കൂട്ടുകാരോടു വഴക്കിട്ടു റോഡിലിറങ്ങിയ മുന്ന് വയസ്സുകാരി ന‌‌ടന്നത് ഒന്നര കിലോമീറ്ററോളം, ഒടുവിൽ പൊലീസ് സുരക്ഷയിൽ അമ്മയുടെ കരങ്ങളിലേക്ക്

കുട്ടി കോവിഡ് ക്വാറന്റീൻ നിരീക്ഷണ ഡ്യൂട്ടിയിലായിരുന്ന തൃക്കാക്കര പൊലീസ് ഉദ്യോ​ഗസ്ഥന്റെ ശ്രദ്ധയിൽപ്പെട്ടതാണ് രക്ഷയായത്
കൂട്ടുകാരോടു വഴക്കിട്ടു റോഡിലിറങ്ങിയ മുന്ന് വയസ്സുകാരി ന‌‌ടന്നത് ഒന്നര കിലോമീറ്ററോളം, ഒടുവിൽ പൊലീസ് സുരക്ഷയിൽ അമ്മയുടെ കരങ്ങളിലേക്ക്

കൊച്ചി: കളിക്കുന്നതിനിടെ കൂട്ടുകാരോടു വഴക്കിട്ടു റോഡിലേക്കിറങ്ങിയ മുന്ന് വയസ്സുകാരിയെ പൊലീസും നാട്ടുകാരും ചേർന്ന് അമ്മയ്ക്കരികിലെത്തിച്ചു. റോഡിലൂടെ ഒന്നരക്കിലോമീറ്ററോളം നടന്ന കുട്ടി കോവിഡ് ക്വാറന്റീൻ നിരീക്ഷണ ഡ്യൂട്ടിയിലായിരുന്ന തൃക്കാക്കര പൊലീസ് ഉദ്യോ​ഗസ്ഥന്റെ ശ്രദ്ധയിൽപ്പെട്ടതാണ് രക്ഷയായത്. ഒഡീഷ സ്വദേശിനിയാണു കുഞ്ഞിന്റെ അമ്മയെന്നു കണ്ടെത്തിയതിനെത്തുടർന്ന് ഇവരെ വിവരമറിയിച്ച് കുഞ്ഞിനെ ഏൽപ്പിക്കുകയായിരുന്നു.

റോഡിലേക്കിറങ്ങിയ കുഞ്ഞിനെ കണ്ട നാട്ടുകാരിൽ ചിലർ കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ സമയത്താണ് എഎസ്ഐ കെ ശിവകുമാർ ബൈക്കിൽ ആ വഴി വന്നത്. കുഞ്ഞ് ഏതാനും വാക്കുകൾ പറഞ്ഞപ്പോൾ മലയാളിയല്ലെന്നു ബോധ്യമായി. ശിവകുമാർ വിവരമറിയിച്ചതനുസരിച്ചു തൃക്കാക്കര പൊലീസെത്തി കുഞ്ഞിനെ സ്റ്റേഷനിലേക്കു കൊണ്ടുപോയി. കളിപ്പാട്ടങ്ങളും പലഹാരങ്ങളും നൽകി കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കിയ പൊലീസ് ഉദ്യോ​ഗസ്ഥർ രക്ഷിതാക്കളെ കണ്ടെത്താൻ ശ്രമം തുടർന്നു.

ഒടുവിൽ തുതിയൂർ ആദർശ റോഡിൽ വീടു നിർമാണത്തിനെത്തിയ ഒഡീഷ സ്വദേശിനിയാണു കുഞ്ഞിന്റെ അമ്മയെന്നു കണ്ടെത്തി. കുഞ്ഞിനെ കാണാതായ വിവരം ഇവർ അറിഞ്ഞിരുന്നില്ല.  സ്റ്റേഷനിലെത്തിയ അമ്മ കുഞ്ഞിനെ ഏറ്റുവാങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com