ഷൂട്ടിങ്ങിന് എന്ന് പറഞ്ഞ് മുറിയില്‍ പൂട്ടിയിട്ടു, ഭക്ഷണം പോലുമില്ലാതെ എട്ടുദിവസം, സ്വര്‍ണക്കടത്തിന് പ്രേരിപ്പിച്ചു; ബ്ലാക്ക്‌മെയില്‍ കേസില്‍ പ്രതികള്‍ക്കെതിരെ മോഡല്‍

സിനിമ നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത പ്രതികള്‍ക്കെതിരെ മോഡലും രംഗത്ത്.
ഷൂട്ടിങ്ങിന് എന്ന് പറഞ്ഞ് മുറിയില്‍ പൂട്ടിയിട്ടു, ഭക്ഷണം പോലുമില്ലാതെ എട്ടുദിവസം, സ്വര്‍ണക്കടത്തിന് പ്രേരിപ്പിച്ചു; ബ്ലാക്ക്‌മെയില്‍ കേസില്‍ പ്രതികള്‍ക്കെതിരെ മോഡല്‍

കൊച്ചി : സിനിമ നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത പ്രതികള്‍ക്കെതിരെ മോഡലും രംഗത്ത്. ഷൂട്ടിങ്ങിന് എന്ന് പറഞ്ഞ് പാലക്കാട്‌ കൊണ്ടുപോയി മുറിയില്‍ പൂട്ടിയിട്ടതായി മോഡല്‍ മാധ്യമങ്ങളോട് പറഞ്ഞു.ഭീഷണിപ്പെടുത്തി സ്വര്‍ണക്കടത്തിന് പ്രേരിപ്പിച്ചതായി ഇവര്‍ പൊലീസിന് മൊഴി നല്‍കി.

കഴിഞ്ഞദിവസം നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത കേസില്‍ തൃശൂര്‍ വാടാനപ്പിളളി സ്വദേശി റഫീഖ് ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് ഇവര്‍ കൂടുതല്‍ ആളുകളെ കബളിപ്പിച്ചിട്ടുണ്ട് എന്ന വിവരങ്ങള്‍ പുറത്തുവന്നത്. ഈ സംഘത്തിനെതിരെ മോഡല്‍ മാര്‍ച്ച് മാസത്തില്‍ തന്നെ പരാതി നല്‍കിയിരുന്നു. നടിയുടെ മാതാവിന്റെ പരാതിയില്‍ അറസ്റ്റ ചെയ്ത സംഘത്തെ തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മരട് പൊലീസില്‍ മൊഴി നല്‍കാന്‍ എത്തിയതാണ് മോഡല്‍.

മാര്‍ച്ചില്‍ ഷൂട്ടിങ്ങിന് എന്ന് പറഞ്ഞ് പാലക്കാട്ടേയ്ക്ക് വിളിച്ചു കൊണ്ടുപോയി. തുടര്‍ന്ന് മുറിയില്‍ എട്ടുദിവസം പൂട്ടിയിട്ടു. അവിടെ വേറെയും കുട്ടികള്‍ ഉണ്ടായിരുന്നു. ഒരു നേരത്തെ ഭക്ഷണം മാത്രമാണ് നല്‍കിയത്. ഇട്ട ഡ്രസ് മാത്രം ധരിച്ചാണ് ഇത്രയും ദിവസം കഴിച്ചുകൂട്ടിയത്. സ്വര്‍ണക്കടത്തിന് ഇവര്‍ പ്രേരിപ്പിച്ചതായും മോഡല്‍ പറഞ്ഞു. ആഡംബര വാഹനത്തില്‍ എസ്‌കോട്ട് പോകണം എന്നെല്ലാം പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്. ഇതിന് തയ്യാറാവാതെ വന്നതോടെ ഭീഷണിയും ആരംഭിച്ചു. പരാതി നല്‍കിയാല്‍ സൂര്യോദയം കാണില്ല എന്ന തരത്തിലായിരുന്നു ഭീഷണി. തുടര്‍ന്ന് എട്ടുദിവസം കഴിഞ്ഞ് വീട്ടില്‍ എത്തി. വീട്ടില്‍ എത്തി ഉടന്‍ തന്നെ നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് രണ്ടു പ്രാവശ്യം ഭീഷണിപ്പെടുത്തി സംഘം വിളിച്ചതായും മോഡല്‍ പറയുന്നു. ഇവര്‍ക്ക് പുറമേ വേറെയും ആളുകള്‍ ഉണ്ടെന്നും മോഡല്‍ മാധ്യമങ്ങളോട് പറഞ്ഞു.

നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത കേസില്‍ അറസ്റ്റിലായ പ്രതികള്‍ വര്‍ഷങ്ങളായി തട്ടിപ്പുനടത്തിവരുന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ സംസ്ഥാനത്ത് നിരവധി തട്ടിപ്പ് നടത്തിയിട്ടുണ്ട്. നിരവധി പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയരാക്കിയതായി പ്രതികള്‍ സമ്മതിച്ചതായും കമ്മീഷണര്‍ അറിയിച്ചു.

എന്നാല്‍ ഇക്കാര്യത്തില്‍ പൊലീസിന് പരാതി ലഭിച്ചിട്ടില്ല. എങ്കിലും ലൈംഗിക ചൂഷണത്തിന് ഇരയായ പെണ്‍കുട്ടികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സിനിമയില്‍ അവസരം അടക്കം വാഗ്ദാനം ചെയ്താണ് ലൈംഗിക ചൂഷണവും തട്ടിപ്പും പ്രതികള്‍ നടത്തിയിരുന്നതെന്നും വിജയ് സാഖറെ പറഞ്ഞു. ഇവര്‍ക്കുപിന്നില്‍ വന്‍സംഘം ഉണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

കേസില്‍ ഏഴു പ്രതികളാണുള്ളത്. ഇതില്‍ നാലുപേരാണ് അറസ്റ്റിലായത്. ശേഷിക്കുന്ന മൂന്നുപേരെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഭവത്തിന് പിന്നില്‍ സിനിമാമേഖലയിലുള്ളവര്‍ക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. സിനിമയുടെ പേരിലാണ് യുവനടിമാരെയും പെണ്‍കുട്ടികളെയും ഇവര്‍ വലയിലാക്കുന്നത്.

തുടര്‍ന്ന് സിനിമയ്ക്ക് ചില സാമ്പത്തിക പ്രയാസമുണ്ടെന്ന് പറഞ്ഞ് ഇവരില്‍ നിന്നും പണവും സ്വര്‍ണാഭരണങ്ങളും കൈക്കലാക്കുകയാണ് പതിവ്. നിരവധി പേരെ ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇവര്‍ ഇവരെ സ്വര്‍ണ്ണക്കടത്തിന് ഉപയോഗിച്ചതായും സൂചന ലഭിച്ചിട്ടുണ്ട്.

ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടിയ കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല. തട്ടിപ്പുസംഘത്തിന് ഷംനയുടെ ഫോണ്‍നമ്പര്‍ എങ്ങനെ ലഭിച്ചു എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്വര്‍ണ്ണക്കടത്ത് ബന്ധം അടക്കം അന്വേഷണപരിധിയിലുണ്ട്. പ്രതികള്‍ക്ക് നടിയെ ആക്രമിച്ച കേസുമായും ബന്ധമുള്ളതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. അന്വേഷണം നടക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാനാവില്ലെന്ന് പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com