'ജോസഫ് ഗീബൽസ് ഇപ്പോൾ ജോസ് ഗീബൽസായി'

'ജോസഫ് ഗീബൽസ് ഇപ്പോൾ ജോസ് ഗീബൽസായി'
'ജോസഫ് ഗീബൽസ് ഇപ്പോൾ ജോസ് ഗീബൽസായി'

കോട്ടയം: ജോസ് കെ മാണിയെ യുഡിഎഫ് പുറത്താക്കിയത് നീതിപൂർവമായ തീരുമാനമാണെന്ന് പിജെ ജോസഫ്. ജോസ് പക്ഷം ധാരണ പാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ കാര്യത്തിൽ ഇരു കക്ഷികളും തമ്മിൽ ഒരു ധാരണയുണ്ടാക്കിയിട്ട് അങ്ങനെയൊരു ധാരണയില്ലെന്ന് ആവർത്തിച്ച് പറയുകയാണ് ജോസ് കെ മാണി. ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കുകയല്ല യുഡിഎഫ് ചെയ്തത്. പകരം അദ്ദേഹം സ്വയം പുറത്തായിരിക്കുകയാണെന്നും പിജെ ജോസഫ് പറഞ്ഞു.

തർക്കം ഉടലെടുത്തപ്പോൾ എട്ട് മാസം കഴിഞ്ഞിട്ടും ജോസ് വിഭാഗം രാജിവെക്കാൻ തയ്യാറായില്ല. യുഡിഎഫിലെ എല്ലാ കക്ഷികളും ഇടപെട്ടു. ആറ് മാസമെന്നത് സംസ്ഥാന തലത്തിലെ ധാരണയാണെന്നും രാജി വെയ്ക്കണമെന്ന ആവശ്യവും യുഡിഎഫ് മുന്നോട്ടു വെച്ചു. കുഞ്ഞാലിക്കുട്ടി, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾ വിഷയത്തിൽ ഇടപെട്ട് രാജി ആവശ്യപ്പെട്ടു. എന്നിട്ടും രാജി വെയ്ക്കാത്ത പശ്ചാത്തലത്തിലാണ് ജോസ് വിഭാഗത്തെ മുന്നണിയിൽ നിന്നു പുറത്താക്കാനുള്ള തീരുമാനം യുഡിഎഫ് കൈക്കൊണ്ടത്. യുഡിഎഫിന്റെ നിർദേശങ്ങൾ അംഗീകരിക്കാൻ തയ്യാറാവാത്ത കക്ഷി യുഡിഎഫിന്റെ ഭാഗമാവില്ല എന്നാണ് ബെന്നി ബഹനാൻ പറഞ്ഞത്- ജോസഫ് പറഞ്ഞു.

പാലാ തെരഞ്ഞെടുപ്പിൽ ഞങ്ങൾ തെറ്റ് ചെയ്തു എന്ന് പറയുന്നത് വസ്തുതയ്ക്ക് നിരക്കുന്ന കാര്യമല്ല. തെരഞ്ഞെടുപ്പിൽ ചിഹ്നം കെ എം മാണിയാണെന്നും മറ്റ് ചിഹ്നം വേണ്ടെന്നും ജോസ് കെ മാണി പറഞ്ഞു. കെഎം മാണി ഉള്ളപ്പോൾ എടുത്ത നിലപാടുകൾ ജോസ് കെ മാണി എടുക്കാതെ വന്നു. പാർട്ടിയുടെ ഭരണഘടന അംഗീകരിക്കാതെ വന്നു. ചെയർമാൻ ഇല്ലാത്ത സാഹചര്യത്തിൽ വർക്കിങ് ചെയർമാനാണ് കാര്യങ്ങൾ തീരുമാനിക്കേണ്ടതെന്നാണ് ഭരണഘടന പറയുന്നത്. എന്നാൽ അതും അദ്ദേഹം പാലിച്ചില്ല.

ജോസ് കെ മാണി ഒരു ധാരണയും പാലിക്കുന്നില്ലെന്ന് മാത്രമല്ല ധാരണയില്ലെന്ന് ആവർത്തിച്ച് പറഞ്ഞ് മുന്നോട്ടു പോവുകയായിരുന്നു. ജോസഫ് ഗീബൽസ്  ആണ് പഴയ നുണ പറച്ചിലിന്റെ ആശാൻ. ഇപ്പോൾ ജോസ് ഗീബൽസ് വന്നിരിക്കുന്നു. കെഎം മാണിയുടെ നയങ്ങൾ അംഗീകരിക്കാത്തയാളാണ് ജോസ് കെ മാണിയെന്നും പിജെ ജോസഫ് കുറ്റപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com