കോവിഡ് കാലത്ത് ഈ ഭക്ഷണ രീതി പിന്തുടരണം; മുഖ്യമന്ത്രി

കോവിഡ് കാലത്ത് ഈ ഭക്ഷണ രീതി പിന്തുടരണം; മുഖ്യമന്ത്രി
കോവിഡ് കാലത്ത് ഈ ഭക്ഷണ രീതി പിന്തുടരണം; മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് നേരിടുന്നതിന് കൃത്യമായ ആഹാരം പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് ആ​ഹാര രീതിയെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത്.

പകർച്ച വ്യാധികൾ പടർന്നുപിടിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് സമീകൃത ആഹാരത്തിന്റെ കുറവാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ശരീരത്തിന്റെ പ്രതിരോധ ശക്തി നിയന്ത്രിക്കുന്നതിൽ ഏറ്റവും പ്രധാന ഘടകവും സമീകൃതാഹാരം തന്നെയാണ്.

സമീകൃതാഹാരം എന്നാൽ ആരോഗ്യ സംരക്ഷണത്തിനുവേണ്ട ഘടകങ്ങൾ കൃത്യമായ അളവിൽ ലഭിക്കുക എന്നതാണ്. ഊർജത്തിനുവേണ്ടി അരി, ഗോതമ്പ്, ചോളം, കപ്പ, കാച്ചിൽ, ചേന, ചേമ്പ്, ചക്കപ്പുഴുക്ക് തുടങ്ങിയവ ഏതും കഴിക്കാം. ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട രണ്ടാമത്തെ ഘടകം മാംസ്യമാണ്. പയർ, കടല, പരിപ്പ്, മുതിര, മരച്ചീനി, മുട്ട, തൈര് എന്നിവയിൽ ഏതെങ്കിലുമൊക്കെ നിർബന്ധമായും ഭക്ഷണത്തോടൊപ്പം കഴിക്കണം. ഭക്ഷണത്തിൽ 20 -25 ശതമാനം മാംസ്യ വിഭവമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

വേണ്ടത്ര പച്ചക്കറി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. നാരുള്ള ഭക്ഷണമാണ് പച്ചക്കറികൾ. ചീര, വെണ്ടയ്ക്ക, പവയ്ക്ക, കോവയ്ക്ക, കക്കിരി, തക്കാളി, ഉള്ളി തുടങ്ങിയവയെല്ലാം ധാരാളം കഴിക്കണം. പഴങ്ങൾ എല്ലാ നേരത്തെയും ഭക്ഷണത്തോടൊപ്പം കഴിക്കണം. പ്രാദേശികമായി ലഭിക്കുന്ന വാഴപ്പഴം, മാമ്പഴം, പൈനാപ്പിൾ, പേരയ്ക്ക തുടങ്ങിയയെല്ലാം കഴിക്കാം. ദിവസവും രണ്ടര - മൂന്ന് ലിറ്റർ വെള്ളം കുടിക്കണം. വ്യായാമവും മാനസിക ഉല്ലാസവും ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജങ്ക് ഫുഡ് ഒഴിവാക്കുന്നതാണ് നല്ലത്. പോഷകാഹാരക്കുറവ് ദരിദ്ര വിഭാഗത്തിൽ മാത്രമല്ല സാമ്പത്തിക ശേഷിയുള്ളവരിലും കാണപ്പെടുന്നുവെന്നാണ് വിദഗ്ധർ പറയുന്നത്. സമീകൃത ആഹാരത്തെക്കുറിച്ച് പലർക്കും ധാരണയില്ലാത്തതാണ് പ്രശ്‌നം. നല്ല ജീവിത ശൈലിയിൽ സമീകൃത ആഹാരവും ഉൾപ്പെടുന്നുവെന്ന് മനസിലാക്കണം. ബ്രേക്ക് ദി ചെയിനൊപ്പം നല്ല ജീവിത ശൈലിയും പാലിക്കേണ്ടതുണ്ട്. സാമൂഹ്യ പ്രതിരോധമാണ് പകർച്ച വ്യാധി നേരിടാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമെന്നും കൊറോണ അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com