പൊട്ടിക്കാൻ നോക്കിയത് കരാട്ടെക്കാരിയുടെ മാല; ബൈക്ക് മോഷ്ടാക്കളായ മൂവർ സംഘത്തിലെ ഒരാളെ ഓടിച്ചിട്ടു പിടിച്ച് ഡെൽസി

പൊട്ടിക്കാൻ നോക്കിയത് കരാട്ടെക്കാരിയുടെ മാല; ബൈക്ക് മോഷ്ടാക്കളായ മൂവർ സംഘത്തിലെ ഒരാളെ ഓടിച്ചിട്ടു പിടിച്ച് ഡെൽസി

ബൈക്ക് മോഷ്ടാക്കളായ മൂവർ സംഘത്തിലെ ഒരാളെ ഓടിച്ചിട്ടുപിടിച്ച് യുവതി

കൊച്ചി: ബൈക്ക് മോഷ്ടാക്കളായ മൂവർ സംഘത്തിലെ ഒരാളെ ഓടിച്ചിട്ടുപിടിച്ച് യുവതി. മുളന്തുരുത്തി സ്വദേശിയായ ഡെൽസി എന്ന യുവതിയാണ് മൂന്ന് പതിനേഴുകാരൻമാരെ പിന്തുടർന്ന് ഒരാളെ പിടിച്ചുനിർത്തിയത്. പ്രതിയെ പൊലീസിനെ ഏൽപ്പിച്ചു. മൂന്നു പേർക്കെതിരേയും കേസ് എടുത്തുവെന്നും മറ്റ് രണ്ടുപേർക്കായി തിരച്ചിൽ നടത്തുന്നതായും പൊലീസ് പറഞ്ഞു.

തിരുവാങ്കുളത്ത് ഹോട്ടൽ നടത്തുന്ന ഡെൽസി തിങ്കളാഴ്ചയാണ് മൂന്ന് പേരെയും ആദ്യം കണ്ടത്. രാത്രി 9 മണിക്ക് ഹോട്ടലിൽ എത്തിയ ഇവർ പണം കൊടുക്കാതെ പാഴ്സൽ വാങ്ങി പോകാൻ ശ്രമിച്ചിരുന്നു. ബൈക്കിൽ കയറി പാഞ്ഞ ഇവരെ ഹോട്ടൽ പാർട്ണർ ജോയി പിന്തുടർന്നു. കാർ അടുത്ത് നിർത്തിയതോടെ ബൈക്ക് കാറിലേക്ക് മറിച്ചിട്ട് മൂവരും ഓടി രക്ഷപെടുകയായിരുന്നു. താക്കോലില്ലാതെ കേബിൾ വയർ കൂട്ടിമുട്ടിച്ചാണ് ബൈക്ക് സ്റ്റാർട്ട് ചെയ്തിരുന്നതെന്ന് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല.  

ചൊവ്വാഴ്ച രാവിലെ ഹോട്ടലിലേക്കുള്ള വഴിയിലാണ് ഡെൽസി മൂവരെയും വീണ്ടും കണ്ടത്. സംശയം തോന്നി അടുത്തെത്തി ചോദ്യം ചെയ്തതോടെ തലേ ദിവസം ഉണ്ടായ സംഭവം ഇവർ സമ്മതിച്ചു. പൊലീസിൽ ഏൽപ്പിക്കരുതെന്ന് ഒരാൾ അഭ്യർഥിച്ചെങ്കിലും മറ്റൊരാൾ തന്റെ മാലയിൽ ലക്ഷ്യം വെക്കുന്നത് ഡൽസി ശ്രദ്ധിച്ചു. കൈയിൽ പിടിച്ച് വലിക്കാനും കൂട്ടത്തിലുള്ള ഒരാൾ ശ്രമിച്ചു. ഉടനെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ മൂവരും ഓടി രക്ഷപെടാൻ നോക്കി.

ഒരു കിലോമീറ്ററോളം പിന്നാലെ ഓടിയ ഡെൽസി ഒരാളെ പിടിച്ചുനിർത്തി പൊലീസിന് കൈമാറുകയായിരുന്നു. പതിനേഴുകാരനു പിന്നാലെ ഓടുന്നത് കണ്ടിട്ടും കവലയിലുണ്ടായിരുന്ന ആരും സഹായിക്കാനെത്തിയില്ലെന്ന് യുവതി പറഞ്ഞു. കരാട്ടെ ചാമ്പ്യൻ കൂടിയായ ഡെൽസിയുടെ അവസരോചിത ഇടപെടൽ കൊണ്ടാണ് ഒരു കുറ്റവാളിയെയെങ്കിലും പിടിക്കാനായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com