കോട്ടയത്ത് ആഴ്ചകള്‍ പഴക്കമുളള അസ്ഥികൂടം കാട്ടില്‍, അഴുകിയ നിലയില്‍; ഷര്‍ട്ടിന്റെ ഭാഗം മരത്തില്‍, അന്വേഷണം

മറിയപ്പള്ളിയില്‍ എംസി റോഡിനു സമീപം സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ആഴ്ചകള്‍ പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി
കോട്ടയത്ത് ആഴ്ചകള്‍ പഴക്കമുളള അസ്ഥികൂടം കാട്ടില്‍, അഴുകിയ നിലയില്‍; ഷര്‍ട്ടിന്റെ ഭാഗം മരത്തില്‍, അന്വേഷണം

കോട്ടയം: മറിയപ്പള്ളിയില്‍ എംസി റോഡിനു സമീപം സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ആഴ്ചകള്‍ പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി. മൂന്നാഴ്ച മുന്‍പ് വൈക്കം ഭാഗത്തു നിന്നു കാണാതായ യുവാവിന്റേതാണെന്നു സംശയിക്കുന്നതായി ചങ്ങനാശേരി ഡിവൈഎസ്പി വി ജെ ജോഫി പറഞ്ഞു.

ഇന്നലെ രാവിലെ ഒന്‍പതോടെയാണ് കണ്ടെത്തിയത്. 30 വയസ്സില്‍ താഴെയുള്ള ആളിന്റേതാണ് മൃതദേഹമെന്നു പരിശോധനയില്‍ വ്യക്തമായെന്ന് പൊലീസ് അറിയിച്ചു. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഇന്ത്യ പ്രസ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് കാടുമൂടി കിടന്ന ഭാഗം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു വൃത്തിയാക്കുന്നവരാണ് ആദ്യം കണ്ടത്. ഇവര്‍ പൊലീസിനെ അറിയിച്ചു. മാംസം പൂര്‍ണമായും അഴുകിയ നിലയിലാണ്.

പ്രസിന്റെ പഴയ കാന്റീന്‍ കെട്ടിടത്തിനു സമീപം മരത്തിനു താഴെയാണ് അസ്ഥികൂടം. ഈ ഭാഗത്ത് ഒരാള്‍ പൊക്കത്തില്‍ കാടു വളര്‍ന്നു നില്‍ക്കുകയായിരുന്നു. മരത്തില്‍ ഒരു തുണി തുങ്ങിക്കിടപ്പുണ്ട്. ഇത് ഇയാള്‍ ധരിച്ച ഷര്‍ട്ടിന്റെ അവശിഷ്ടമാണെന്നാണു സംശയം. ഇതിനു താഴെ വീണു കിടക്കുന്നതു പോലെയാണ് അസ്ഥികൂടം. ധരിച്ച ജീന്‍സിന്റെ അവശിഷ്ടങ്ങളും അസ്ഥികൂടത്തിലുണ്ട്.

സമീപത്തു നിന്ന് ചെരുപ്പും മൊബൈല്‍ ഫോണും കണ്ടെത്തി. കാട് മൂടിക്കിടന്നിരുന്ന പ്രദേശത്തേക്ക് നാട്ടുകാര്‍ സാധാരണ എത്താറില്ല. ഇവിടെ കോഴിമാലിന്യം തള്ളുന്നതും സ്ഥിരം സംഭവമാണ്. അതിനാല്‍ ഗന്ധം പുറത്തറിഞ്ഞില്ല. ഫൊറന്‍സിക് സംഘവും തെളിവു ശേഖരിച്ചു. ചിങ്ങവനം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com