കലക്ടര്‍ വാക്കുപാലിച്ചു; പഠിക്കാമെന്ന് ഉറപ്പും; സ്‌നേഹയുടെ കൈകളില്‍ കിട്ടി ആ വിലയേറിയ സമ്മാനം

പഠിക്കാമെന്ന ഉറപ്പും നന്ദിയും അറിയിച്ചാണ് സ്‌നേഹ ലാപ് ടോപ്പ് ഏറ്റുവാങ്ങിയത്
കലക്ടര്‍ വാക്കുപാലിച്ചു; പഠിക്കാമെന്ന് ഉറപ്പും; സ്‌നേഹയുടെ കൈകളില്‍ കിട്ടി ആ വിലയേറിയ സമ്മാനം

കൊച്ചി:  സ്മാര്‍ട്ട് ഫോണോ കമ്പ്യൂട്ടറോ ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയുന്നില്ലെന്ന സ്‌നേഹയുടെ പരാതിക്ക് ദിവസങ്ങള്‍ക്കുള്ളില്‍ പരിഹാരം കാണുകയായിരുന്നു കളക്ടര്‍ എസ്.സുഹാസ്. സ്‌നേഹക്കും സഹോദരങ്ങള്‍ക്കും പഠിക്കാനായി ലാപ്‌ടോപാണ് ജില്ലാ കളക്ടര്‍ നല്‍കിയത്. സഫലം പരാതി പരിഹാര അദാലത്തിലൂടെ പരാതി അറിയിച്ച സ്‌നേഹക്ക്, പരിഹാരം കാണാം എന്ന മറുപടിയാണ് ആദ്യം നല്‍കിയത്.

20 ദിവസത്തിനുള്ളില്‍ തന്നെ ലാപ്‌ടോപ്പ് സ്‌നേഹയുടെ കൈകളിലേക്ക് കൈമാറി കളക്ടര്‍ വാക്കുപാലിക്കുകയും ചെയ്തു.. ഇന്നലെ ഉച്ചയ്ക്ക് കളക്ടറുടെ ചേംബറില്‍ സ്‌നേഹ ലാപ്‌ടോപ്പ് ഏറ്റുവാങ്ങി.

കോതമംഗലം താലൂക്കിലെ സഫലം പരാതി പരിഹാര അദാലത്തിലാണ് സ്‌നേഹ തന്റെ ആവശ്യം അറിയിച്ചത്. വാരപ്പെട്ടി പഞ്ചായത്തിലെ കോഴിപ്പിള്ളി പരപ്പില്‍ വീട്ടില്‍ ബിജുവിന്റെയും സോണിയയുടെയും മകളായ സ്‌നേഹ ആലപ്പുഴ സെന്റ്.ജോസഫ് കോളേജില്‍ രണ്ടാം വര്‍ഷ ബിരുദ പരീക്ഷയെഴുതാന്‍ തയാറെടുക്കുകയാണ്. അതോടൊപ്പം ആലപ്പുഴ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ റോവിംഗ് പരിശീലനവും നടത്തുന്നു. അനിയന്‍ രണ്ടാം ക്ലാസിലും അനിയത്തി പ്ലസ് ടുവിനും പഠിക്കുന്നു. മൂന്നു പേര്‍ക്കും  പഠിക്കാനുള്ള സൗകര്യങ്ങള്‍ വീട്ടിലില്ല. വീട്ടില്‍ ബിജുവിനു മാത്രമാണ് സ്മാര്‍ട്ട് ഫോണുള്ളത്. സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനായ ബിജുവിനാണെങ്കില്‍ ജോലി ആവശ്യത്തിനായി ഫോണ്‍ ഉപയോഗിക്കുകയും വേണം. മക്കള്‍ക്ക് മൂന്നു പേര്‍ക്കും പുതിയ ഫോണ്‍ വാങ്ങി നല്‍കാനുള്ള സാമ്പത്തിക സ്ഥിതിയില്ല. പിന്നീട് പ്രശ്‌ന പരിഹാരത്തിനായി കളക്ടറെ സമീപിക്കാന്‍ സ്‌നേഹ തീരുമാനിക്കുകയായിരുന്നു. കോഴിപ്പിള്ളി അക്ഷയ കേന്ദ്രത്തിലെത്തിയാണ് പരാതി നല്‍കിയത്. അടുത്ത ദിവസം അക്ഷയ കേന്ദ്രത്തിലെത്തി കളക്ടറുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയും ചെയ്തു. പരിഹാരം കാണാമെന്ന് കളക്ടര്‍ അന്ന് മറുപടി നല്‍കി.

സംസ്ഥാന വ്യവസായ വകുപ്പിന്റെ സഹകരണത്തോടെയാണ് ലാപ്‌ടോപ് നല്‍കിയത്. സ്‌നേഹ ഇന്നലെ കളക്ടറേറ്റിലെത്തി സ്‌നേഹ ലാപ്‌ടോപ് ഏറ്റുവാങ്ങി. നന്നായി പഠിക്കണം എന്ന ആശംസയോടെയാണ് കളക്ടര്‍ ലാപ്‌ടോപ്പ് കൈമാറിയത്. പഠിക്കാമെന്ന ഉറപ്പും നന്ദിയും അറിയിച്ചാണ് സ്‌നേഹ ലാപ് ടോപ്പ് ഏറ്റുവാങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com