ബ്ലാക്ക് മെയില്‍ സംഘത്തിന് ഷംനയുടെ നമ്പര്‍ ലഭിച്ചത് സിനിമാ മേഖലയില്‍ നിന്ന്; മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ ചുറ്റിപറ്റി അന്വേഷണം

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച പ്രതികള്‍ക്കെതിരെ കൂടുതല്‍ കേസുകള്‍.
ബ്ലാക്ക് മെയില്‍ സംഘത്തിന് ഷംനയുടെ നമ്പര്‍ ലഭിച്ചത് സിനിമാ മേഖലയില്‍ നിന്ന്; മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ ചുറ്റിപറ്റി അന്വേഷണം

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച പ്രതികള്‍ക്കെതിരെ കൂടുതല്‍ കേസുകള്‍. 18 പെണ്‍കുട്ടികളെ ഇത്തരത്തില്‍ കുടുക്കിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

ഷംന കാസിം, പാലക്കാട്ടെ ഹോട്ടല്‍ മുറിയില്‍ പൂട്ടിയിട്ട 8 യുവതികള്‍ എന്നിവര്‍ക്ക് പുറമേ തട്ടിപ്പിനിരയായവരില്‍ 14 യുവതികളെ ഇതിനകം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ പണവും സ്വര്‍ണവും സംഘം തട്ടിയെടുത്തതായാണ് പരാതി. പെണ്‍കുട്ടികളുടെ പരാതിയിന്മേല്‍ മൂന്ന് കേസുകള്‍ കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്യും. ഇതിന് പുറമേ 18 പെണ്‍കുട്ടികളുടെ മൊഴിയെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസില്‍ സിനിമാ മേഖലയിലേക്കും പൊലീസ് അന്വേഷണം വ്യാപിക്കുകയാണ്. കേസിലെ പ്രധാന പ്രതിയായ ഷരീഫിന്റെ, സിനിമയില്‍ മേക്കപ് ആര്‍ട്ടിസ്റ്റായ ബന്ധുവിനെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇയാളാണ് ഷംനയ്ക്ക് വിവാഹ ആലോചന കൊണ്ടുവന്നതെന്നാണ് പൊലീസിന്റെ നിഗമനം. തട്ടിപ്പുകാരുടെ സിനിമാ ബന്ധവും ഷംന കാസിമിലേക്ക് എത്തിയതെങ്ങനെയെന്നും അന്വേഷിച്ചു വരികയാണെന്നു ഡിസിപി ജി പൂങ്കുഴലി പറഞ്ഞു.

അറസ്റ്റിലായ ഷെരീഫിനെ ചോദ്യം ചെയ്തപ്പോഴാണു മേക്കപ് ആര്‍ട്ടിസ്റ്റിന്റെ പങ്കിനെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പൊലീസിനു ലഭിച്ചത്. ഷംനയുടെ ഫോണ്‍ നമ്പര്‍ ലഭിച്ചത് സിനിമാ മേഖലയില്‍ നിന്നാണെന്നു നേരത്തെ പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. കേസിലെ മറ്റൊരു പ്രധാന പ്രതിയായ റഫീഖിന്റെ സുഹൃത്തും ഇടുക്കി സ്വദേശിനിയുമായ യുവതിയെക്കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഇവരാണ് മോഡലുകള്‍ക്ക് വാഗ്ദാനം നല്‍കി പാലക്കാട്ടും വടക്കഞ്ചേരിയിലും എത്തിച്ചതെന്നു പരാതിക്കാരില്‍ ഒരാളുടെ മൊഴിയുണ്ട്. കൂടാതെ ഷംനയുമായും ഇവര്‍ ഫോണില്‍ സംസാരിച്ചിരുന്നു. ഇവര്‍ സിനിമ-സീരിയല്‍ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുകയാണ്. തട്ടിപ്പിനിരയായ ഇടുക്കി സ്വദേശിനിയെയും പൊലീസ് തിരയുന്നുണ്ട്.

അതേസമയം, തട്ടിപ്പിനിരയായവരുടെ വിവരങ്ങള്‍ ഓരോരുത്തരും പൊലീസിനു കൈമാറുന്നുണ്ട്. ഇവന്റ് മാനേജ്‌മെന്റ്, ആങ്കറിങ് മേഖലകളിലെ തുടക്കക്കാരായ മോഡലുകളാണ് ഇവരില്‍ ഏറെയും. ഇവരുടെ വാട്‌സാപ് ഗ്രൂപ്പുകള്‍ വഴിയാണു തട്ടിപ്പു സംഘം പലരെയും ഇരകളാക്കിയത്.

8 യുവതികളെ സംഘം മാര്‍ച്ചില്‍ പാലക്കാട്ടെ ഹോട്ടല്‍ മുറിയില്‍ അടച്ചിട്ടു ഭീഷണിപ്പെടുത്തിയെന്നാണ് ഇരയായ ഒരു യുവതി വെളിപ്പെടുത്തിയിരുന്നത്. ജനുവരിയില്‍ ഇതേ രീതിയില്‍ വടക്കഞ്ചേരി, പാലക്കാട്, ചാലക്കുടി, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ താമസിപ്പിച്ചതായി പൊലീസിനു പരാതി ലഭിച്ചിട്ടുണ്ട്. സംഘത്തിനെതിരെ എളമക്കര പൊലീസില്‍ ലഭിച്ച പരാതിയില്‍ കേസെടുത്തു. 70,000 രൂപ, 2 പവന്‍ ആഭരണം എന്നിവ കവര്‍ന്നതായാണ് ഇടപ്പള്ളി സ്വദേശിനിയുടെ പരാതി.

പണം തട്ടിപ്പാണു സംഘത്തിന്റെ പ്രധാന ലക്ഷ്യമെന്നാണ് ഇതുവരെയുള്ള വിവരമെന്നു ഡിസിപി ജി. പൂങ്കുഴലി പറഞ്ഞു.  വിവിധ സ്‌റ്റേഷനുകളിലായി ഷംനയുടേതടക്കം 6 കേസുകളാണു സംഘത്തിനെതിരെ ഇതുവരെ റജിസ്റ്റര്‍ ചെയ്തത്. 7 പ്രതികള്‍ അറസ്റ്റിലായി. 2 പ്രതികളെക്കൂടി പിടിക്കാനുണ്ട്. കൂടുതല്‍ ഇരകളുടെ മൊഴി എടുക്കുന്നതോടെ, വേറെയും പ്രതികളുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും പൂങ്കുഴലി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com