ഉറവിടം കണ്ടെത്താത്ത കേസുകള്‍ കേരളത്തില്‍ രണ്ടുശതമാനത്തില്‍ താഴെ; ദേശീയ തലത്തില്‍ 40നു മുകളില്‍

ഉറവിടം കണ്ടെത്താത്ത കേസുകള്‍ കേരളത്തില്‍ രണ്ടുശതമാനത്തില്‍ താഴെ
ചിത്രം പിടിഐ
ചിത്രം പിടിഐ


തിരുവനന്തപുരം: കേരളത്തില്‍ ഉറവിടം കണ്ടെത്താനാകാത്ത കോവിഡ് കേസുകള്‍ രണ്ടു ശതമാനത്തില്‍ താഴെ. ഇന്ത്യ മൊത്തമായെടുത്താല്‍ ഉറവിടം കണ്ടെത്താനാകാത്ത കേസുകള്‍ 40 ശതമാനത്തില്‍ അധികമാണ്.

രോഗബാധയുടെ ഉറവിടം കണ്ടെത്താന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ കൃത്യമായ 'ഇന്റര്‍വെന്‍ഷന്‍ പ്രോട്ടോക്കോള്‍' കേരളം പാലിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉറവിടമറിയാതെ രോഗബാധ ഉണ്ടായ സ്ഥലങ്ങളില്‍ ക്‌ളസ്റ്ററുകള്‍ രൂപീകരിക്കുകയും സമൂഹവ്യാപനത്തിനു കാരണമാവുകയും ചെയ്തിട്ടുണ്ടോ എന്നു അന്വേഷിക്കുന്നുണ്ട്. അത്തരം പ്രദേശങ്ങളെ കണ്ടെയ്ന്‍മെന്റ് സോണുകളായി തിരിച്ച് സുരക്ഷാനടപടികള്‍ സ്വീകരിക്കുന്നു. ഈ നടപടികളുടെ ഫലമായി ക്‌ളസ്റ്ററുകള്‍ ഉണ്ടാകുന്നതും, അതുവഴി സമൂഹവ്യാപനം സംഭവിക്കുന്നതും തടയാന്‍ ഇതുവരെ സാധിച്ചിട്ടുണ്ട്.

എന്നാല്‍, സമൂഹവ്യാപന ഭീഷണി ഒഴിഞ്ഞുവെന്ന് ഇതിനര്‍ഥമില്ലെന്ന് നാം ഓര്‍ക്കണം. വ്യാപന തോത് തടയാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും തേടണം. അതിന്റെ ഭാഗമായാണ് വിദേശ രാജ്യങ്ങളില്‍നിന്ന് വരുന്ന ആളുകളെ ടെസ്റ്റ് നടത്തി രോഗബാധിതരെയും രോഗമില്ലാത്തവരെയും വേര്‍തിരിച്ച് കൊണ്ടുവരണം എന്ന ആവശ്യം കേരളം ഉയര്‍ത്തിയത്. പ്രധാനമന്ത്രിക്കുള്‍പ്പെടെ ആവശ്യമുന്നയിച്ച് സംസ്ഥാനം കത്തുകള്‍ എഴുതിയിരുന്നു. വിദേശ മന്ത്രാലയത്തിനും തുടര്‍ച്ചയായി കത്തെഴുതി. അതിന്റെയടിസ്ഥാനത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വിമാനയാത്രികരെ ടെസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിദേശ മന്ത്രാലയം വിവിധ രാജ്യങ്ങളിലെ മിഷനുകളുമായി ബന്ധപ്പെട്ടു. അതിന്റെ വിശദാംശങ്ങള്‍ വിദേശമന്ത്രാലയം ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. യുഎഇയാണ് റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് നടത്തുന്നത്. ഖത്തറില്‍ കഴിഞ്ഞദിവസം ഇവിടെ പറഞ്ഞതുപോലെ, ഒരു പ്രത്യേക മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്നുണ്ട്. ഈ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉള്ളവരെ മാത്രമെ യാത്ര ചെയ്യാന്‍ അനുവദിക്കൂ.

കുവൈത്തില്‍ രണ്ട് ടെര്‍മിനലുകളില്‍ മാത്രമാണ് ഇപ്പോള്‍ ടെസ്റ്റുള്ളത്. അത് അവിടുത്തെ എയര്‍ലൈന്‍ കമ്പനികളുടെ ആവശ്യാനുസരണം കൂടുതല്‍ ടെര്‍മിനലുകളിലേക്ക് വ്യാപിപ്പിക്കാനാവും എന്നാണ് വിദേശ മന്ത്രാലയം അറിയിക്കുന്നത്. ടെസ്റ്റ് ഒന്നിന് ഏതാണ്ട് 1000 രൂപയാണ് ചെലവുവരിക.
ഒമാനില്‍ ആര്‍ടി പിസിആര്‍ ടെസ്റ്റുകള്‍ മാത്രമാണുള്ളത്. സ്വകാര്യ ആശുപത്രികളെ എംബസി സമീപിച്ചിട്ടുണ്ട്. എന്നാല്‍, ജൂണ്‍ 25ന് ഇത് പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്നാണ് അറിയിച്ചിട്ടുള്ളത്. സൗദിയിലും റാപ്പിഡ്, ആന്റിബോഡി ടെസ്റ്റ് ചില സ്വകാര്യ ആശുപത്രികളില്‍ നടത്തുന്നെങ്കിലും അത് സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.

ബഹ്‌റൈനില്‍ ഇതിന് പ്രയാസമുണ്ട് എന്നാണ് വിദേശമന്ത്രാലയം അറിയിച്ചത്. വരുന്ന ആളുകളുടെ സുരക്ഷയില്‍ നമുക്ക് വിട്ടുവീഴ്ച ചെയ്യാനാകില്ല. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പേരെയും നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇപ്പോള്‍ നാം പറഞ്ഞിട്ടുള്ളത് ജൂണ്‍ 25 മുതല്‍ ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകളും സ്വകാര്യ ഫ്‌ളൈറ്റുകളും വരുമ്പോള്‍ യാത്രക്കാര്‍ ടെസ്റ്റ് ചെയ്തിരിക്കണം എന്നതാണ്. യാത്രയ്ക്കിടയില്‍ രോഗപകര്‍ച്ച ഉണ്ടാകാന്‍ പാടില്ല.
ഈ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്ക് പ്രയാസമില്ലാത്ത രീതിയില്‍ എന്തു ചെയ്യാനാകും എന്ന് കേന്ദ്ര സര്‍ക്കാരുമായി ആലോചിക്കുകയാണ്. ഇക്കാര്യത്തില്‍ ഉടനെ തീരുമാനമുണ്ടാകും എന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com