യമുള്ളിടത്ത് പൊതുസമ്മതിയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥികളെ പരിഗണിച്ചും തെരഞ്ഞെടുപ്പ് വിജയം ഉറപ്പ് വരുത്തേണ്ടതാണ്" എന്നാണ് സര്‍ക്കുലറിലെ വാചകം.

യുഡിഎഫിലെ ഘടകക്ഷികള്‍ തമ്മില്‍ പരസ്പരം മത്സരം പാടില്ല. യുവാക്കള്‍ക്ക് പ്രഥമ പരിഗണന നല്‍കണം. ഒരു വീട്ടിൽ നിന്നും ഒരു സ്ഥാനാർത്ഥി മതി. മൂന്ന് തവണ തദ്ദേശ സ്ഥാപനങ്ങളില്‍ അംഗങ്ങളായവര്‍ക്ക് വീണ്ടും സീറ്റ് നല്‍കേണ്ടെന്നും സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com