'തോപ്പില്‍ ഭാസിയെ ആദരിക്കാന്‍ മറന്ന കമ്യൂണിസ്റ്റുകാര്‍ കെഎം മാണി സ്മാരകത്തിനു കോടികള്‍ അനുവദിക്കുന്നു'

'തോപ്പില്‍ ഭാസിയെ ആദരിക്കാന്‍ മറന്ന കമ്യൂണിസ്റ്റുകാര്‍ കെഎം മാണി സ്മാരകത്തിനു കോടികള്‍ അനുവദിക്കുന്നു'

കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റുകാരന്‍ ശ്രീനാരായണഗുരുവാണ്


കൊച്ചി: ഇടതുപക്ഷം ജനപക്ഷം അല്ലാതാവുമ്പോഴാണ് കലാകാരന്മാര്‍ ഇടതുപക്ഷത്തിന്റെ വിമര്‍ശകരാകുന്നതെന്ന് കവിയും ചലച്ചിത്രകാരനുമായ ശ്രീകുമാരന്‍ തമ്പി. കലാകാരന്റെ ഇടതുപക്ഷ ആഭിമുഖ്യത്തിനു മറ്റുള്ളവര്‍ പരാതി പറഞ്ഞിട്ടു വലിയ കാര്യമില്ല. കലാകാരന്‍ സംസ്‌കാരവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവനാണ്. അവനു ജനപക്ഷത്തേ നില്‍ക്കാനാവൂ. കേരളത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ കവികളും ചിത്രകാരന്മാരും ഗായകരും കലാകാരന്മാരും ഇടതുപക്ഷത്തായിരുന്നുവെന്ന് സമകാലിക മലയാളം വാരികയുമായുള്ള അഭിമുഖത്തില്‍ ശ്രീകുമാരന്‍ തമ്പി പറഞ്ഞു.  

കേരളത്തിലെ ഇടതുപക്ഷത്തിന്റെ വളര്‍ച്ചയില്‍ കലാകാരന്മാരുടെ വലിയ സംഭാവനകള്‍ അവര്‍ മറന്നുപോവുന്നുണ്ട്. അതുകൊണ്ടാണ് ഭാസ്‌കരന്‍ മാഷിനോട് ഇടതുപക്ഷം കാട്ടിയ അവഗണനയ്‌ക്കെതിരെ പ്രതിഷേധിച്ചത്. മാഷിനെ അവഗണിക്കുകയും അപമാനിക്കുകയുമായിരുന്നു. പിണറായി വിജയന്‍ സര്‍ക്കാര്‍ വന്നശേഷം ഭാസ്‌കരന്‍ മാസ്റ്ററുടെ ഒരു പ്രതിമ വച്ചു. എന്നാലത് വയലാറിന്റേയും ദേവരാജന്‍ മാസ്റ്ററുടേയും പ്രതിമകള്‍ സ്ഥാപിച്ചശേഷം ആയിരുന്നു. തോപ്പില്‍ ഭാസിയെ ആദരിക്കാന്‍ മറന്ന കമ്യൂണിസ്റ്റുകാര്‍ കെ.എം. മാണിക്ക് സ്മാരക നിര്‍മ്മാണത്തിനു കോടികള്‍ അനുവദിക്കുന്നു എന്നതും കാണാതെ പോകരുത്- അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.

ലോകത്ത് ഒരു ജനതയും കാണാത്ത ഒരു സ്വപ്നം കണ്ടവനാണ് മലയാളി. എല്ലാവരും ഒരുപോലെ ജീവിക്കുന്ന ഒരുകാലം. അതാണ് മലയാളിയുടെ ഓണം. നന്മനിറഞ്ഞ ആ കാലത്തെ വിഭാവന ചെയ്യുന്നവര്‍. അങ്ങനെ നോക്കിയാല്‍ ഇന്ത്യയില്‍ ജനാധിപത്യം എന്താണെന്നു തിരിച്ചറിഞ്ഞതു മലയാളി മാത്രമായിരുന്നു. ഉത്സവം എന്നാല്‍ ഉയര്‍ച്ചയ്ക്കുള്ള യജ്ഞം എന്നാണ്. ലോകത്ത് എല്ലായിടങ്ങളിലും കാര്‍ഷികോത്സവങ്ങള്‍ ഉണ്ട്. ഇന്ത്യയില്‍ത്തന്നെ മറ്റിടങ്ങളില്‍ ആഹ്ലാദിക്കാന്‍ ഹോളിപോലെ നിരവധി ഉത്സവങ്ങള്‍. മലയാളി അല്ലാതെ ഒരിടത്തും സമത്വത്തിനുവേണ്ടി ഒരുത്സവം ആഘോഷിക്കുന്നില്ല. അതുകൊണ്ടാണ് ജനാധിപത്യ പ്രക്രിയയിലൂടെ കേരളത്തില്‍ അധികാരത്തില്‍ വരാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് കഴിഞ്ഞത്. മലയാളിയുടെ സ്വപ്നം സഫലമായോ എന്നത് മറ്റൊരു ചോദ്യമാണ്.

കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റുകാരന്‍ ശ്രീനാരായണഗുരുവാണ്. ഗുരു ഉഴുതുമറിച്ച മണ്ണിലാണ് കമ്യൂണിസ്റ്റുകാര്‍ വിത്തിട്ടു വിളവെടുത്തത്. ഒരു നവകേരളം, അല്ല നവലോകം കെട്ടിപ്പടുക്കാന്‍ ശ്രമിച്ച ജാതിയില്ല മതമില്ല എന്നു പറഞ്ഞ ഗുരുവിനെ ചിലര്‍ സ്വന്തമാക്കി, അവരുടെ മാത്രം സ്വത്താക്കി ചെറുതാക്കിക്കളഞ്ഞു.
നവോത്ഥാനമെന്നത് ശബരിമലയില്‍ ഒതുക്കി രാഷ്ട്രീയവല്‍ക്കരിക്കേണ്ട ഒന്നല്ല. ആണും പെണ്ണും കയ്യില്‍ പിടിച്ചു വഴിയെ നടന്നാല്‍ നവോത്ഥാനം വരില്ല. മനുഷ്യജീവിതത്തിന്റെ അടിത്തട്ടില്‍ പ്രകടമാകേണ്ട മാറ്റമാണത്. അതുകൊണ്ടുതന്നെ എല്ലാക്കാലത്തും ഉണ്ടായിക്കൊണ്ടിരിക്കേണ്ടതും.

ഞാന്‍ ചന്ദനക്കുറി തൊടുന്നു. ഹിന്ദുവായി ജീവിക്കുന്നു. യഥാര്‍ത്ഥ ഹിന്ദുവിനു വര്‍ഗ്ഗീയവാദി ആകാന്‍ കഴിയില്ല. അതുകൊണ്ടു ശ്രീകുമാരന്‍തമ്പിക്ക് വര്‍ഗ്ഗീയവാദി ആകാനാവില്ല. ഹിന്ദുമനസ്സ് എന്നും വിശാലമായിരുന്നു. ആ ഹൃദയവിശാലതകൊണ്ടാണ് മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഇവിടെ വന്നതും സഹവര്‍ത്തിത്വത്തോടെ ജീവിച്ചതും- ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

ശ്രീകുമാരന്‍ തമ്പിയുമായുള്ള ദീര്‍ഘ സംഭാഷണം പുതിയ ലക്കം മലയാളം വാരികയില്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com