ക്വാറന്റീന്‍ സംവിധാനം ക്രമീകരിക്കാന്‍ എല്ലാ പഞ്ചായത്തുകളിലും നോഡല്‍ ഓഫീസര്‍മാര്‍

കോവിഡ് കെയര്‍ സെന്ററുകളിലും ഫസ്റ്റ് ലൈന്‍ ട്രീറ്റമെന്റ് സെന്ററുകളിലും നിരീക്ഷണത്തിന് ചുമതലയുള്ള എല്ലാ പോലീസുകാര്‍ക്കും സുരക്ഷാ ഷീല്‍ഡുകള്‍ നല്‍കും
ക്വാറന്റീന്‍ സംവിധാനം ക്രമീകരിക്കാന്‍ എല്ലാ പഞ്ചായത്തുകളിലും നോഡല്‍ ഓഫീസര്‍മാര്‍

കൊച്ചി:  ക്വാറന്റീന്‍ സംവിധാനമൊരുക്കാത്ത എല്ലാ പഞ്ചായത്തുകളിലും അടിയന്തരമായി ക്വാറന്റീന്‍ സംവിധാനമൊരുക്കാന്‍ നിര്‍ദേശം നല്‍കിയെന്നും ക്രമീകരണങ്ങള്‍ നിയന്ത്രിക്കാനായി എല്ലാ പഞ്ചായത്തുകളിലും നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കുമെന്നും മന്ത്രി വി.എസ് സുനില്‍കുമാര്‍ അറിയിച്ചു.

ജില്ലയിലെ കോവിഡ് വ്യാപനമറിയാനായി 480 പേരില്‍ ആന്റിബോഡി പരിശോധന പൂര്‍ത്തിയാക്കി. ഇതില്‍ നിരീക്ഷണത്തില്‍ കഴിയുന്ന മൂന്നു പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ജില്ലയില്‍ സമൂഹ വ്യാപനം നിലവില്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു.

കളമശ്ശേരി പോലീസ് സ്‌റ്റേഷനിലെ പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്‌റ്റേഷനിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും നിരീക്ഷണത്തിലയച്ചു. പോലീസ് സ്‌റ്റേഷന്‍ അണു നശീകരണം നടത്തുകയും പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനായി പുതിയ പോലീസുകാരെ നിയോഗിക്കുകയും ചെയ്തു. ഇദ്ദേഹവുമായി ഇടപെട്ട ആളുകളെ കണ്ടെത്തി നിരീക്ഷണം നിര്‍ദേശിച്ചിട്ടുണ്ട്. 59 പോലീസുകാരാണ് ഇത്തരത്തില്‍ നിരീക്ഷണത്തില്‍ പോയിട്ടുള്ളത്.  പ്രാഥമിക സമ്പര്‍ക്കത്തിലുള്ള ആളുകളുടെ പരിശോധന ഉടനടി നടത്തും.

കോവിഡ് കെയര്‍ സെന്ററുകളിലും ഫസ്റ്റ് ലൈന്‍ ട്രീറ്റമെന്റ് സെന്ററുകളിലും നിരീക്ഷണത്തിന് ചുമതലയുള്ള എല്ലാ പോലീസുകാര്‍ക്കും സുരക്ഷാ ഷീല്‍ഡുകള്‍ നല്‍കും. ചെറിയ രോഗലക്ഷണങ്ങള്‍ പോലുമുള്ള പോലീസുകാര്‍ ടെലിമെഡിസിന്‍ സംവിധാനം വഴി വൈദ്യ സഹായം സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

മുനമ്പം തുറമുഖത്ത് അന്യ സംസ്ഥാനങ്ങളില്‍ നിന്ന് മത്സ്യ ബന്ധനത്തിനായി ആളുകള്‍ എത്തുന്നുണ്ടോയെന്ന് നിരീക്ഷിക്കാനായി ആരോഗ്യ വകുപ്പിന്റെയും ഫിഷറീസിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തും.

കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റമെന്റ് സെന്റര്‍ സജ്ജീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നിരീക്ഷണത്തില്‍ കഴിയുന്ന ആളുകള്‍ക്ക് എല്ലാ തരത്തിലുമുള്ള ചികിത്സ നല്‍കാന്‍ എറണാകുളം മെഡിക്കല്‍ കോളേജിന് പുറമെ പി.വി.എസ് ആശുപത്രി പ്രവര്‍ത്തനസജ്ജമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com