'ഐക്യരാഷ്ട്രസഭയുടെ വെബിനാറില്‍ ഒരു ദിവസം പങ്കെടുത്തുവെന്നല്ലാതെ എന്ത് പുരസ്‌കാരമാണ് ശൈലജയ്ക്ക് കിട്ടിയത്?'

ജനരോഷത്തില്‍ നിന്നും സര്‍ക്കാരിനെ രക്ഷിക്കാന്‍ ജനങ്ങളെ പറ്റിക്കുകയാണ് പിണറായിയും ശൈലജയുമെന്നും കെ സുരേന്ദ്രന്‍
'ഐക്യരാഷ്ട്രസഭയുടെ വെബിനാറില്‍ ഒരു ദിവസം പങ്കെടുത്തുവെന്നല്ലാതെ എന്ത് പുരസ്‌കാരമാണ് ശൈലജയ്ക്ക് കിട്ടിയത്?'

തിരുവനന്തപുരം: ജനവിരുദ്ധ നയം മറച്ചുവെക്കാന്‍ വ്യാജപ്രചരണം നടത്തുന്നതിന്റെ ഭാഗമായാണ് മന്ത്രി ശൈലജയ്ക്ക് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം കിട്ടിയെന്ന വാര്‍ത്ത വന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എല്ലാ ദിവസവും നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ വെബിനാറില്‍ ഒരു ദിവസം പങ്കെടുത്തുവെന്നല്ലാതെ എന്ത് പുരസ്‌കാരമാണ് ശൈലജയ്ക്ക് കിട്ടിയത്?. ജനരോഷത്തില്‍ നിന്നും സര്‍ക്കാരിനെ രക്ഷിക്കാന്‍ ജനങ്ങളെ പറ്റിക്കുകയാണ് പിണറായിയും ശൈലജയുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മുസ്ലിം വോട്ട്ബാങ്ക് ലക്ഷ്യമിട്ടാണ് വാരിയന്‍ കുന്നത്ത് സിനിമ ചര്‍ച്ചയാക്കുന്നത്. എകെജി സെന്ററിന് വേണ്ടി ആഷിഖ് അബുവിന്റെയും റിമ കല്ലിങ്കലിന്റെയും നാടകമാണിത്. ചരിത്രവസ്തുതയില്ലാത്ത സിനിമകള്‍ ചവറ്റുകൊട്ടയിലേക്ക് പതിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ യുവജനവഞ്ചനയ്ക്കും നിയമനനിരോധനത്തിനുമെതിരെ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ പിഎസ്‌സി ആസ്ഥാനത്തിന് മുമ്പില്‍ നടന്ന നിരാഹാര സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രന്‍യ

പബ്ലിക്ക് സര്‍വ്വീസ് കമ്മീഷനെ പിണറായി സര്‍ക്കാര്‍ പാര്‍ട്ടി കമ്മീഷനാക്കി മാറ്റി. സംസ്ഥാന സര്‍ക്കാര്‍ പിഎസ്‌സിയുടെ സുതാര്യത നശിപ്പിച്ച് പരീക്ഷയുടെ വിശ്വാസ്യത പൂര്‍ണ്ണമായും തകര്‍ത്തു. പൊലീസ് പരീക്ഷയുടെ റാങ്ക് ലിസ്റ്റ് കാലാവധി തീരാനായിട്ടും സര്‍ക്കാര്‍ നിയമനം നടത്തുന്നില്ല. സിപിഎം ക്രിമിനലുകളെ തിരുകിക്കയറ്റാന്‍ വേണ്ടി പരീക്ഷ അട്ടിമറിച്ചതിന് ഉദ്യോഗാര്‍ത്ഥികള്‍ എന്ത് പിഴച്ചുവെന്ന് സുരേന്ദ്രന്‍ ചോദിച്ചു. ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളുടെ ജീവിതമാണ് സര്‍ക്കാര്‍ നശിപ്പിക്കുന്നത്. പിഎസ്‌സി അന്വേഷണത്തിലല്ല, മറിച്ച് പ്രതികള്‍ പരസ്പരം ചെളിവാരിയെറിഞ്ഞ് കത്തിക്കുത്ത് നടത്തിയപ്പോഴാണ് ഭരണഘടനാ സ്ഥാപനത്തെ സര്‍ക്കാര്‍ അട്ടിമറിച്ച സത്യം ജനങ്ങളറിഞ്ഞത്.

ഏറെ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ കെഎഎസ് പരീക്ഷയുടെ അവസ്ഥയും ഇത് തന്നെയാണെന്ന് സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഗുണമേന്മയില്ലാത്ത ഒ.എം.ആര്‍. ഷീറ്റ് ഉപയോഗിച്ച് പരീക്ഷ നടത്തിയ ശേഷം ഉത്തരക്കടലാസുകള്‍ മാന്വലായി പരിശോധിക്കുന്നത് ഗൂഢാലോചനയാണ്. ഇതിന് വേണ്ടി സിപിഎമ്മിന്റെ പാദസേവകരായ പിഎസ്‌സി ഉദ്യോഗസ്ഥരെയാണ് ഏര്‍പ്പാടാക്കിയിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com