കോവിഡ് സ്ഥിരീകരിച്ച നഴ്‌സ് വാക്‌സിന്‍ നല്‍കിയത്  72 കുഞ്ഞുങ്ങള്‍ക്ക്;  നിരീക്ഷണത്തില്‍; ആശുപത്രിയും പരിസര പ്രദേശങ്ങളും ഹോട്ട്‌സ്‌പോട്ട്

നഴ്‌സിന്റെ ഭര്‍ത്താവിനും കോവിഡ് സ്ഥിരീകരിച്ചു
കോവിഡ് സ്ഥിരീകരിച്ച നഴ്‌സ് വാക്‌സിന്‍ നല്‍കിയത്  72 കുഞ്ഞുങ്ങള്‍ക്ക്;  നിരീക്ഷണത്തില്‍; ആശുപത്രിയും പരിസര പ്രദേശങ്ങളും ഹോട്ട്‌സ്‌പോട്ട്

കൊച്ചി:  ശ്രീമൂലനഗരം ചൊവ്വര പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ കോവിഡ് സ്ഥിരീകരിച്ച ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് കുത്തിവയ്‌പെടുത്ത 72 കുട്ടികളും അവരുടെ ഒപ്പം ഉണ്ടായിരുന്നവരും നിരീക്ഷണത്തില്‍. മൂന്നുമാസം മുതല്‍ 15 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കു വിവിധ വാക്‌സിനേഷനുകള്‍ ഈ നഴ്‌സ് നല്‍കിയിട്ടുണ്ട്. ഇവരില്‍ ചെറിയ കുട്ടികളാണ് ഏറെയും. നഴ്‌സിന് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിനു മൂന്നു ദിവസം മുന്‍പു വരെ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും ആശുപത്രിയിലുമായി കുത്തിവയ്‌പെടുത്ത കുട്ടികളെയും അവരുടെ സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെയും കണ്ടെത്തിയാണു നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നഴ്‌സിനൊപ്പം പ്രവര്‍ത്തിച്ച 7 ആശ വര്‍ക്കര്‍മാര്‍, 3 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരും നിലവില്‍ നിരീക്ഷണത്തിലാണ്.

ഇതോടൊപ്പം പ്രദേശത്തു കുഞ്ഞുങ്ങള്‍ക്കും അവരുമായി ഇടപഴകിയവര്‍ക്കുമായി ആരോഗ്യ വകുപ്പ് കര്‍ശന പരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി മൂന്നു ഡോക്ടര്‍മാരെ പല സ്ഥലത്തായി നിയോഗിച്ചിട്ടുണ്ട്. ഇവര്‍ വ്യക്തി സുരക്ഷാ വസ്ത്രങ്ങള്‍ ഉള്‍പ്പടെ ധരിച്ചാണു കുഞ്ഞുങ്ങളെയും അവരുടെ വീട്ടുകാരെയും പരിശോധിക്കുന്നത്. ഇതിനിടെ ഫയര്‍ഫോഴ്‌സ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും കമ്യൂണിറ്റി സെന്ററിലുമെല്ലാം അണുനശീകരണം നടത്തിയിട്ടുണ്ട്. ഈ സംഭവം എങ്ങനെ കൈകാര്യം ചെയ്യണം എന്ന കാര്യത്തില്‍ ഇന്നലെ പഞ്ചായത്ത് അടിയന്തര യോഗം ചേര്‍ന്നിരുന്നു. നിലവില്‍ പഞ്ചായത്ത് ഓഫിസും കണ്ടെയിന്‍മെന്റ് സോണിലായതിനാല്‍ ആരോടും എത്തേണ്ടതില്ലെന്ന് അറിയിച്ചിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ക്ക് ഓണ്‍ലൈനില്‍ മാത്രം അപേക്ഷ നല്‍കുന്നതിനു സാഹചര്യം ഒരുക്കിയിട്ടുണ്ട്.

ഇതിനിടെ ശ്രീമൂലനഗരത്ത് ആശുപത്രി സ്ഥിതി ചെയ്യുന്ന സ്ഥലവും പരിസര പ്രദേശങ്ങളും ഹോട്‌സ്‌പോട്ടാക്കി കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശ്രീമൂലനഗരം പഞ്ചായത്തിലെ 1, 7, 9, 10, 11, 12 വാര്‍ഡുകളാണ് കണ്ടെയിന്‍മെന്റ് സോണിലുള്ളത്. നഴ്‌സിന്റെ ഭര്‍ത്താവിനു കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇവരുടെ വീടിരിക്കുന്ന നീലീശ്വരം കൂടി ഇന്നു കണ്ടെയിന്‍മെന്റ് സോണാക്കാനിടയുണ്ട്. പെട്ടി ഓട്ടോറിക്ഷ ഓടിക്കുന്ന ഇവരുടെ ഭര്‍ത്താവിനു സ്ഥലത്തു നിരവധി പേരുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ട്. ഇദ്ദേഹം ഹോട്ടലുകളിലും മറ്റും വിറകു വിതരണം ചെയ്യുന്നതിനാല്‍ കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കം ഉള്ളതായാണു കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ ഇദ്ദേഹത്തിന്റെ സമ്പര്‍ക്കം ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com