കേരളത്തിനു മാത്രമായി പ്രത്യേക ചട്ടം നടക്കില്ല; 'കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ്' അപ്രായോഗികമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

കേരളത്തിനു മാത്രമായി പ്രത്യേക ചട്ടം നടക്കില്ല; 'കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ്' അപ്രായോഗികമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്
കേരളത്തിനു മാത്രമായി പ്രത്യേക ചട്ടം നടക്കില്ല; 'കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ്' അപ്രായോഗികമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

കൊച്ചി: തിരിച്ചുവരുന്ന പ്രവാസികള്‍ക്കു കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ കേരള സര്‍ക്കാരിന്റെ നടപടി അപ്രായോഗികമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. കേരളത്തിലേക്കു തിരിച്ചു വരുന്നവര്‍ക്കു വേണ്ടി മാത്രം പ്രത്യേക ചട്ടം നടപ്പാക്കാനാവില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വക്താവ് അറിയിച്ചതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

പ്രവാസികളെ തിരിച്ചെത്തിക്കുന്നതില്‍ വ്യോമയാന മന്ത്രാലയത്തിന്റെ പ്രോട്ടോക്കോളിന് അനുസരിച്ചാണ് വിമാന കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തിലേക്കു വരുന്നവര്‍ക്കു മാത്രമായി ഒരു ചട്ടവും മറ്റു സംസ്ഥാനങ്ങളിലേക്കു വരുന്നവര്‍ക്ക് മറ്റൊരു ചട്ടവും നടപ്പാക്കാനാവില്ല. വിദേശ രാജ്യത്തെ ഒരു എയര്‍പോര്‍ട്ടില്‍ ഇത്തരത്തില്‍ പ്രത്യേക ചട്ടം നടപ്പാക്കുകയെന്നത് പ്രയാസമേറിയ കാര്യമാണെന്ന് വക്താവ് പറഞ്ഞു.

പ്രവാസികളുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് യാത്രയ്ക്ക് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതെന്ന് സര്‍ക്കാര്‍ ഇന്നലെ കോടതിയെ അറിയിച്ചു. തിരിച്ചു വരുന്ന പ്രവാസികളില്‍ 1.22 ശതമാനം പേര്‍ക്കു രോഗമുള്ളതായാണ് ഇതുവരെ കണ്ടെത്തിയത്. വെള്ളിയാഴ്ച വരെ 66,703 പ്രവാസികളാണ് സംസ്ഥാനത്ത് മടങ്ങിയെത്തിയത്.

അതിനിടെ പ്രവാസികള്‍ക്കു കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിന് എതിരായ ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് കേരള സര്‍ക്കാരിനെയോ കേന്ദ്ര സര്‍ക്കാരിനെയോ സമീപിക്കാന്‍ കോടതി നിര്‍ദേശിച്ചു.

മടങ്ങിവരുന്ന പ്രവാസികള്‍ക്കു കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത് 25 വരെ നീട്ടിവച്ചിട്ടുണ്ട്. ഇന്നു മുതല്‍ ഇതു നിര്‍ബന്ധമാക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.

പ്രവാസി സംഘടനകളില്‍നിന്നു കടുത്ത എതിര്‍പ്പാണ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഉയരുന്നത്. കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കുന്നത് പ്രയാസമേറിയ കാര്യമാണെന്ന് അവര്‍ പറയുന്നു. പരിശോധനയ്ക്കു സൗകര്യമൊരുക്കാതെ ഇത്തരമൊരു നിബന്ധന വയ്ക്കുന്നത്, പ്രവാസികള്‍ വരരുത് എന്നു പറയുന്നതിന് തുല്യമാണെന്നാണ് അവര്‍ വിമര്‍ശിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com