ഇടനില നിന്നത് മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് ;  നിരവധി പെണ്‍കുട്ടികള്‍ തട്ടിപ്പിനിരയായി ; അന്വേഷണം സിനിമാമേഖലയിലേക്കും ; കൊച്ചി ബ്ലാക്ക്‌മെയില്‍ കേസ് വഴിത്തിരിവിലേക്ക്

ഷംനയ്ക്ക് പുറമെ, നിരവധി പെണ്‍കുട്ടികള്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു. 18 പെണ്‍കുട്ടികളെ തിരിച്ചറിഞ്ഞു
ഇടനില നിന്നത് മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് ;  നിരവധി പെണ്‍കുട്ടികള്‍ തട്ടിപ്പിനിരയായി ; അന്വേഷണം സിനിമാമേഖലയിലേക്കും ; കൊച്ചി ബ്ലാക്ക്‌മെയില്‍ കേസ് വഴിത്തിരിവിലേക്ക്

കൊച്ചി : നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഇടനില നിന്നത് മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റെന്ന് റിപ്പോര്‍ട്ടുകള്‍. കേസിലെ പ്രധാനപ്രതിയുടെ ബന്ധുവാണ് മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റ്. കോഴിക്കോട്ടെ പ്രമുഖ കുടുംബത്തില്‍ നിന്ന് വിളിക്കുമെന്ന് ഇയാളാണ് ഷംനയെ അറിയിച്ചത്. വിദേശരാജ്യങ്ങളിലടക്കം മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുന്ന ആളാണ് ഇയാള്‍. ഇടനിലക്കാരനായ ഇയാളെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യും.

കേസില്‍ സിനിമാബന്ധമുള്ളവരുണ്ടെന്നും പൊലീസ് സംശയിക്കുന്നു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന കൊച്ചി ഡിസിപി പൂങ്കുഴലി പറഞ്ഞു. സിനിമാക്കാര്‍ മാത്രമല്ല ഇവരുടെ തട്ടിപ്പിനിരയായത്. റിസപ്ഷനിസ്റ്റുകളും ഇവന്റ് മാനേജ്‌മെന്റ് ജീവനക്കാരും തട്ടിപ്പിനിരയായിട്ടുണ്ടെന്നും ഡിസിപി അറിയിച്ചു.

ഷംനയ്ക്ക് പുറമെ, നിരവധി പെണ്‍കുട്ടികള്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു. 18 പെണ്‍കുട്ടികളെ തിരിച്ചറിഞ്ഞു. ഇതില്‍ ഒമ്പതുപേരുടെ മൊഴി രേഖപ്പെടുത്തിയതായി ഡിസിപി ഫറഞ്ഞു. ഇതിലേറെയും മോഡലുകളും സിനിമയില്‍ വേഷം മോഹിച്ചെത്തിയ പെണ്‍കുട്ടികളുമാണ്. പ്രതികള്‍ക്കെതിരെ നിരവധി പരാതികളാണ് പൊലീസിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സീരിയല്‍ നടി അടക്കമുള്ളവര്‍ പരാതി നല്‍കിയിട്ടുണ്ട്.

പെണ്‍കുട്ടികളുമായി പ്രതികളെ ബന്ധപ്പെടുത്തിയ ഇവന്റ് മാനേജ്‌മെന്റ് ജീവനക്കാരിയെയും പൊലീസ് ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന. ഇവര്‍ക്ക് പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. കേസില്‍ മുഖ്യപ്രതി ഷെരീഫ് ഉള്‍പ്പെടെ ഒമ്പതു പ്രതികള്‍ ഉണ്ടെന്നായിരുന്നു നേരത്തെ പൊലീസ് സൂചിപ്പിച്ചിരുന്നത്.

പ്രതികളെ ഇന്നലെ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ വെച്ച് വിശദമായി ചോദ്യം ചെയ്തു. പ്രതികള്‍ ഷംന കാസിമിലേയ്ക്ക് എത്തിയത് എങ്ങനെയെന്നും തട്ടിപ്പിന് സിനിമാ മേഖലയിലെ കൂടുതല്‍ പേര്‍ ഇരയായിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്നും കൊച്ചി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെ വ്യക്തമാക്കി. ഹൈദരാബാദിലുള്ള ഷംന കാസിം ഇന്ന് വൈകീട്ടോടെ കൊച്ചിയിലെത്തും. നാളെ ഷംനയില്‍ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തിയേക്കും. ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ അഞ്ച് സംഘമായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com