ആരോ​ഗ്യ സേവനത്തിന് പ്രത്യേക സംഘം; സർക്കാർ ജീവനക്കാരും വിദ്യാർത്ഥികളും

ആരോ​ഗ്യ സേവനത്തിന് പ്രത്യേക സംഘം; സർക്കാർ ജീവനക്കാരും വിദ്യാർത്ഥികളും
ആരോ​ഗ്യ സേവനത്തിന് പ്രത്യേക സംഘം; സർക്കാർ ജീവനക്കാരും വിദ്യാർത്ഥികളും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗ വ്യാപനം ഉയർന്നാൽ കൂടുതൽ ആരോഗ്യ പ്രവർത്തകരുടെ സേവനം ലഭ്യമാക്കാൻ വിപുലമായ പദ്ധതി തയ്യാറാക്കും. സേവനത്തിന് പ്രത്യേക ടീമിനെ സജ്ജമാക്കാൻ സംസ്ഥാന സർവീസിലുള്ള 45 വയസിൽ താഴെയുള്ള ജീവനക്കാരിൽ നിന്ന് ആളുകളെ റിക്രൂട്ട്‌ ചെയ്ത് ആവശ്യമായ പരിശീലനം നൽകും. കോവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.  

ആരോഗ്യ രംഗത്തെ വിവിധ കോഴ്‌സുകൾ പഠിക്കുന്ന അവസാന വർഷ വിദ്യാർത്ഥികളിൽ താത്പര്യമുള്ളവർ, തൊഴിൽരഹിതരായ ആരോഗ്യ പ്രവർത്തകർ, വിരമിച്ച ആരോഗ്യ രംഗത്തെ പ്രൊഫഷണലുകൾ ഇവരെയെല്ലാം സേവനത്തിനായി സംസ്ഥാന അടിസ്ഥാനത്തിൽ ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗ വ്യാപനമുണ്ടായാൽ ആവശ്യമുള്ള ജില്ലകളിലും പ്രദേശങ്ങളിലും കൂടുതൽ ആരോ​ഗ്യ പ്രവർത്തകരെ നിയോഗിക്കാനാണ് ഇത്തരമൊരു ടീമിനെ മിഷൻ അടിസ്ഥാനത്തിൽ ഒരുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഇവർക്ക് പരിശീലനം നൽകും. എൻസിസി, എസ്പിസി, എൻഎസ്എസ് വളണ്ടിയർമാരേയും ഇതിൽ ഉൾപ്പെടുത്തും. അതോടൊപ്പം താത്പര്യമുള്ള യുവാക്കൾക്കും സന്നദ്ധ സേനയിലെ വളണ്ടിയർമാർക്കും ഇതിനോടൊപ്പം ചേർന്ന് പരിശീലനം ലഭിക്കുന്നതിനുള്ള സൗകര്യമുണ്ടാകും.

രോഗത്തിനെതിരായ ചെറുത്തുനിൽപ്പിൽ പങ്കാളികളാകുന്ന എല്ലാവരും അനുമോദനം അർഹിക്കുന്നു. താത്കാലികമായി ചുമതല ഏറ്റെടുത്ത സന്നദ്ധ സേവകർ, ആരോഗ്യപ്രവർത്തകർ, പോലീസ്, ഫയർഫോഴ്‌സ് സേനാ അംഗങ്ങൾ എന്നിങ്ങനെ ഈ രംഗത്ത് ത്യാഗ നിർഭരമായി പ്രവർത്തിച്ച എല്ലാവരെയും സമൂഹം ഒന്നാകെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com