ഇനി തീവണ്ടിയിലിരുന്ന് വേളി ചുറ്റിക്കാണാം; മിനിയേച്ചര്‍ ട്രെയിന്റെ ബോഗികളും എഞ്ചിനും എത്തി, പദ്ധതി കേരളത്തില്‍ ആദ്യം

ഇത്തരത്തിലെ കേരളത്തിലെ ആദ്യ സംരംഭമാണ് തിരുവനന്തപുരത്ത് യാഥാര്‍ത്ഥ്യമാകുന്നത്.
ഇനി തീവണ്ടിയിലിരുന്ന് വേളി ചുറ്റിക്കാണാം; മിനിയേച്ചര്‍ ട്രെയിന്റെ ബോഗികളും എഞ്ചിനും എത്തി, പദ്ധതി കേരളത്തില്‍ ആദ്യം

തിരുവനന്തപുരം: വേളി ടൂറിസം വില്ലേജില്‍ സ്ഥാപിക്കുന്ന മിനിയേച്ചര്‍ റെയില്‍വേയുടെ എഞ്ചിനും ബോഗികളും വേളിയിലെത്തി. ഇത്തരത്തിലെ കേരളത്തിലെ ആദ്യ സംരംഭമാണ് തിരുവനന്തപുരത്ത് യാഥാര്‍ത്ഥ്യമാകുന്നത്. സംസ്ഥാന ടൂറിസം വകുപ്പ് ഒന്‍പത് കോടി രൂപ മുതല്‍മുടക്കുന്ന പദ്ധതി പൂര്‍ത്തിയാകുന്നതോടെ രണ്ട് കിലോമീറ്ററിലധികം ദൂരത്തില്‍ മിനി ട്രെയിനില്‍ സഞ്ചരിക്കാനുള്ള അവസരമാണ് കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരികള്‍ക്ക് ലഭിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

സോളാര്‍ വൈദ്യുതി കൊണ്ട് ചാര്‍ജ് ചെയ്യുന്ന ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ട്രെയിന്‍ പരിസ്ഥിതി സൗഹൃദ ടൂറിസത്തിന്റെ ഉദാഹരണമാകും. മിനിയേച്ചര്‍ റെയില്‍വേ സ്‌റ്റേഷനടക്കമുള്ള സംവിധാനങ്ങളെല്ലാം സൗരോര്‍ജത്തിലാണ് പ്രവര്‍ത്തിക്കുക. അധിക വൈദ്യുതി കെഎസ്ഇബി ഗ്രിഡിലേക്ക് നല്‍കുകയും ചെയ്യും. ട്രെയിനിന്റെ മുകള്‍ ഭാഗത്തും സോളാര്‍ പാനലുകള്‍ സ്ഥാപിക്കുകയും ചെയ്യുന്നതോടെ ഈ രീതിയിലുള്ള രാജ്യത്തെ തന്നെ ആദ്യ മിനിയേച്ചര്‍ റെയില്‍വേ സംവിധാനമായി ഇത് മാറും.

പഴയ ആവി എഞ്ചിന്റെ മാതൃകയിലുള്ള എഞ്ചിന്‍ ഉപയോഗിക്കുന്ന ഈ ട്രെയിനില്‍ നിന്ന് കൃത്രിമമായി ആവി പുക പറക്കുന്നത് ഗൃഹാതുരമായ കാഴ്ചയും ഒരുക്കും. പരമ്പരാഗത രീതിയിലുള്ള റെയില്‍വേ സ്‌റ്റേഷനാണ് വേളിയില്‍ സ്ഥാപിക്കുന്നത്. ടണലും റെയില്‍വേ പാലവും അടക്കം സജജീകരിക്കുന്നുമുണ്ട്. ടണലിനുള്ളിലെ പാളത്തിലൂടെ പുക ഉയര്‍ത്തി കൂകി പായുന്ന തീവണ്ടി കുട്ടികളെയും മുതിര്‍ന്നവരെയും ഒരേ പോലെ ആകര്‍ഷിക്കുന്നതാകും. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് അവഗണിക്കപ്പെട്ടു കിടന്നിരുന്ന തിരുവനന്തപുരത്തെ ടൂറിസം മേഖലക്ക് പുത്തനുണര്‍വ് പകരുന്ന നിരവധി പദ്ധതികള്‍ ഇപ്പോള്‍ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒന്‍പത് കോടി രൂപയാണ് പദ്ധതിക്ക്  വേണ്ടി സര്‍ക്കാര്‍ മാറ്റിവച്ചിരിക്കുന്നത്. ഒരേസമയം 45പേര്‍ക്ക് ഈ ട്രെയിനില്‍ സഞ്ചരിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com