സ്വന്തം ദേഹ വിയോ​ഗത്തെക്കുറിച്ച് മുൻകൂട്ടി പ്രവചിച്ചു; ചന്തുക്കുട്ടി സ്വാമി ഓർമയായി

സ്വന്തം ദേഹ വിയോ​ഗത്തെക്കുറിച്ച് മുൻകൂട്ടി പ്രവചിച്ചു; ചന്തുക്കുട്ടി സ്വാമി ഓർമയായി
സ്വന്തം ദേഹ വിയോ​ഗത്തെക്കുറിച്ച് മുൻകൂട്ടി പ്രവചിച്ചു; ചന്തുക്കുട്ടി സ്വാമി ഓർമയായി

കൊല്ലൂർ: സ്വാമി രാമാനന്ദ സരസ്വതി (ചന്തുക്കുട്ടി സ്വാമി–98) അന്തരിച്ചു. കൊല്ലൂർ രാമാനന്ദാശ്രമ സ്ഥാപകനും കൊല്ലൂരിൽ തീർഥാടകരുടെ ആത്മീയ വഴികാട്ടിയുമായിരുന്ന സ്വാമി ഇന്നലെ പുലർച്ചെ രണ്ടിനാണ് അന്തരിച്ചത്. സ്വന്തം ദേഹ വിയോഗത്തെക്കുറിച്ചു സ്വാമി നേരത്തെ തന്നെ പ്രവചിച്ചിരുന്നു.

നടൻ മോഹൻലാലിനെ 35 വർഷം മുൻപ് ആദ്യമായി കുടജാദ്രിയിലേക്കു കൂട്ടിക്കൊണ്ടു പോയത് സ്വാമിയായിരുന്നു. അദ്ദേഹത്തെ പോലെ പല പ്രമുഖരുടെയും കൊല്ലൂരിലെ വഴികാട്ടി കൂടിയായിരുന്നു സ്വാമി. വർഷങ്ങൾക്കു മുൻപ് ലാലിനെ കൊച്ചിയിലെ വീട്ടിലെത്തി കാണുമ്പോഴും സ്വാമി പറഞ്ഞു. 2020ൽ ആണ് ദേഹവിയോ​ഗമെന്ന്.

ഒന്നര വർഷം മുൻപ് ഒടിയൻ സിനിമയുടെ ലൊക്കേഷനിലും കണ്ടുമുട്ടി. ‘ഇനി കാണില്ല, ഒന്നര വർഷം കൂടിയേ ആയുസ്സുള്ളൂ’. ഇതായിരുന്നു സ്വാമി ലാലിനോട് അവസാനമായി പറഞ്ഞത്. അവിടുത്തെ നീർച്ചോലയിൽ കുളിച്ചതും സ്വാമി ഉണ്ടാക്കി നൽകിയ കഞ്ഞി കുടിച്ച് അവിടെ ചാക്ക് പുതച്ച് ഉറങ്ങിയതുമെല്ലാം ലാൽ മുൻപ് ഓർത്തെടുത്തിട്ടുണ്ട്.

സ്വാമി നിത്യാനന്ദയുടെ ശിഷ്യനാണ്. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ സ്വാമി 50 വർഷം മുൻപ് കൊല്ലൂരിൽ എത്തിയതാണ്. ക്ഷേത്ര പരിസരത്തും കുടജാദ്രി മലമുകളിലെ ഗുഹയിലുമായി വർഷങ്ങളോളം ജീവിച്ചു. പിന്നീട് മൂകാംബികാ ദേവീ ക്ഷേത്ര പരിസരത്ത് രാമാനന്ദാശ്രമം സ്ഥാപിച്ചു.

കുടജാദ്രിയിലേക്കു റോഡും വാഹനവും ഇല്ലാതിരുന്ന കാലത്ത് കാൽനടയായി കുടജാദ്രിയിലെത്താൻ ഒട്ടേറെപ്പേർക്കു വഴികാട്ടിയായതു സ്വാമിയായിരുന്നു. സംസ്കാരം കൊല്ലൂർ സൗപർണിക തീരത്തുള്ള പൊതുശ്മശാനത്തിൽ നടന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com