12 ദിവസത്തിനിടെ 100ലധികം ഇടപാടുകള്‍, വീട്ടമ്മയ്ക്ക് നഷ്ടപ്പെട്ടത് നാലുലക്ഷത്തോളം രൂപ; ഇടുക്കിയില്‍ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി തട്ടിപ്പ്

12 ദിവസത്തിനിടെ വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്നു 3,97,406 രൂപ നഷ്ടപ്പെട്ടു
12 ദിവസത്തിനിടെ 100ലധികം ഇടപാടുകള്‍, വീട്ടമ്മയ്ക്ക് നഷ്ടപ്പെട്ടത് നാലുലക്ഷത്തോളം രൂപ; ഇടുക്കിയില്‍ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി തട്ടിപ്പ്

തൊടുപുഴ: ഇടുക്കി ജില്ലയില്‍ വീണ്ടും ബാങ്കിങ് തട്ടിപ്പ്. 12 ദിവസത്തിനിടെ വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്നു 3,97,406 രൂപ നഷ്ടപ്പെട്ടു. അക്കൗണ്ട് ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. മേയ് 4 മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ 127 മുതല്‍ 5000 രൂപ വരെയുള്ള തുകകളാണ് അക്കൗണ്ടില്‍ നിന്നു നഷ്ടപ്പെട്ടത്. 12 ദിവസങ്ങള്‍ കൊണ്ടു നൂറിലധികം ഇടപാടുകളിലൂടെയാണ് പണം തട്ടിയെടുത്തത്.  സമാനമായ രീതിയില്‍ ജില്ലയില്‍ മുന്‍പും ആറോളം ആളുകള്‍ക്ക് പണം നഷ്ടമായിട്ടുണ്ട്.

എന്നാല്‍ ഇത്രയധികം പണം നഷ്ടമാകുന്നത് ഇതാദ്യം. സംഭവത്തില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു. ഉത്തര്‍പ്രദേശ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘമാണ് ഇതിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. മേയ് 4 ന് 12 ഇടപാടുകളിലായി അരലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു. തുടര്‍ന്നുള്ള 2 ദിവസങ്ങളില്‍ 21 ഇടപാടുകളും നടന്നു. പണം അക്കൗണ്ടില്‍ നിന്നു മറ്റ് അക്കൗണ്ടുകളിലേക്കാണ് പോയിരിക്കുന്നത്. ബാങ്കില്‍ നിന്നു മെസേജുകളൊന്നും ലഭിച്ചതുമില്ല.

വീട്ടമ്മയുടെ ഭര്‍ത്താവ് ഒരു ചെക്ക് മറ്റൊരാള്‍ക്കു നല്‍കിയിരുന്നു. ചെക്ക് മടങ്ങിയതോടെ ബാങ്കില്‍ നടത്തിയ അന്വേഷണത്തിലാണ് പണം നഷ്ടപ്പെട്ട വിവരം അറിയാന്‍ കഴിഞ്ഞത്. തുടര്‍ന്ന് വീട്ടമ്മയും ഭര്‍ത്താവും പൊലീസില്‍ പരാതി നല്‍കി. ബാങ്ക് അക്കൗണ്ടുകള്‍, ഇന്‍ഷുറന്‍സ് ഏജന്‍സികള്‍, ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ട് എന്നിവയിലേക്ക് മാറ്റിയെന്നാണ് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റില്‍ കാണിച്ചിരിക്കുന്നത്. ഇത്തരം സ്ഥാപനങ്ങളിലേക്കൊന്നും പണം എത്തിയിട്ടുമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com