ഒരു മാസത്തിനിടെ 3000പേര്‍ക്ക് കോവിഡ്, 4000ലേക്ക് എത്തിയത് ഏഴുദിവസം കൊണ്ട്, 495 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; സംസ്ഥാനത്ത് ആശങ്ക

സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം മൂവായിരത്തില്‍ നിന്ന് നാലായിരത്തില്‍ എത്താന്‍ എടുത്തത് ഏഴു ദിവസം മാത്രം
ഒരു മാസത്തിനിടെ 3000പേര്‍ക്ക് കോവിഡ്, 4000ലേക്ക് എത്തിയത് ഏഴുദിവസം കൊണ്ട്, 495 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; സംസ്ഥാനത്ത് ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം മൂവായിരത്തില്‍ നിന്ന് നാലായിരത്തില്‍ എത്താന്‍ എടുത്തത് ഏഴു ദിവസം മാത്രം. ജൂണ്‍ 20 വരെയുളള കണക്ക് അനുസരിച്ച് 3039 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ഏഴു ദിവസം കൊണ്ട് ( ജൂണ്‍ 27) രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4071 ആയി. രോഗ മുക്തി നേടിയവര്‍ അടക്കമുളളവരുടെ കണക്കാണിത്.

ജനുവരി 30നാണ് സംസ്ഥാനത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിക്കുന്നത്. രോഗികളുടെ എണ്ണം 500 കടക്കാന്‍ 98 ദിവസമെടുത്തു (മെയ് ഏഴ്). 27ന് 1003ആയി. അടുത്ത 12 ദിവസംകൊണ്ട് രോഗികളുടെ എണ്ണം 2000 കടന്നു (ജൂണ്‍ എട്ട്). തുടര്‍ന്നുള്ള 12 ദിവസംകൊണ്ട്  രോഗികള്‍ 3039 ആയി (ജൂണ്‍ 20). അടുത്ത 1000 പേരില്‍ രോഗം സ്ഥിരീകരിക്കാന്‍ എടുത്തത്  ഏഴു ദിവസം മാത്രം (ജൂണ്‍ 27- 4071 രോഗികള്‍).

ഞായറാഴ്ചവരെ രോഗം സ്ഥിരീകരിച്ച 4189 ല്‍ 495 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. ജൂണ്‍ ആദ്യ ആഴ്ച ആകെ രോഗികളുടെ 10.45 ശതമാനമായിരുന്നു സമ്പര്‍ക്കത്തിലൂടെ. നിലവില്‍ ഇത് 11.82 ശതമാനമായി. കഴിഞ്ഞ മൂന്ന്  ദിവസങ്ങളില്‍ മാത്രം 39 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. മരിച്ച 22ല്‍ 15 പേരും 60നു മുകളില്‍ പ്രായമുള്ളവരാണ്. നാലുമാസം പ്രായമായ കുഞ്ഞും മരിച്ചു. രണ്ടുപേര്‍ ഒഴികെ മരിച്ച എല്ലാവരും ഗുരുതര രോഗങ്ങളുള്ളവര്‍.

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന് വേഗം കൂടുന്നതിനാല്‍ സാമൂഹിക അകലം പാലിക്കലും റിവേഴ്‌സ് ക്വാറന്റൈനും ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. അപകടസാധ്യത കൂടുതലുള്ളവരിലേക്ക് രോഗം പടരുന്നത് തടയാനാണിത്. ആദ്യഘട്ടത്തില്‍ സമൂഹമൊന്നാകെ സ്വീകരിച്ചിരുന്ന മുന്‍കരുതലില്‍ അയവുവന്നതായി വിവിധ വകുപ്പുകള്‍ ചൂണ്ടിക്കാട്ടുന്നു. ആഗസ്‌തോടെ രോഗികളുടെ എണ്ണം വര്‍ധിക്കുമെന്ന് ദുരന്തനിവാരണ അതോറിറ്റി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com