സുഭാഷ് വാസു അടക്കമുളളവര്‍ മാനസികമായി തകര്‍ത്തു, കേസില്‍ കുടുക്കുമെന്ന ഭയത്തില്‍ ആത്മഹത്യ ചെയ്തു; സിബിഐ അന്വേഷണം വേണമെന്ന് വെളളാപ്പളളി

ചേര്‍ത്തല യൂണിയനുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടില്‍ മഹേശന്‍ നിരപരാധിയാണെന്നും വെളളാപ്പളളി നടേശന്‍
സുഭാഷ് വാസു അടക്കമുളളവര്‍ മാനസികമായി തകര്‍ത്തു, കേസില്‍ കുടുക്കുമെന്ന ഭയത്തില്‍ ആത്മഹത്യ ചെയ്തു; സിബിഐ അന്വേഷണം വേണമെന്ന് വെളളാപ്പളളി

ആലപ്പുഴ: എസ്എന്‍ഡിപി യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയും മൈക്രോ ഫിനാന്‍സ് പദ്ധതി സംസ്ഥാന കോ- ഓര്‍ഡിനേറ്ററും ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ കെ മഹേശന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. ചേര്‍ത്തല യൂണിയനുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടില്‍ മഹേശന്‍ നിരപരാധിയാണെന്നും വെളളാപ്പളളി നടേശന്‍ മാധ്യമങ്ങളോട് പറഞ്ഞു. മുന്‍ ബിഡിജെഎസ് നേതാവ് സുഭാഷ് വാസു അടക്കമുളളവര്‍ ചേര്‍ന്ന് മഹേശനെ മാനസികമായി തകര്‍ത്തു. കേസില്‍ കുടുക്കുമെന്ന ഭയത്തില്‍ മഹേശന്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും വെളളാപ്പളളി ആരോപിച്ചു.

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസുകളുമായി മഹേശന് ഒരു ബന്ധവുമില്ല. മൈക്രോ ഫിനാന്‍സ് പദ്ധതി സംസ്ഥാന കോ- ഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ ക്ലാസ് എടുക്കുന്നത് അടക്കമുളള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതല്ലാതെ തട്ടിപ്പില്‍ മഹേശന്‍ പങ്കാളിയല്ലെന്ന് വെളളാപ്പളളി പറഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട ബന്ധമാണ് മഹേശനുമായി ഉളളത്. തന്റെ വലംകൈയാണ്. താനാണ് മഹേശനെ വളര്‍ത്തിയത്. മഹേശനെ കൊളളരുതാത്തവന്‍ ആക്കാന്‍ ചിലര്‍ ശ്രമിച്ചു. ഇതിന്റെ മനോവിഷമത്തിലാണ് മഹേശന്‍ ആത്മഹത്യ ചെയ്തതെന്ന് വെളളാപ്പളളി ആരോപിച്ചു. നല്ലത് പറഞ്ഞവര്‍ തന്നെയാണ് ഇദ്ദേഹത്തെ തേജോവധം ചെയ്ത് നശിപ്പിക്കാന്‍ ശ്രമിച്ചത്.

ചേര്‍ത്തല യൂണിയനിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് തന്നെ മഹേശന്‍ ഫോണില്‍ വിളിച്ചിട്ടുണ്ട്. അപ്പോഴെല്ലാം ആശ്വസിപ്പിക്കുകയാണ് താന്‍ ചെയ്തിട്ടുളളത്. ചേര്‍ത്തല യൂണിയന്റെ ഭരണസമിതിയില്‍ സ്ഥാനം ലഭിക്കാത്തവര്‍ ചേര്‍ന്ന് മഹേശനെ മാനസികമായി പീഡിപ്പിച്ചു. കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് ഭയപ്പെടുത്തി. ഇതില്‍ മഹേശന്റെ മനോനില തെറ്റിയതായും വെളളാപ്പളളി ആരോപിച്ചു.മൈക്രോ ഫിനാന്‍സ് പദ്ധതി സംസ്ഥാന കോ- ഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ പണം വിതരണം ചെയ്തതല്ലാതെ, തട്ടിപ്പില്‍ ഒരു വിധത്തിലുമുളള പങ്കും മഹേശന് ഇല്ല. മൈക്രോ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നടത്തുന്ന കേസുകളും ചേര്‍ത്തല യൂണിയനുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ക്രമക്കേടുകളും വ്യത്യസ്തമാണ്. മൈക്രോ ഫിനാന്‍സ് കേസുകളില്‍ തന്നെ കുടുക്കുമോ എന്ന ഭയമായിരുന്നു മഹേശന്. ഇടയ്ക്കിടെ തന്നെ വിളിച്ച് കാര്യങ്ങള്‍ പറയാറുണ്ടെന്നും താന്‍ ആശ്വസിപ്പിച്ചിരുന്നതായും വെളളാപ്പളളി പറഞ്ഞു.

ചേര്‍്ത്തല സ്‌കൂള്‍ നിയമനവുമായി ബന്ധപ്പെട്ട് ചിലര്‍ മഹേശനെ തേജോവധം ചെയ്തു. എസ്എന്‍ഡിപി യോഗത്തിന്റെ കര്‍മ പദ്ധതികള്‍ നിര്‍വഹിക്കുന്നതില്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച വ്യക്തിയാണ് മഹേശന്‍. യോഗനാദത്തിന്റെ എഡിറ്റോറിയല്‍ എഴുതുന്നതിലും മഹേശന്‍ തന്നെ സഹായിച്ചിട്ടുണ്ട്. താനുമായി ഒരുവിധത്തിലുമുളള അഭിപ്രായ വൃത്യാസവും ഉണ്ടായിരുന്നില്ലെന്നും വെളളാപ്പളളി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com