ഖത്തറില്‍ നിന്ന് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട; പകരം എഹ്‌തെരാസില്‍ പച്ച കത്തണം

എഹ്‌തെരാസില്‍ പച്ചനിറം ആരോഗ്യവാനായ വ്യക്തിയെയാണ് സൂചിപ്പിക്കുന്നത്
ഖത്തറില്‍ നിന്ന് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട; പകരം എഹ്‌തെരാസില്‍ പച്ച കത്തണം

ത്തറില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട. പകരം, ഖത്തര്‍ സര്‍ക്കാരിന്റെ കോവിഡ് നിര്‍ണയ ആപ്ലിക്കേഷനായ എഹ്‌തെരാസില്‍ ആരോഗ്യനില സൂചിപ്പിക്കുന്ന നിറം പച്ച ആയിരിക്കണമെന്ന് അബാസിഡര്‍ അറിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

'ഖത്തറില്‍ പുറത്തിറങ്ങുന്ന എല്ലാവര്‍ക്കും  എഹ്‌തെരാസ് എന്ന മൊബൈല്‍ ആപ്പ് നിര്‍ബന്ധമാണ്. അതില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉള്ള ആളുകള്‍ കോവിഡ് നെഗറ്റീവ് ആയിരിക്കും. ഈ ഗ്രീന്‍ സ്റ്റാറ്റസ് ഉള്ളവര്‍ക്കു മാത്രമേ എയര്‍പോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളില്‍ പ്രവേശനമുള്ളു'. നിലവില്‍ ഖത്തറില്‍ നിന്നും വരുന്നവര്‍ക്ക് ഈ നിബന്ധന തന്നെ മതിയാകും.'- അദ്ദേഹം പറഞ്ഞു.

കേരളത്തിലേക്ക് എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഖത്തറില്‍ പ്രതിഷേധം ശക്തമായിരുന്നു. കോവിഡ് പരിശോധന നടത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് വിശദമായ കത്തും നല്‍കിയിരുന്നു.

നിലവില്‍ ഖത്തറില്‍ എല്ലാ സ്വദേശിപ്രവാസികള്‍ക്കും പരിശോധനയും ചികിത്സയും ക്വാറന്റീന്‍ സൗകര്യവുമെല്ലാം സൗജന്യമാണ്. സര്‍ക്കാര്‍ മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് മാത്രമാണ് കോവിഡ് പരിശോധനക്ക് അനുമതിയുള്ളത്.

എഹ്‌തെരാസില്‍ പച്ചനിറം ആരോഗ്യവാനായ വ്യക്തിയെയാണ് സൂചിപ്പിക്കുന്നത്. ചാര നിറം സംശയാസ്പദമായവരേയും മഞ്ഞനിറം ക്വാറന്റീനില്‍ കഴിയുന്നവരേയും ചുമപ്പ് രോഗം സ്ഥിരീകരിച്ചവരേയുമാണ് സൂചിപ്പിക്കുന്നത്. നിലവില്‍ ഖത്തറില്‍ കോവിഡ് 19 നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു തുടങ്ങുകയാണെങ്കിലും വീട്ടില്‍ നിന്ന് പുറത്തിറങ്ങണമെങ്കിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഷോപ്പിങ് മാളുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലുമെല്ലാം പ്രവേശിക്കണമെങ്കിലും എഹ്‌തെരാസില്‍ ആരോഗ്യനില പച്ചയായിരിക്കണമെന്നാണ് വ്യവസ്ഥ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com