'എന്ത് അത്ഭുതമാണ് സംഭവിച്ചിട്ടുള്ളത് ഇങ്ങനെ നിലപാട് മാറ്റാന്‍?;  വി മുരളീധരന്‍ സ്വന്തം വാക്ക് വിഴുങ്ങുന്നു'

ഇതു പറഞ്ഞ ആള്‍ തന്നെയാണ് ഇന്ന് കേരളം ടെസ്റ്റിനുവേണ്ടി പറയുന്നത് മഹാപാതകം എന്ന് പറഞ്ഞുനടക്കുന്നത്
'എന്ത് അത്ഭുതമാണ് സംഭവിച്ചിട്ടുള്ളത് ഇങ്ങനെ നിലപാട് മാറ്റാന്‍?;  വി മുരളീധരന്‍ സ്വന്തം വാക്ക് വിഴുങ്ങുന്നു'


തിരുവനന്തപുരം: കോവിഡ് ടെസ്റ്റിന്റെ കാര്യത്തില്‍ വി.മുരളീധരന്‍ സ്വന്തം വാക്കുകള്‍ വിഴുങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് പരിശോധന നടത്തണമെന്ന ആവശ്യത്തെ മറ്റു തരത്തില്‍ വ്യാഖ്യാനിച്ച് സര്‍ക്കാര്‍ പ്രവാസികള്‍ക്കെതിരാണ് എന്ന് പ്രചരിപ്പിക്കാനുള്ള ദുരുപദിഷ്ടമായ നീക്കമാണ് നടക്കുന്നത്. ദൗര്‍ഭാഗ്യവശാല്‍ അതില്‍ ഒരു കേന്ദ്ര സഹമന്ത്രി കൂടെ ഭാഗഭാക്കായിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മാര്‍ച്ച് 11ന് കേന്ദ്ര സഹമന്ത്രി പറഞ്ഞ ഒരു കാര്യമുണ്ട്. 'രോഗമുള്ളവരും ഇല്ലാത്തവരും ഒരേ വിമാനത്തില്‍ യാത്ര ചെയ്താല്‍ രോഗം പകരാം. അതത് രാജ്യങ്ങളില്‍ തന്നെ പരിശോധന നടത്തി രോഗമില്ലാത്തവരെ കൊണ്ടുവരികയും രോഗമുള്ളവരെ അവിടെത്തന്നെ ചികിത്സിക്കുകയുമാണ് പ്രായോഗികം'.ഇതായിരുന്നു അന്നത്തെ നിലപാട്. ഇപ്പോള്‍ അതില്‍ നിന്നും മാറുന്നു.

കേരളം അത്തരമൊരു നിലപാട് എടുത്തിട്ടില്ല. രോഗമുള്ളവരെയും ഇല്ലാത്തവരെയും വേറെ വേറെ നാട്ടിലെത്തിക്കണം എന്നതാണ് അന്നും ഇന്നും നാം പറയുന്നത്. അല്ലാതെ രോഗമുള്ളവര്‍ അവിടെത്തന്നെ കഴിയട്ടെ എന്നല്ല.

പരിശോധനയില്ലാതെ വരുന്നത് രോഗവ്യാപനം വര്‍ധിപ്പിക്കുമെന്ന് സംസ്ഥാനം ആശങ്കപ്പെട്ടപ്പോള്‍ കേന്ദ്ര സഹമന്ത്രി പ്രതികരിച്ചത് (മെയ് 5) എല്ലാവരും കേട്ടതാണ്. 'ഇദ്ദേഹത്തിനോട് ആരാണ് പറഞ്ഞത്, കൊറോണയുടെ ടെസ്റ്റില്ലാതെയാണ് കൊണ്ടുവരുന്നത് എന്ന്? ഞങ്ങള്‍ അവിടെനിന്നുള്ള ടെസ്റ്റ് നടത്തിയതിനു ശേഷമാണ് ആളുകളെ ഇങ്ങോട്ടു കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. എല്ലാ ആളുകളെയും അവര്‍ വിമാനത്തില്‍ കയറുന്നതിനു മുമ്പ് ടെസ്റ്റിനു വിധേയരാക്കും. വിധേയരാക്കിയതിനു ശേഷം മാത്രമേ അവരെ കയറ്റൂ'. ഇതു പറഞ്ഞ ആള്‍ തന്നെയാണ് ഇന്ന് കേരളം ടെസ്റ്റിനുവേണ്ടി പറയുന്നത് മഹാപാതകം എന്ന് പറഞ്ഞുനടക്കുന്നത്.

മെയ് അഞ്ചിന് ഇങ്ങനെ പറഞ്ഞതിനുശേഷം എന്ത് അല്‍ഭുതമാണ് സംഭവിച്ചിട്ടുള്ളത് ഇങ്ങനെ നിലപാട് മാറ്റാന്‍? അത് അദ്ദേഹം തന്നെ വ്യക്തമാക്കട്ടെ.

കോവിഡ് ബാധിച്ചവര്‍ മറ്റുള്ളവരോടൊപ്പം വിമാനത്തില്‍ യാത്ര ചെയ്യുന്നത് എന്തുതന്നെയായാലും ഒഴിവാക്കണം. രോഗം പടരുന്നത് തടയാന്‍ ഈ നിയന്ത്രണം അനിവാര്യമാണ്. രോഗബാധയുള്ളവരെ, അവര്‍ക്കു യാത്ര ചെയ്യാന്‍ ആരോഗ്യമുണ്ടെങ്കില്‍ പ്രത്യേക വിമാനത്തില്‍ കൊണ്ടുവരുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കേണ്ടതാണ്. അങ്ങനെ എത്തുന്നവര്‍ക്ക് ഇവിടെ ചികിത്സ നല്‍കും.

വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള ഫ്‌ളൈറ്റുകളില്‍ ഇന്ത്യന്‍ എംബസി വഴിയാണ് യാത്രക്കാരെ തെരഞ്ഞെടുക്കുന്നത്. അര്‍ഹരായവര്‍ക്ക് മുന്‍ഗണന കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എംബസികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഈ അഭ്യര്‍ത്ഥന പലവട്ടം നടത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് സുതാര്യമായിരിക്കണം. തെരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് അവരുടെ മുന്‍ഗണന സൂചിപ്പിച്ചുകൊണ്ട് എംബസി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും വേണം.

യാത്രക്കാരുടെ ലിസ്റ്റിന് അവസാന രൂപമായാല്‍ വിമാനം പുറപ്പെടുന്നതിന് മൂന്നു ദിവസത്തെ ഇടവേളയെങ്കിലുമുണ്ടാകണം. പത്തുമണിക്കൂറിലേറെ യാത്ര വേണ്ടിവരുന്ന രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ പലപ്പോഴും ഡല്‍ഹിയിലോ മുംബെയിലോ ബംഗളൂരുവിലോ ഇറങ്ങേണ്ടി വരുന്നുണ്ട്. ഇത്തരം ഫ്‌ളൈറ്റുകളില്‍ കേരളത്തിലേക്കുള്ള യാത്രക്കാര്‍ ധാരാളമാണ്. ഇതു കണക്കിലെടുത്ത് ഈ ഫ്‌ളൈറ്റുകള്‍ കേരളത്തിലെ ഏതെങ്കിലും വിമാനത്താവളത്തിലേക്ക് നീട്ടാന്‍ എയര്‍ലൈന്‍ കമ്പനികള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് നിര്‍ദേശം നല്‍കണം.

വിദേശത്തുനിന്ന് പുറപ്പെട്ട് ഡല്‍ഹിയിലോ മുംബെയിലോ ബംഗളൂരുവിലോ ഇറങ്ങേണ്ടിവരുന്ന യാത്രക്കാര്‍ അവിടെ തന്നെ ക്വാറന്റൈന്‍ ചെയ്യപ്പെടുകയാണ്. കേരളത്തിലെത്തുമ്പോള്‍ അവര്‍ വീണ്ടും ക്വാറന്റൈനില്‍ പോകണം. ഇത്തരമാളുകളുടെ ക്വാറന്റൈന്‍ കാര്യത്തില്‍ പ്രത്യേക മാനദണ്ഡം രൂപീകരിക്കേണ്ടതാണ്. ഫ്‌ളൈറ്റുകള്‍ കേരളത്തിലേക്ക് നീട്ടുന്നില്ലെങ്കില്‍, ആദ്യം എത്തിച്ചേരുന്ന സ്ഥലത്തുനിന്ന് അഞ്ചുദിവസത്തിനകം കേരളത്തിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് സ്വന്തം നാട്ടിലേക്ക് വരാനും ഇവിടെ ക്വാറന്റൈനില്‍ പോകാനും അനുമതി നല്‍കണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com