ഓട്ടോയിൽ ഇടിച്ച് കാർ നിർത്താതെ പോയി, ഡ്രൈവർ മരിച്ചു; ഡ്രൈവർ പിടിയിൽ

ബൈപ്പാസിലെ മുഴുവന്‍ സിസി ടിവി ദൃശ്യങ്ങളും ഫോണ്‍ കോളുകളും നീരിക്ഷിക്കുകയും പിന്നീടുള്ള അന്വേഷണത്തിനിടയില്‍ പ്രതികള്‍ ഉപയോഗിച്ചിരുന്ന കാര്‍ കണ്ടെത്തുകയുമായിരുന്നു
ഓട്ടോയിൽ ഇടിച്ച് കാർ നിർത്താതെ പോയി, ഡ്രൈവർ മരിച്ചു; ഡ്രൈവർ പിടിയിൽ

കോഴിക്കോട്: പന്തീരങ്കാവ് കൊടല്‍ നടക്കാവിന് സമീപത്ത്  വെച്ച് ഓട്ടോറിക്ഷയില്‍ കാര്‍ തട്ടി ഡ്രൈവറുടെ മരണത്തിനിടയാക്കി നിര്‍ത്താതെ പോയ കാറും ഡ്രൈവറും പൊലീസ് പിടിയിലായി. ജൂണ്‍ 13-ന് വൈകുന്നേരം  ഏഴരയ്ക്കായിരുന്നു സംഭവം. അപകടം നടക്കുമ്പോള്‍ കാര്‍ ഓടിച്ചിരുന്ന പന്തീരാങ്കാവ് ഇടക്കുറ്റിപറമ്പിലെ റംഷാദിനെയും ഒപ്പമുണ്ടായിരുന്ന മൂന്നു പേരെയുമാണ് ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ പന്തീരങ്കാവ് ജ്യോതി ബസ് സ്‌റ്റോപ്പിന് സമീപം മുണ്ടോട്ട് പൊയിലില്‍ സോമന്റെ മകന്‍ വൈശാഖ്(27) മരിച്ചിരുന്നു.

റംഷാദിനെതിരേ മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ പിടിച്ചുപറിയുമായി ബന്ധപ്പെട്ടും കേസുണ്ട്. നല്ലളം പൊലീസ് സ്‌റ്റേഷനില്‍ എയര്‍പോര്‍ട്ടില്‍നിന്നും എത്തിയ തലശ്ശേരി സ്വദേശിയുടെ നാല് കിലോ സ്വര്‍ണം പിടിച്ചുപറിച്ച കേസിലെ കൂട്ടുപ്രതിയുമാണ്. കൂടാതെ കോഴിക്കോട് മലപ്പുറം ജില്ലകളിലെ ക്വട്ടേഷന്‍ കേസിലെ പ്രതിയാണെന്നും പോലീസ് പറയുന്നു. അപകടം നടക്കുമ്പോള്‍ കാറില്‍ അക്ഷയ് കുമാര്‍, പ്രവീണ്‍, രഞ്ജിത്ത് എന്നിവരും ഉണ്ടായിരുന്നു.

കൊടല്‍ നടക്കാവ് പെട്രോള്‍ പമ്പിന് സമീപം വെച്ച് രാമനാട്ടുകര ഭാഗത്തുനിന്ന് തൊണ്ടയാട് ഭാഗത്തേക്ക് വൈശാഖ് ഓടിച്ചു വന്ന  ഓട്ടോറിക്ഷയ്ക്ക് പിന്നില്‍ അതെ ദിശയില്‍ വന്ന ഒരു കാര്‍ ഇടിക്കുകയും ഓട്ടോ മറിയുകയും ഓട്ടോ ഡ്രൈവര്‍ വൈശാഖ് മരിക്കുകയുമായിരുന്നു. ഓട്ടോയില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പൊലീസിന്റെ പ്രഥമിക അന്വേഷണത്തില്‍ യാതൊരു തെളിവും ലഭിച്ചില്ല.

കേസ്സ് വഴിമുട്ടി നില്‍ക്കുമ്പോള്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സുജിത്ത് ദാസ് എസിന്റെ നിര്‍ദേശപ്രകാരം സ്‌പെഷല്‍ സ്‌ക്വാഡ് രൂപീകരിക്കയും അതിന്റെ അടിസ്ഥാനത്തില്‍ സക്വാഡ് അംഗങ്ങളും പന്തീരാങ്കാവ് പൊലീസും ചേര്‍ന്ന് ബൈപ്പാസിലെ മുഴുവന്‍ സിസി ടിവി ദൃശ്യങ്ങളും ഫോണ്‍ കോളുകളും നീരിക്ഷിക്കുകയും പിന്നീടുള്ള അന്വേഷണത്തിനിടയില്‍ പ്രതികള്‍ ഉപയോഗിച്ചിരുന്ന കാര്‍ കണ്ടെത്തുകയുമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com