സബ് രജിസ്ട്രാര്‍ 5,000 രൂപ കൈക്കൂലി വാങ്ങി; 7 വര്‍ഷം കഠിന തടവ്, 5 ലക്ഷത്തിന് മേലെ പിഴ

ചേവായൂര്‍ സബ് രജിസ്ട്രാര്‍ ആയിരുന്ന കെടി ബീനയെയാണ് ശിക്ഷിച്ചത്
സബ് രജിസ്ട്രാര്‍ 5,000 രൂപ കൈക്കൂലി വാങ്ങി; 7 വര്‍ഷം കഠിന തടവ്, 5 ലക്ഷത്തിന് മേലെ പിഴ


കോഴിക്കോട്: കൈക്കൂലി കേസില്‍ ഏഴ് വര്‍ഷം കഠിനതടവ്. ചേവായൂര്‍ സബ് രജിസ്ട്രാര്‍ ആയിരുന്ന കെടി ബീനയെയാണ് ശിക്ഷിച്ചത്. അഞ്ച് ലക്ഷത്തി അയ്യായിരം രൂപ പിഴയും ഈടാക്കാന്‍ കോടതി ഉത്തരവിട്ടു. 5,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് നടപടി. കോഴിക്കോട് വിജിലന്‍സ് പ്രത്യേക കോടതിയുടെതാണ് വിധി. അനധികൃത സ്വത്ത് സമ്പാദനത്തിന് ഇവര്‍ക്കെതിരെ വിജിലന്‍സ് കേസുണ്ട്.

വസ്തുവിന്റെ ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിനായാണ് സബ് രജിസ്ട്രാര്‍ കൈക്കൂലി വാങ്ങിയത്. ആധാരമെഴുത്തുകാരനും റിട്ട. വില്ലേജ് ഓഫീസറുമായ ഭാസ്‌കരനില്‍നിന്ന് 5,000 രൂപ കൈക്കൂലി വാങ്ങിയെന്നതാണ് കേസ്. സബ് രജിസ്ട്രാര്‍ ആവശ്യപ്പെട്ട പണംനല്‍കാന്‍ പോകുന്നതിന് മുമ്പ് ഭാസ്‌കരന്‍ വിജിലന്‍സില്‍ പരാതി നല്‍കി. ഇതുപ്രകാരം കേസെടുത്ത വിജിലന്‍സ് ഫിനോഫ്ത്തലിന്‍ പുരട്ടിയ ആയിരത്തിന്റെ അഞ്ചുനോട്ടുകള്‍ നല്‍കുകകായിരുന്നു.

തൊട്ടുപിന്നാലെ ഓഫീസിലെത്തിയ വിജിലന്‍സ് സംഘം രണ്ട് ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയില്‍ സബ് രജിസ്ട്രാറുടെ കൈയില്‍ ഫിനാഫ്ത്തലിന്‍ സാന്നിധ്യം കണ്ടെത്തി. എങ്കിലും, കൈക്കൂലി വാങ്ങിയില്ലെന്ന നിലപാടില്‍ അവര്‍ ഉറച്ചുനിന്നു. തുടര്‍ന്ന് 15 വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഒരു മണിക്കൂറിലേറെ നേരം ഓഫീസില്‍ നടത്തിയ തിരച്ചിലില്‍ റെക്കോര്‍ഡ് റൂമില്‍ രജിസ്റ്ററുകള്‍ക്കിടയില്‍നിന്ന് പണം കണ്ടെത്തുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com