ജോസ് വിഭാഗത്തെ പുറത്താക്കിയത്‌ 'ശരിയായ തീരുമാനം', നേതാക്കള്‍ക്ക് അഭിവാദ്യങ്ങള്‍; കോൺ​ഗ്രസുകാരൻ എന്നതിൽ അഭിമാനിക്കുന്നു; മാത്യു കുഴൽനാടൻ

കെഎം മാണി എന്ന ആ വലിയ നേതാവ് ഇല്ലാത്ത കേരള കോണ്‍ഗ്രസ്, ചുക്കില്ലാത്ത കഷായം പോലെയാണ്
ജോസ് വിഭാഗത്തെ പുറത്താക്കിയത്‌ 'ശരിയായ തീരുമാനം', നേതാക്കള്‍ക്ക് അഭിവാദ്യങ്ങള്‍; കോൺ​ഗ്രസുകാരൻ എന്നതിൽ അഭിമാനിക്കുന്നു; മാത്യു കുഴൽനാടൻ

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിലെ ജോസ് വിഭാഗത്തെ പുറത്താക്കിയതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് യുവനേതാവ് മാത്യു കുഴല്‍നാടന്‍. കോണ്‍ഗ്രസുകാരനെന്ന നിലയിലും യുഡിഎഫുകാരനെന്ന നിലയിലും അഭിമാനം തോന്നുന്നുവെന്നും നേതൃത്വത്തിന് അഭിനന്ദനമെന്നും മാത്യു കുഴല്‍നാടന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ക്ഷമ അധികമായാല്‍ ദൗര്‍ബല്യമാണെന്നും തീരുമാനത്തില്‍ യുഡിഎഫിനെയോ കോണ്‍ഗ്രസിനെയോ ആരും കുറ്റം പറയില്ലെന്നും കുഴല്‍നാടന്‍ വ്യക്തമാക്കി. കെഎം മാണി എന്ന ആ വലിയ നേതാവ് ഇല്ലാത്ത കേരള കോണ്‍ഗ്രസ്, ചുക്കില്ലാത്ത കഷായം പോലെയാണ്. ഇഞ്ചി ഉണങ്ങി ചുക്ക് ആകാന്‍ നന്നായി വെയില് കൊള്ളണം, വെള്ളം പറ്റണം. അതിനുള്ള ക്ഷമ കാണിക്കാമായിരുന്നുവെന്നും കുഴല്‍നാടന്‍ പറഞ്ഞു.

മുന്നണി മര്യാദയുടെയും രാഷ്ട്രീയ മര്യാദയുടെയും എല്ലാ സീമകള്‍ക്കും അപ്പുറം ക്ഷമിക്കുകയും പൊറുക്കുകയും ചെയ്തതാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്നത് വ്യക്തമായ തീരുമാനങ്ങള്‍ ആണ്, നിലപാടുകളാണ്. അങ്ങനെയുള്ള നേതൃത്വത്തെ ആണ് ജനം ഇഷ്ടപ്പെടുകയെന്നും രാജ്യസഭാ സീറ്റ് നല്‍കിയപ്പോള്‍ താനടക്കമുള്ള പ്രവര്‍ത്തകര്‍ നിങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനത്തെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പോലും എതിര്‍ക്കില്ല എന്നുമാത്രമല്ല ഞങ്ങള്‍ അഭിമാനത്തോടെ ഏറ്റെടുക്കുമെന്നും കുഴല്‍നാടന്‍ വ്യക്തമാക്കി.


ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഒരു കോണ്‍ഗ്രസുകാരന്‍ എന്ന നിലയില്‍, ഒരു യുഡിഎഫ് കാരന്‍ എന്ന നിലയില്‍ അഭിമാനം തോന്നുന്നു..
ശരിയായ തീരുമാനം എടുത്ത നേതാക്കള്‍ക്ക് അഭിവാദ്യങ്ങള്‍..

അധികമായാല്‍ അമൃതും വിഷം എന്നൊരു ചൊല്ലുണ്ട്. എന്നു പറഞ്ഞതുപോലെ 'ക്ഷമ' അത് അധികമാകുന്നത് ദൗര്‍ബല്യം തന്നെയാണ്. ഒരാളും കോണ്‍ഗ്രസിനെയോ യുഡിഎഫ് നേതൃത്വത്തെയോ തെറ്റ് പറയില്ല. കാരണം മുന്നണി മര്യാദയുടെയും രാഷ്ട്രീയ മര്യാദയുടെയും എല്ലാ സീമകള്‍ക്കും അപ്പുറം ക്ഷമിക്കുകയും പൊറുക്കുകയും ചെയ്തതാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്നത് വ്യക്തമായ തീരുമാനങ്ങള്‍ ആണ്, നിലപാടുകളാണ്. അങ്ങനെയുള്ള നേതൃത്വത്തെ ആണ് ജനം ഇഷ്ടപ്പെടുക.

രാജ്യസഭാ സീറ്റ് അടക്കം നല്‍കിയപ്പോള്‍ ഞാനടക്കമുള്ള പ്രവര്‍ത്തകര്‍ നിങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനത്തെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പോലും എതിര്‍ക്കില്ല എന്നുമാത്രമല്ല ഞങ്ങള്‍ അഭിമാനത്തോടെ ഏറ്റെടുക്കും. ജോസ് കെ മാണി എന്ന നേതാവിനോട് പണ്ട് കാരണവന്മാര്‍ പറഞ്ഞ ഒന്നേ പറയാനുള്ളൂ. ' വിനാശകാലേ വിപരീത ബുദ്ധി..

കെഎം മാണി എന്ന ആ വലിയ നേതാവ് ഇല്ലാത്ത കേരള കോണ്‍ഗ്രസ്, ചുക്കില്ലാത്ത കഷായം പോലെയാണ്. ഇഞ്ചി ഉണങ്ങി ചുക്ക് ആകാന്‍ നന്നായി വെയില് കൊള്ളണം വെള്ളം പറ്റണം.. അതിനുള്ള ക്ഷമ കാണിക്കാമായിരുന്നു..

ആശംസകള്‍..
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com