ഡ്രൈവർക്ക് കോവിഡ്; പാപ്പനംകോട് കെഎസ്ആർടിസിയിലെ 15 ജീവനക്കാർ നിരീക്ഷണത്തിൽ

ഡ്രൈവർക്ക് കോവിഡ്; പാപ്പനംകോട് കെഎസ്ആർടിസിയിലെ 15 ജീവനക്കാർ നിരീക്ഷണത്തിൽ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കെഎസ്ആർടിസി ഡ്രൈവർക്കും ഒരു ആശാ വർക്കർക്കും എക്സൈസ് വകുപ്പിൽ ജോലി ചെയ്യുന്ന ഡ്രൈവർക്കും കോവിഡ് രോഗം സ്ഥിരീകരിച്ചു. പാപ്പനംകോടാണ് കെഎസ്ആർടിസി ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ പാപ്പനംകോട് കെഎസ്ആർടിസി ഡിപ്പോയിലെ 15 ജീവനക്കാരോട് നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഡ്രൈവറുമായി സമ്പർക്കത്തിലേർപ്പെട്ടവരാണ് ഇവർ.

പാപ്പനംകോട് കോവിഡ് സ്ഥിരീകരിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് 40 വയസാണ് പ്രായം. ജൂൺ രണ്ടിന് തൃശൂരിൽ നിന്ന് ബൈക്കിൽ തിരുവനന്തപുരത്ത് എത്തിയതാണ്. റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്രക്കാരെ നിരീക്ഷണ കേന്ദ്രത്തിലും തമിഴ്നാട് അതിർത്തിയിലും എത്തിച്ച ബസിലെ ഡ്രൈവറായിരുന്നു. ഞായറാഴ്ച രോഗ ലക്ഷണം പ്രകടിപ്പിച്ചതോടെ ആശുപത്രിയിലേക്ക് മാറ്റി.

കണ്ണൂരിലുള്ള എക്സൈസ് ഡ്രൈവറാണ് ഇന്ന് രോ​ഗം സ്ഥിരീകരിച്ച മറ്റൊരാൾ. സമ്പർക്കത്തിലൂടെയാണ് മട്ടന്നൂർ എക്സൈസ് വകുപ്പ് ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാൾ പടിയൂർ സ്വദേശിയാണ്. റിമാൻഡ് പ്രതിയുമായി ജില്ലാ ആശുപത്രിയിലും തോട്ടട ക്വാറന്റൈൻ കേന്ദ്രത്തിലും പോയിരുന്നു. മറ്റ് സമ്പർക്കങ്ങൾ ഉണ്ടായിട്ടില്ല. ഇതോടെ മട്ടന്നൂർ എക്സൈസ് ഓഫീസ് അടച്ചു. ഇവിടുത്തെ 18 ജീവനക്കാരെയും നിരീക്ഷണത്തിലേക്ക് മാറ്റി.

പത്തനംതിട്ടയിലാണ് ആശാ വർക്കർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതും സമ്പർക്കത്തിലൂടെയാണ്. മാർച്ച് എട്ടിന് ഇറ്റലിയിൽ നിന്നെത്തിയവരുടെ കുടുംബത്തിന് ശേഷം ആദ്യമായാണ് പത്തനംതിട്ട ജില്ലയിൽ സമ്പർക്കത്തിലൂടെ ഒരാൾക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചത്. അതും ആശാ വർക്കർക്ക്. എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. അതേസമയം ഇവരുമായി അടുത്ത് ഇടപഴകിയ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും അടക്കമുള്ള 30 പേരെ നിരീക്ഷണത്തിലേക്ക് മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com