സ്വർണ്ണക്കടത്ത് മറ മാത്രം, ഇടനിലക്കാരിയായത് മീര ; ടിക് ടോക് താരത്തിന്റെ മൊഴിയെടുക്കും ; കൊച്ചി ബ്ലാക്ക്മെയിൽ കേസിൽ കൂടുതൽ വിവരങ്ങൾ

പിടിയിലായവര്‍ക്കെതിരെ മനുഷ്യക്കടത്ത് കുറ്റവും ചുമത്തി. ഇക്കാര്യവും അന്വേഷിച്ചുവരികയാണ്
സ്വർണ്ണക്കടത്ത് മറ മാത്രം, ഇടനിലക്കാരിയായത് മീര ; ടിക് ടോക് താരത്തിന്റെ മൊഴിയെടുക്കും ; കൊച്ചി ബ്ലാക്ക്മെയിൽ കേസിൽ കൂടുതൽ വിവരങ്ങൾ

കൊച്ചി :  ബ്ലാക്മെയിലിങ് കേസിൽ സ്വര്‍ണക്കടത്ത് വെറും മറ മാത്രമാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാഖറെ. ഇതുവരെയുള്ള അന്വേഷണത്തിൽ പ്രതികൾ സ്വർണ്ണക്കടത്ത് നടത്തിയതായി കണ്ടെത്തിയിട്ടില്ല. ഇതിന്റെ പേരിൽ പെൺകുട്ടികളെ വഞ്ചിച്ചിരുന്നതായി കണ്ടെത്തിയെന്നും വിജയ് സാഖറെ പറഞ്ഞു.

തട്ടിപ്പിന് പുറമേ ലൈംഗിക ചൂഷണവും , സ്വർണക്കടത്തും പ്രതികൾ നടത്തിയിട്ടുണ്ടെന്നാണ് മനസ്സിലായിട്ടുള്ളത്. പിടിയിലായവര്‍ക്കെതിരെ മനുഷ്യക്കടത്ത് കുറ്റവും ചുമത്തി. ഇക്കാര്യവും അന്വേഷിച്ചുവരികയാണ്. മീര എന്ന യുവതിയാണ് പെണ്‍കുട്ടികളെ പ്രതികളുമായി ബന്ധപ്പെടുത്തിയത്. കാസര്‍കോട്ടുകാരനായ ടിക് ടോക് താരത്തെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നും വിജയ് സാഖറെ അറിയിച്ചു.

ഇതുവരെ മൂന്ന് പരാതികൾ കിട്ടി. അ‍ഞ്ചുപേര്‍ കൂടി ഇന്ന് പരാതി നല്‍കാനെത്തും എന്നാണ് അറിയിച്ചിട്ടുള്ളത്. ആദ്യപരാതി അന്വേഷിക്കാതിരുന്നത് കോവിഡ് നിയന്ത്രണങ്ങള്‍ മൂലമാണ്. ഡിസിപി ജി. പൂങ്കുഴലിക്കാണ് അന്വേഷണത്തിന്റെ മേൽനോട്ടച്ചുമതല. എല്ലാക്കാര്യവും വിശദമായി അന്വേഷിക്കുമെന്നും പൊലീസ് കമ്മീഷണർ പറഞ്ഞു.

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച ഏഴംഗ സംഘത്തിലെ നാലുപേർ പിടിയിലായിരുന്നു. ഒരു പ്രതി കോടതിയിൽ കീഴടങ്ങുകയും ചെയ്തു. ഹൈദരാബാദിലുള്ള നടി തിരികെ എത്തുമ്പോൾ വിശദമായ മൊഴി രേഖപ്പെടുത്താനാണ് പൊലീസിന്റെ തീരുമാനം. അറസ്റ്റ് വിവരം പുറത്തുവന്നതോടെ മുൻപും തട്ടിപ്പിനിരയായവർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

കൊച്ചി കടവന്ത്ര സ്വദേശിയായ യുവതിയും  പരാതി നൽകി. ഇതിന് പിന്നാലെ ആലപ്പുഴ സ്വദേശിനിയടക്കം മൊഴി നൽകാനെത്തി. മോഡലിങ്ങിനായി പാലക്കാട്ടെത്തിച്ച് പൂട്ടിയിട്ടുവെന്നും, സ്വർണക്കടത്തിന് പ്രേരിപ്പിച്ചുവെന്നും പെൺകുട്ടി പറഞ്ഞു. മാർച്ചിൽ നടന്ന സംഭവത്തിൽ എറണാകുളം നോർത്ത് പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ഇതോടെ വ്യക്തമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com