വൈദ്യുതി ബില്‍; സബ്‌സിഡി വിവരം എസ്എംഎസ് വഴി അറിയിക്കും, വാണിജ്യ ഉപയോക്താക്കള്‍ക്കും ഇളവ്

ബില്‍ ലഭിക്കുന്നതിന് ചുരുങ്ങിയത് രണ്ട് ദിവസം മുമ്പെങ്കിലും മൊബൈല്‍ ഫോണില്‍ സബ്‌സിഡി തുക എത്രയെന്ന് സന്ദേശം വരും.
വൈദ്യുതി ബില്‍; സബ്‌സിഡി വിവരം എസ്എംഎസ് വഴി അറിയിക്കും, വാണിജ്യ ഉപയോക്താക്കള്‍ക്കും ഇളവ്

തിരുവനന്തപുരം: ലോക്ഡൗണ്‍ കാലയളവിലെ വൈദ്യുതി ബില്ലിന് കെഎസ്ഇബി നല്‍കുന്ന സബ്‌സിഡി വിവരങ്ങള്‍ ഉപയോക്താവിന് എസ്എംഎസ് വഴിയും ലഭിക്കും. ബില്‍ ലഭിക്കുന്നതിന് ചുരുങ്ങിയത് രണ്ട് ദിവസം മുമ്പെങ്കിലും മൊബൈല്‍ ഫോണില്‍ സബ്‌സിഡി തുക എത്രയെന്ന് സന്ദേശം വരും. വൈദ്യുതി ബില്ലിലും സബ്‌സിഡി രേഖപ്പെടുത്തിയിരിക്കും.

സബ്‌സിഡി ഉള്‍ക്കൊള്ളിച്ചുള്ള ബില്‍ തയ്യാറാക്കാന്‍ സോഫ്റ്റ്‌വെയര്‍ പരിഷ്‌കരണ നടപടി കെഎസ്ഇബി ഐടി വിഭാഗം ഊര്‍ജിതമാക്കി. സോഫ്റ്റ്‌വെയറിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം ഉടന്‍ നടത്തും. ജൂലൈ ആദ്യ ആഴ്ചമുതല്‍ സബ്‌സിഡി അടങ്ങുന്ന ബില്‍ നല്‍കും. ഓഗസ്റ്റ് അവസാനമാകും ബില്‍ വിതരണം പൂര്‍ത്തിയാവുക. ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19 വരെ നല്‍കിയ ബില്ലുകള്‍ക്കാണ് സബ്‌സിഡി.

ലോക്ഡൗണ്‍ കാലയളവിനു മുമ്പുള്ള ഡോര്‍ ലോക്ക് അഡ്ജസ്റ്റ്‌മെന്റ്, മുന്‍ ബില്‍ കുടിശ്ശിക, മറ്റേതെങ്കിലും കണക്കില്‍ അടയ്ക്കാനുള്ളതോ ആയ തുക ഒഴിവാക്കിയാകും ബില്‍ തുക കണക്കാക്കുക. കോവിഡ് പശ്ചാത്തലത്തില്‍ വാണിജ്യ, വ്യവസായ ഉപയോക്താക്കള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും ഫിക്‌സഡ് ചാര്‍ജില്‍ അനുവദിച്ച ഇളവ് ജൂലൈയില്‍ ലഭിക്കും. 25 ശതമാനമാണ് ഇളവ്.  

മാര്‍ച്ച് ഒന്നുമുതല്‍ മെയ് 31 വരെ ഉപയോഗിച്ച വൈദ്യുതി ചാര്‍ജിന്റെ ഫിക്‌സഡ് നിരക്കിനാണ് ഇത് ബാധകം. 17 ലക്ഷം പേരാണ് ഗുണഭോക്താക്കള്‍. ഇളവ് ജൂലൈ മാസത്തെ ബില്ലില്‍ കുറവ് ചെയ്തു നല്‍കും. 35 കോടി രൂപയാണ് ഈ ഇനത്തില്‍ കെഎസ്ഇബി നല്‍കുന്നത്. നേരത്തെ ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് 200 കോടി രൂപയുടെ സബ്‌സിഡി പ്രഖ്യാപിച്ചിരുന്നു. ഇതും ജൂലൈയില്‍ ലഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com