ക്രഷറിലെ കൂറ്റൻ കോൺക്രീറ്റ് ടാങ്കിലേക്ക് കാൽ തെന്നി വീണു; അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം; മൃതദേഹം പുറത്തെടുത്തത് ടാങ്ക് തകർത്ത്

പാറപൊടിക്കുന്ന ജോലികൾക്കുശേഷം വൈകീട്ട്‌ ചോർപ്പിന്റെ ആകൃതിയിലുള്ള കോൺക്രീറ്റ്‌ ടാങ്ക് വൃത്തിയാക്കാൻ കയറിയ നാരായൺ കാൽ വഴുതി ടാങ്കിലേക്ക് വീഴുകയായിരുന്നു
ക്രഷറിലെ കൂറ്റൻ കോൺക്രീറ്റ് ടാങ്കിലേക്ക് കാൽ തെന്നി വീണു; അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം; മൃതദേഹം പുറത്തെടുത്തത് ടാങ്ക് തകർത്ത്

കോട്ടയം; ക്രഷർ യൂണിറ്റിലെ കൂറ്റൻ കോൺക്രീറ്റ് ചോർപ്പിൽവീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. ബീഹാർ പശ്ചിമ ചമ്പാരൻ ജില്ലയിലെ പുരൈനിയ സ്വദേശി നാരായൺ ദിസവ (29) ആണ് മരിച്ചത്‌. കോട്ടയം പൂവൻതുരുത്ത്‌ മണക്കാട്ട്‌ ക്രഷറിൽ വ്യാഴാഴ്ച വൈകീട്ട്‌ ആറുമണിയോടെയാണ്‌ സംഭവം. വൃത്തിയാക്കുന്നതിനിടെ ലോറികളിലേക്ക് പാറപ്പൊടി നിറയ്ക്കുന്ന കൂറ്റൻ കോൺക്രീറ്റ് ചോർപ്പിൽ വീണ നാരായൺ ശ്വാസം മുട്ടി മരിക്കുകയായിരുന്നു.

പാറപൊടിക്കുന്ന ജോലികൾക്കുശേഷം വൈകീട്ട്‌ ചോർപ്പിന്റെ ആകൃതിയിലുള്ള കോൺക്രീറ്റ്‌ ടാങ്ക് വൃത്തിയാക്കാൻ കയറിയ നാരായൺ കാൽ വഴുതി ടാങ്കിലേക്ക് വീഴുകയായിരുന്നു. 12 അടിയോളം ഉയരമുള്ള ഇതിന്റെ അടിയിലെ അടപ്പ് പാതി അടഞ്ഞിരുന്നതിനാൽ ഉള്ളിൽ കുടുങ്ങിപ്പോയി. നാരായൺ വീണതിനു പിന്നാലെ മുകളിലേക്ക് പാറപ്പൊടിയും കൂമ്പാരമായി വീണു. ഇതോടെ രക്ഷിക്കാനാവാതെ ശ്വാസംമുട്ടി മരണം സംഭവിക്കുകയായിരുന്നു.

അഗ്നിരക്ഷാസേനയെത്തി കോൺ​ഗ്രീറ്റ് ടാങ്കിന്റെ അടിഭാ​ഗം തകർത്താണ് മൃതദേഹം പുറത്തെടുത്തത്. രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലായിരുന്നു മൃതദേഹം പുറത്തെത്തിച്ചത്. കോട്ടയം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com