കോവിഡ് ബാധിച്ച പൊലീസുകാരന്‍ ഹൈക്കോടതിയില്‍, ജഡ്ജി ക്വാറന്റൈനില്‍; ഗവണ്‍മെന്റ് പ്ലീഡറും എജി ഓഫീസിലെ ചില ജീവനക്കാരും നിരീക്ഷണത്തില്‍

കളമശേരിയില്‍ കോവിഡ് സ്ഥിരീകരിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ എത്തിയെന്ന് വ്യക്തമായതോടെയാണ്  ജഡ്ജി ഉള്‍പ്പടെയുള്ളവര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചത്
കോവിഡ് ബാധിച്ച പൊലീസുകാരന്‍ ഹൈക്കോടതിയില്‍, ജഡ്ജി ക്വാറന്റൈനില്‍; ഗവണ്‍മെന്റ് പ്ലീഡറും എജി ഓഫീസിലെ ചില ജീവനക്കാരും നിരീക്ഷണത്തില്‍

കൊച്ചി: ഹൈക്കോടി ജഡ്ജി ക്വാറന്റൈനില്‍. കളമശേരിയില്‍ കോവിഡ് സ്ഥിരീകരിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ എത്തിയെന്ന് വ്യക്തമായതോടെയാണ്  ജഡ്ജി ഉള്‍പ്പടെയുള്ളവര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചത്. ജസ്റ്റീസ് സുനില്‍ തോമസ് സ്വയം ക്വാറന്റീനില്‍ പ്രവേശിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കോടതി ആവശ്യപ്പെട്ട കേസ് ഫയല്‍ ഹൈക്കോടതിയിലെത്തിച്ച പൊലീസ് ഉദ്യോഗസ്ഥനാണ്  കോവിഡ് സ്ഥിരീകരിച്ചത്. ഹൈക്കോടതി കവാടത്തിലെ പൊലീസ് ഔട്ട് പോസ്റ്റില്‍ ഒപ്പിട്ടശേഷമാണ് പൊലീസ് ഉദ്യോഗസ്ഥന്‍ കോടതി മന്ദിരത്തിനുള്ളില്‍ പ്രവേശിച്ചത്. തുടര്‍ന്ന് കോടതിയിലെത്തി ഗവണ്‍മെന്റ് പ്ലീഡര്‍ക്ക് കേസ് ഫയല്‍ കൈ മാറുകയും ചെയ്തു.

ഗവണ്‍മെന്റ് പ്ലീഡറും എജി ഓഫീസിലെ ചില ജീവനക്കാരും ക്വാറന്റീനിലായിട്ടുണ്ട്. ഹൈക്കോടതിയിലെ അഭിഭാഷക അസോസിയേഷന്‍ ഓഫീസും അടച്ചു.

അതേസമയം ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുളള പൊലീസുകാരുടെ എണ്ണം രണ്ടായി. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൊലീസുകാരന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട മറ്റൊരു പൊലീസുകാരനാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കളമശേരി പൊലീസ് സ്‌റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്ക് രോഗം കണ്ടെത്തി.

എറണാകുളം ജില്ലയില്‍ ഇന്നലെ 11 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പുതുതായി 1106 പേരെയാണ് നിരീക്ഷണത്തിലാക്കിയത്. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 12,479 ആയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com