'ഷുക്കൂറിനെ കൊന്ന പൊന്നരിവാൾ അറബി കടലിൽ കളഞ്ഞിട്ടില്ല'- കൊലവിളി മുദ്രാവാക്യത്തിനെതിരെ കേസ്; വിശദീകരണവുമായി ഡിവൈഎഫ്ഐ

'ഷുക്കൂറിനെ കൊന്ന പൊന്നരിവാൾ അറബി കടലിൽ കളഞ്ഞിട്ടില്ല'- കൊലവിളി മുദ്രാവാക്യത്തിനെതിരെ കേസ്; വിശദീകരണവുമായി ഡിവൈഎഫ്ഐ
'ഷുക്കൂറിനെ കൊന്ന പൊന്നരിവാൾ അറബി കടലിൽ കളഞ്ഞിട്ടില്ല'- കൊലവിളി മുദ്രാവാക്യത്തിനെതിരെ കേസ്; വിശദീകരണവുമായി ഡിവൈഎഫ്ഐ

മലപ്പുറം: കൊലവിളി മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയ ഡിവൈഎഫ്‍ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. മുസ്ലീം ലീഗിൻറെ പരാതിയിൽ എടക്കര പൊലീസാണ് കേസെടുത്തത്. മലപ്പുറം മൂത്തേടത്താണ് ഡിവൈഎഫ്ഐ പ്രവർത്തകർ കൊലവിളികളുമായി പ്രകടനം നടത്തിയത്.

കണ്ണൂരിൽ ഷുക്കൂറിനെ കൊന്നത് പോലെ കൊല്ലുമെന്നായിരുന്നു ഡിവൈഎഫ്‍ഐയുടെ  മുദ്രാവാക്യം. ഷുക്കൂറിനെ കൊന്ന പൊന്നരിവാൾ അറബി കടലിൽ കളഞ്ഞിട്ടില്ലെന്നും അരിഞ്ഞ് തള്ളുമെന്നുമായിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത്.

മുദ്രാവാക്യം പ്രചരിച്ചതോടെ മുസ്ലീം ലീഗ് പൊലീസിൽ പരാതി നൽകുകയായിരുന്നു. അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയെന്ന് വിളിച്ചു പറഞ്ഞ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്നായിരുന്നു പരാതി. ഈ പരാതിയിലാണ് എടക്കര പൊലീസ് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത്.

അതേസമയം പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യം വിളിയെ ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ നേതൃത്വം തള്ളി. കൊലവിളി മുദ്രാവാക്യം പാർട്ടിയുടെ പാർട്ടിയുടെ പൊതു നിലപാടിന് യോജിച്ചതല്ലെന്നും ജില്ലാ നേതൃത്വം വ്യക്തമാക്കി. മുദ്രാവാക്യം വിളിച്ചവരിൽ ഡിവൈഎഫ്ഐ പ്രവർത്തകർ ഉണ്ടോയെന്ന് പരിശോധിച്ച് ഉചിതമായി തീരുമാനം കൈക്കൊള്ളുമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് കൂട്ടിച്ചേർത്തു.

പ്രദേശത്ത് കോൺഗ്രസ്- സിപിഎം പ്രവർത്തകർ തമ്മിൽ നേരത്തെ സംഘർഷം ഉണ്ടായിരുന്നു. സംഘർഷത്തിൽ ഒരു ഡിവൈഎഫ്ഐ പ്രവർത്തകന് പരിക്കേൽക്കുകയും ചെയ്‍തിരുന്നു. ഇതിൽ പ്രതിഷേധിച്ച് മൂത്തേടത്ത് വ്യാഴാഴ്ച്ച ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ് പ്രകോപനപരമായ ഭീഷണി മുദ്രാവാക്യം വിളിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com