ഏറ്റവും കൂടുതൽ കോവിഡ് സ്ഥിരീകരിച്ചത് തജികിസ്ഥാനിൽ നിന്ന് എത്തിയവരിൽ; വിമാനത്താവളങ്ങളിൽ ആന്റി ബോഡി പരിശോധന

ഏറ്റവും കൂടുതൽ കോവിഡ് സ്ഥിരീകരിച്ചത് തജികിസ്ഥാനിൽ നിന്ന് എത്തിയവരിൽ; വിമാനത്താവളങ്ങളിൽ ആന്റി ബോഡി പരിശോധന
ഏറ്റവും കൂടുതൽ കോവിഡ് സ്ഥിരീകരിച്ചത് തജികിസ്ഥാനിൽ നിന്ന് എത്തിയവരിൽ; വിമാനത്താവളങ്ങളിൽ ആന്റി ബോഡി പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്ത് തിരികെ എത്തിയ പ്രവാസികളിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധ കണ്ടെത്തിയത് തജികിസ്ഥാനിൽ നിന്ന് എത്തിയവരിൽ. വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിജികിസ്ഥാനിൽ നിന്ന് എത്തിയവരിൽ 18.18 ശതമാനം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. റഷ്യയിൽ നിന്ന് എത്തിയവരിൽ 9.72 ശതമാനം, നൈജീരിയയിൽ നിന്ന് എത്തിയവരിൽ 6.51 ശതമാനം, കുവൈറ്റിൽ നിന്ന് എത്തിവരിൽ 5.99 ശതമാനം, യുഎഇയിൽ നിന്ന് എത്തിയവരിൽ 1.06 ശതമാനം, ഖത്തറിൽ നിന്ന് എത്തിയവരിൽ 1.56 ശതമാനം, ഒമാനിൽ നിന്ന് എത്തിയവരിൽ .78 ശതമാനം എന്നിങ്ങനെയാണ് കണക്ക്.

വിദേശത്തു നിന്ന് എത്തുന്നവർക്ക് വിമാനത്താവളത്തിൽ തന്നെ ആന്റി ബോഡി പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതൊരു അധിക സുരക്ഷാ നടപടിയാണ്. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ച് രോഗ ലക്ഷണം ഉണ്ടായ ശേഷം പ്രത്യക്ഷപ്പെടുന്ന ഐജിഎം, ഐജിജി ആന്റി ബോഡികളാണ് പരിശോധിക്കുന്നത്. ആന്റി ബോഡികൾ കണ്ടെത്തിയാൽ പിസിആർ ടെസ്റ്റ് കൂടി നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആന്റി ബോഡി പരിശോധന നെഗറ്റീവാകുന്നവർക്ക് രോഗമില്ലെന്ന് പറയാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗാണു ശരീരത്തിലുണ്ടെങ്കിലും രോഗ ലക്ഷണം കാണുന്നത് വരെയുള്ള സമയത്ത് പരിശോധന നടത്തിയാൽ ഫലം നെഗറ്റീവായിരിക്കും. അതിനാൽ ആന്റി ബോഡി പരിശോധന നെഗറ്റീവാകുന്നവർ തെറ്റായ സുരക്ഷാബോധത്തിൽ കഴിയരുത്. പിന്നീട് കോവിഡ് ഉണ്ടായിക്കൂടെന്നില്ലാത്തതിനാൽ അവരും കർശനമായ സമ്പർക്കവിലക്കിൽ കഴിയേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജൂൺ 25 മുതൽ 30 വരെ 111 ചാർട്ടേഡ് വിമാനങ്ങളും 43 വന്ദേ ഭാരത് വിമാനങ്ങളുമായി വിദേശകാര്യ മന്ത്രാലയം ചാർട്ട് ചെയ്തിട്ടുള്ളത്. ഇന്നലെ 72 വിമാനങ്ങളാണ് വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലെത്തിയത്. നാളെ മുതൽ ​ദിവസവും 40- 50 വിമാനങ്ങൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊച്ചിയിലേക്കും കരിപ്പൂരിലേക്കുമാണ് കൂടുതൽ വിമാനങ്ങൾ. എല്ലാ വിമാനത്താവളങ്ങളിലും വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയതായും അദ്ദേഹം പറഞ്ഞു.

ഇന്ന് ഉച്ച വരെയായി വിദേശത്ത് നിന്ന് കേരളത്തിലെത്തിയത് 98,202 പേരാണ്. അതിൽ 96,581 പേർ വിമാനങ്ങളിലാണ് എത്തിയത്. 1621 പേർ കപ്പലിലെത്തി. തിരികെ എത്തിയ 36,721 പേർ കൊച്ചിയിലും 31,896 പേർ കരിപ്പൂരിലുമാണ് വിമാനമിറങ്ങിയത്. തിരികെ എത്തിയവരിൽ 72,099 പേർ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, തൃശൂർ, കൊല്ലം, എറണാകുളം, തിരുവനന്തപുരം എന്നീ ഏഴ് ജില്ലകളിൽ നിന്നുള്ളവരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com