കണ്ടെയ്ന്‍മെന്റ് സോണുകളില്‍ സെല്‍ഫ് റീഡിങ് സൗകര്യമൊരുക്കാന്‍ കെഎസ്ഇബി; ചിത്രം ലിങ്ക് വഴി നല്‍കണം

എടുക്കേണ്ട തീയതി, റീഡിങ് വിവരങ്ങള്‍ നല്‍കേണ്ട ലിങ്ക് എന്നിവ കെഎസ്ഇബി ഉപയോക്താവിന്റെ മൊബൈല്‍ നമ്പറില്‍ നല്‍കും.
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ സെല്‍ഫ് റീഡിങ് സൗകര്യമൊരുക്കാന്‍ കെഎസ്ഇബി; ചിത്രം ലിങ്ക് വഴി നല്‍കണം

തിരുവനന്തപുരം: സംസ്ഥാനത്തെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ സെല്‍ഫ്മീറ്റര്‍ റീഡിങ് ഏര്‍പ്പെടുത്താന്‍ കെഎസ്ഇബി. ഉപയോക്താവിന് സ്വയം റീഡിങ് കണക്കാക്കി കെഎസ്ഇബിക്ക് സമര്‍പ്പിക്കാം. ഇതിനായി പ്രത്യേക സോഫ്റ്റ്‌വെയര്‍ തയ്യാറാക്കും. എടുക്കേണ്ട തീയതി, റീഡിങ് വിവരങ്ങള്‍ നല്‍കേണ്ട ലിങ്ക് എന്നിവ കെഎസ്ഇബി ഉപയോക്താവിന്റെ മൊബൈല്‍ നമ്പറില്‍ നല്‍കും. നിശ്ചിത തീയതിയില്‍ ഉപയോക്താവ് സ്വയം റീഡിങ് എടുത്തശേഷം ഈ വിവരം ലിങ്ക് വഴി നല്‍കണം. റീഡിങ് ചിത്രവും നല്‍കാം.

റീഡിങ്ങിന്റെ അടിസ്ഥാനത്തില്‍ കെഎസ്ഇബി ബില്‍ തുക കണക്കാക്കും. തുടര്‍ന്ന് ബില്‍ എസ്എംഎസ്, ഇമെയില്‍, കെഎസ്ഇബിയുടെ സൈറ്റുകള്‍ എന്നിവയിലൂടെ ഉപയോക്താവിന് ലഭ്യമാക്കും. ഓണ്‍ലൈനായോ, സെക്ഷന്‍ വഴിയോ ബില്ലടയ്ക്കാം. നിര്‍ബന്ധപൂര്‍വം ഇത് നടപ്പാക്കില്ല. ഉപയോക്താവിന് ഇഷ്ടമുണ്ടെങ്കില്‍മാത്രം ഈ സൗകര്യം പ്രയോജനപ്പെടുത്താം.

കണ്ടെയ്ന്‍മെന്റ് സോണില്‍ മീറ്റര്‍ റീഡര്‍മാരെ നിയോഗിച്ചുള്ള റീഡിങ് സാധ്യമല്ല. ഇവിടങ്ങളില്‍ ശരാശരിയുടെ അടിസ്ഥാനത്തില്‍ ബില്‍ നല്‍കുകയാണ് നിലവിലുള്ള പോംവഴി. എന്നാല്‍, അടുത്തിടെ ശരാശരിയുടെ അടിസ്ഥാനത്തില്‍ ബില്‍ നല്‍കിയപ്പോള്‍ കെഎസ്ഇബിക്ക് എതിരെ വ്യപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇക്കാര്യങ്ങള്‍ കണക്കിലെടുത്താണ് സെല്‍ഫ് മീറ്റര്‍ റീഡിങ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നത്.

ലോക്ഡൗണ്‍ കാലയളവിലെ വൈദ്യുതി ബില്ലിന് കെഎസ്ഇബി നല്‍കുന്ന സബ്‌സിഡി വിവരങ്ങള്‍ ഉപയോക്താവിന് എസ്എംഎസ് വഴിയും ലഭിക്കും. ബില്‍ ലഭിക്കുന്നതിന് ചുരുങ്ങിയത് രണ്ട് ദിവസം മുമ്പെങ്കിലും മൊബൈല്‍ ഫോണില്‍ സബ്‌സിഡി തുക എത്രയെന്ന് സന്ദേശം വരും. വൈദ്യുതി ബില്ലിലും സബ്‌സിഡി രേഖപ്പെടുത്തിയിരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com