'കേരള ഡയലോഗ്' സംവാദ പരിപാടി ഇന്നുമുതല്‍ ; നോം ചോംസ്‌കിയും അമര്‍ത്യ സെന്നും സംസാരിക്കും

മുഖ്യമന്ത്രിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഇന്ന് വൈകീട്ട് നാലിന് ഓണ്‍ലൈന്‍ സംവാദ പരിപാടി സംപ്രേഷണം ചെയ്യും
'കേരള ഡയലോഗ്' സംവാദ പരിപാടി ഇന്നുമുതല്‍ ; നോം ചോംസ്‌കിയും അമര്‍ത്യ സെന്നും സംസാരിക്കും

തിരുവനന്തപുരം: കേരള ഡയലോഗ് തുടര്‍ സംവാദ പരിപാടിക്ക് ഇന്ന് തുടക്കം. കോവിഡ് പശ്ചാത്തലത്തില്‍ പുതിയ ആശയങ്ങളും വികസന മാതൃകകളും ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ തുടങ്ങുന്ന ഓണ്‍ലൈന്‍ സംവാദ പരിപാടിയാണ് കേരള ഡയലോഗ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സംവാദ പരിപാടി മുഖ്യമന്ത്രിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെ സംപ്രേഷണം ചെയ്യും.

ലോക പ്രശസ്ത പണ്ഡിതരായ നോം ചോസ്‌കി, അമര്‍ത്യ സെന്‍, സൗമ്യ സ്വാമി നാഥന്‍ എന്നിവര്‍ ഇന്നത്തെ എപ്പിസോഡില്‍ സംസാരിക്കും. പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ എന്‍. റാം, സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി കെ രാമചന്ദ്രന്‍ എന്നിവരാണ് മോഡറേറ്റര്‍മാര്‍. കേരളം- ഭാവി വികസനമാര്‍ഗങ്ങള്‍ എന്നതാണ് ആദ്യ എപ്പിസോഡിലെ വിഷയം.

ഇന്ന് വൈകീട്ട് നാലിന് മുഖ്യമന്ത്രിയുടെ സാമൂഹ്യമാധ്യമ പേജുകളിലൂടെ ഓണ്‍ലൈന്‍ സംവാദ പരിപാടി സംപ്രേഷണം ചെയ്യും. തുടര്‍ ദിവസങ്ങളില്‍ ശാസ്ത്രജ്ഞരും തത്വചിന്തകരും നയതന്ത്രജ്ഞരും സാമ്പത്തിക വിദഗ്ധരും എഴുത്തുകാരും ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും സാങ്കേതിക വിദഗ്ധരും ഉള്‍പ്പെടെ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികള്‍ പരിപാടിയില്‍ പങ്കാളികളാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com