ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കേരള കോണ്‍ഗ്രസ് യുഡിഎഫിന്റെ അവിഭാജ്യ ഘടകം; ഇനിയും ചര്‍ച്ചയ്ക്കു സാധ്യത: ഉമ്മന്‍ ചാണ്ടി

മുന്നണിയുടെ വിശ്വാസ്യതയെ ബാധിക്കുന്ന ഘട്ടം എത്തിയപ്പോള്‍ അങ്ങനെയൊരു തീരുമാനം എടുക്കേണ്ടിവരികയായിരുന്നു

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫ് അവിഭാജ്യ ഘടകമായാണ് കാണുന്നതെന്നും അവരുമായി ഇനിയും ചര്‍ച്ചകള്‍ക്കു സാധ്യതയുണ്ടെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട ധാരണ നടപ്പാക്കാത്തതു മാത്രമാണ് പ്രശ്‌നം. അതു നടപ്പാക്കിയാല്‍ അവരുമായി ഇനിയും ചര്‍ച്ചയ്ക്കു സാധ്യതയുണ്ടെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍നിന്ന് ഒഴിവാക്കിയത് യുഡിഎഫ് ആഗ്രഹിക്കാത്ത തീരുമാനമാണ്. എന്നാല്‍ മുന്നണിയുടെ വിശ്വാസ്യതയെ ബാധിക്കുന്ന ഘട്ടം എത്തിയപ്പോള്‍ അങ്ങനെയൊരു തീരുമാനം എടുക്കേണ്ടിവരികയായിരുന്നു. രാഷ്ട്രീയത്തില്‍ എല്ലാവരും ആഗ്രഹിക്കുന്ന വിധത്തിലല്ല കാര്യങ്ങള്‍ നടക്കുകയെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടുകയെന്നത് യുഡിഎഫ് കൊടുത്ത ഉറപ്പാണ്. എട്ടു മാസം ജോസ് പക്ഷത്തിനും ആറി മാസം ജോസഫ് പക്ഷത്തിനും എന്നായിരുന്നു ധാരണ. കരാര്‍ ഇല്ലെങ്കില്‍പ്പോലും അങ്ങനെയൊരു ധാരണ ഉണ്ടായിരുന്നു. അത് ഇല്ലെന്നു പറഞ്ഞപ്പോള്‍ യുഡിഎഫ് നേതൃത്വത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണ് ഉണ്ടായത്. ആ ഘട്ടത്തില്‍ ഉത്തരവാദിത്വം നിറവേറ്റുകയാണ് യുഡിഎഫ് ചെയ്തത്.

ധാരണ നടപ്പാക്കാന്‍ കേരള കോണ്‍ഗ്രസുമായി പലവട്ടം ചര്‍ച്ച നടത്തി. താനും പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും പികെ കുഞ്ഞാലിക്കുട്ടിയുമെല്ലാം ചര്‍ച്ച നടത്തിയതാണ്. എന്നാല്‍ ധാരണ നടപ്പായില്ല. തുടര്‍ന്നാണ് ആരും ആഗ്രഹിക്കാത്ത തീരുമാനം എടുക്കേണ്ടി വന്നത്. എന്നാല്‍ കേരള കോണ്‍ഗ്രസിന്റേത് അടഞ്ഞ അധ്യായമല്ല. കെഎം മാണി യുഡിഎഫിനു നല്‍കിയ സംഭാവനകള്‍ മാനിക്കുന്നു. ഇനിയും ചര്‍ച്ചകള്‍ക്കു സാധ്യതയുണ്ടെന്ന് ഉമ്മന്‍മ ചാണ്ടി പറഞ്ഞു.

മുന്നണിയുമായി ഹൃദയബന്ധം മുറിഞ്ഞെന്നാണ് ജോസ് കെ മാണി പ്രതികരിച്ചതെന്നു ചൂണ്ടിക്കാട്ടിയപ്പോള്‍ അവര്‍ക്ക് അങ്ങനെ ചിന്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി. യുഡിഎഫ് അതിനെ അങ്ങനെ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com