മലപ്പുറത്തെ 12 സമ്പര്‍ക്കരോഗികളില്‍ നാലുപേരുടെ ഉറവിടം അജ്ഞാതം ; നാലു പഞ്ചായത്തുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍, പൊന്നാനി നഗരസഭ അടച്ചിടും

മലപ്പുറത്ത് അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു
മലപ്പുറത്തെ 12 സമ്പര്‍ക്കരോഗികളില്‍ നാലുപേരുടെ ഉറവിടം അജ്ഞാതം ; നാലു പഞ്ചായത്തുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍, പൊന്നാനി നഗരസഭ അടച്ചിടും

മലപ്പുറം : മലപ്പുറത്ത് കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രത പുറപ്പെടുവിച്ചു. ജില്ലയിലെ നാലു പഞ്ചായത്തുകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കും. വട്ടംകുളം, എടപ്പാള്‍, ആലങ്കോട്, മാറഞ്ചേരി പഞ്ചായത്തുകളാണ് അടച്ചിടുന്നത്. പൊന്നാനി നഗരസഭയും അടച്ചിടും.

നഗരസഭയിലെ 1,2,3,50,51 വാര്‍ഡുകള്‍ ഒഴികെയുള്ള പൊന്നാനി നഗരസഭയുടെ പ്രദേശങ്ങളെല്ലാം കണ്ടെയ്ന്‍മെന്റ് സോണായി മാറ്റാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയതായി ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. മലപ്പുറത്ത് 12 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ നാലുപേരുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.

കോവിഡ് ബാധിതരുടെ റൂട്ട്മാപ്പ് ഇന്ന് പുറത്തുവിടും. ജില്ലയില്‍ ഇപ്പോള്‍ 218 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ച് ചികില്‍സയിലുള്ളത്. ജില്ലയില്‍ നിലവില്‍ സാമൂഹിക വ്യാപന സാധ്യതയില്ല. അതേസമയം കോവിഡുമായി ബന്ധപ്പെട്ട എതെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ അധികൃതരെ സമീപിക്കണമെന്നും കളക്ടര്‍ ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

മലപ്പുറത്ത് അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മലപ്പുറം എടപ്പാളില്‍ സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും മൂന്നു നഴ്‌സുമാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ കഴിഞ്ഞ ദിവസംവരെ ഡ്യൂട്ടിയിലുണ്ടായിരുന്നു. സെന്റിനല്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ സമ്പര്‍ക്ക പട്ടിക ജില്ലാഭരണകൂടം തയാറാക്കിവരികയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com