ജനങ്ങളുടെ ആരോഗ്യംവച്ച് രാഷ്ട്രീയം കളിക്കരുത്; ഏറ്റവും സുരക്ഷിതം കേരളമെന്ന് മുഖ്യമന്ത്രി

കോവിഡ് വ്യാപനത്തിനിടെ ജനങ്ങളുടെ ആരോഗ്യം വച്ച് രാഷ്ട്രീയം കളിക്കരുതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍
ജനങ്ങളുടെ ആരോഗ്യംവച്ച് രാഷ്ട്രീയം കളിക്കരുത്; ഏറ്റവും സുരക്ഷിതം കേരളമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിനിടെ ജനങ്ങളുടെ ആരോഗ്യം വച്ച് രാഷ്ട്രീയം കളിക്കരുതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം ഏറ്റവും സുരക്ഷിതമായ സ്ഥലമായാണ് ആളുകള്‍ വിലയിരുത്തുന്നത്. അത് തുടര്‍ന്ന് കൊണ്ടുപോകേണ്ടത് ആവശ്യമാണ്. ലോകത്തിന്റെ നാനാഭാഗത്തുള്ള മലയാളികളുടെ സുരക്ഷയും നമ്മുടെ ഉത്തരവാദിത്തമാണ്. ഇതു മഹാദുരന്തത്തിന്റെ ഘട്ടമാണ്. അതിനിടയില്‍ ജനങ്ങളുടെ ആരോഗ്യം വച്ച് രാഷ്ട്രീയം കളിക്കാന്‍ മുതിരരുത്.

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ആളുകളെത്തുമ്പോള്‍ നമ്മുടെ സുരക്ഷയെ തകര്‍ക്കാന്‍ നീക്കം നടത്തി. ജനങ്ങള്‍ക്കിടയില്‍ ഭയവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കാന്‍ ശ്രമം നടന്നു. പുറത്തു നിന്നു വരുന്നവരടക്കം ഇവിടെ ജീവിക്കുന്നവര്‍ക്കെല്ലാം സുരക്ഷിതമായ ഒരിടം എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കഴിയുന്നതും വേഗത്തില്‍ സാധാരണ ജീവിതത്തിലേക്ക് തിരികെ വരണം. കോവിഡ് ബാധിച്ചവരെ പ്രവേശിപ്പിക്കില്ല എന്ന് സംസ്ഥാനം ഒരിക്കലും പറഞ്ഞിട്ടില്ല. പരിശോധന നടത്തണം എന്നതാണ് ആവശ്യം. ഇത് പ്രവാസികള്‍ക്ക് എതിരാണ് എന്ന് പ്രചാരണം നടത്തുന്നു.

ആ പ്രചാരണത്തില്‍ കേന്ദ്ര സഹമന്ത്രി കൂടി പങ്കാളിയായി. മാര്‍ച്ച് 11ന് ഇതേ സഹമന്ത്രി പറഞ്ഞത് രോഗമുള്ളവരും ഇല്ലാത്തവരും ഒരേ വിമാനത്തില്‍ സഞ്ചരിച്ചാല്‍ രോഗം പകരാം എന്നാണ്. അതാത് രാജ്യങ്ങളില്‍ പരിശോധന നടത്തി രോഗമുള്ളവരെ അവിടെത്തന്നെ ചികിത്സിക്കുകയും അല്ലാത്തവരെ കൊണ്ടുവരുകയും ചെയ്യാം എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കേരളം അങ്ങനെ പറഞ്ഞിട്ടില്ല. രോഗമുള്ളവരേയും ഇല്ലാത്തവരേയും ഒരുമിച്ചു കൊണ്ടുവരാന്‍ സാധിക്കില്ല എന്നതാണു സംസ്ഥാനത്തിന്റെ നിലപാട്. രോഗമുള്ളവര്‍ അവിടെത്തന്നെ കഴിയട്ടെ എന്നത് സംസ്ഥാന നിലപാടല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com