തദ്ദേശ തെരഞ്ഞെടുപ്പ് : പോളിങ്‌ സ്റ്റേഷനുകൾ പുനഃക്രമീകരിക്കും ; 29 ന് മുമ്പ് റിപ്പോർട്ട് നൽകാൻ നിർദേശം

നിലവിലുള്ള പോളിങ്‌ സ്റ്റേഷൻ ഉപയോഗിക്കാൻ കഴിയില്ലെങ്കിൽ 500 മീറ്റർ ചുറ്റളവിൽ പുതിയ കേന്ദ്രം കണ്ടെത്തണം
തദ്ദേശ തെരഞ്ഞെടുപ്പ് : പോളിങ്‌ സ്റ്റേഷനുകൾ പുനഃക്രമീകരിക്കും ; 29 ന് മുമ്പ് റിപ്പോർട്ട് നൽകാൻ നിർദേശം

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പോളിങ്‌ സ്റ്റേഷനുകൾ പുനഃക്രമീകരിക്കാൻ നടപടികൾ ആരംഭിച്ചു. പഞ്ചായത്തുകളിൽ പരമാവധി 1200 വോട്ടർമാരെയും മുനിസിപ്പാലിറ്റിയിൽ 1500 വോട്ടർമാരെയും ഉൾപ്പെടുത്തിയാണ് പുനഃക്രമീകരണം. ത്രിതല പഞ്ചായത്തുകൾക്കായി 29,210 ഉം മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും 5,213 ഉം പോളിങ്‌ സ്റ്റേഷനുകളാണ് ‌ നിലവിലുള്ളത്‌.

ഇവിടങ്ങളിൽ സന്ദർശനം നടത്തി ഈ മാസം 29നുമുമ്പ് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട്‌ നൽകാൻ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക്‌ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി ഭാസ്‌കരൻ നിർദേശം നൽകി. വോട്ടെടുപ്പ്‌ കേന്ദ്രമായി പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വിസ്തീർണം, സ്ഥലസൗകര്യം, വോട്ടർമാർക്ക് എത്തിച്ചേരാനുള്ള സൗകര്യം, കുടിവെള്ളം, വൈദ്യുതി, ഫർണിച്ചർ, ശുചിമുറി തുടങ്ങിയവയുടെ ലഭ്യത എന്നിവ പരിശോധിക്കും. ഇതിനുശേഷം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സമർപ്പിക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പുനഃക്രമീകരണം വരുത്തും.

നിലവിലുള്ള പോളിങ്‌ സ്റ്റേഷൻ ഉപയോഗിക്കാൻ കഴിയില്ലെങ്കിൽ 500 മീറ്റർ ചുറ്റളവിൽ പുതിയ കേന്ദ്രം കണ്ടെത്തണം. പുതിയ പോളിങ്‌ സ്റ്റേഷൻ സ്ഥാപിക്കുകയോ നിലവിലുള്ളവ മാറ്റുകയോ ചെയ്യേണ്ടിവന്നാൽ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അതത്‌ തദ്ദേശഭരണ സ്ഥാപനങ്ങളിലെ രാഷ്ട്രീയപാർടി പ്രതിനിധികളുടെ യോഗം വിളിച്ചുചേർക്കും. ഇക്കാര്യം കർശനമായി പാലിക്കാൻ‌ കമീഷൻ നിർദേശം നൽകിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com