കോഴിക്കോട് നാല് കണ്ടെയ്ൻമെന്റ് സോണുകൾ കൂടി; നിയന്ത്രണം കടുപ്പിച്ച് ജില്ലാ ഭരണകൂടം

ജില്ലയില്‍ ഒരു തരത്തിലുമുള്ള രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക യോഗങ്ങളോ പ്രതിഷേധ പ്രകടനങ്ങളോ കൂടിച്ചേരലുകളോ അനുവദിക്കില്ലെന്നും കളക്ടര്‍
കോഴിക്കോട് നാല് കണ്ടെയ്ൻമെന്റ് സോണുകൾ കൂടി; നിയന്ത്രണം കടുപ്പിച്ച് ജില്ലാ ഭരണകൂടം

കോഴിക്കോട്: ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ പത്തൊമ്പതാം വാര്‍ഡിലെ കമ്പിളിപറമ്പ്, കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ 56-ാം വാര്‍ഡില്‍ പെട്ട ചക്കുംകടവ്, 62-ാം വാര്‍ഡില്‍ പെട്ട മൂന്നാലിങ്കല്‍, 66-ാം വാര്‍ഡില്‍പ്പെട്ട വെള്ളയില്‍ എന്നിവിടങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ സാംബശിവ പ്രഖ്യാപിച്ചു.

ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ 19-ാം വാര്‍ഡ് സ്വദേശിയായ ട്രക്ക്  ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇവിടം കണ്ടെയിന്‍മെന്റ്  സോണ്‍ ആയത്. 27-ാം തീയതി വെള്ളയില്‍ കുന്നമ്മലില്‍ തൂങ്ങിമരിച്ച വ്യക്തിക്ക് രോഗം  സ്ഥിരീകരിച്ചതോടെയാണ് കോര്‍പ്പറേഷന്‍ പരിധിയിലെ 56, 62, 66 വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിക്കപ്പെട്ടത്.

ഇന്നലെയായിരുന്നു ആത്മഹത്യ ചെയ്ത കൃഷ്ണന്‍ എന്നയാള്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചത്. ഇയാളുടെ സാമ്പിള്‍ വീണ്ടും പരിശോധനയ്ക്കയച്ചെങ്കിലും അതും പോസീറ്റീവ് ആയി. കണ്ടെയ്ന്‍മെന്റ് സോണില്‍ വാഹന ഗതാഗത നിരോധനമടക്കം ഉണ്ടാവുമെങ്കിലും ബീച്ച് ആശുപത്രിയിലേക്ക് വരുന്നതോ അവിടെ നിന്ന് പോവുന്നതോ ആയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ബാധകമായിരിക്കില്ല.

ഭക്ഷ്യ, അവശ്യ വസ്തുക്കള്‍ കച്ചവടംചെയ്യുന്ന സ്ഥാപനങ്ങള്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. കൂടാതെ ഭക്ഷ്യ അവശ്യ വസ്തുക്കള്‍, മെഡിക്കല്‍ ഷോപ്പുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ ഒഴികെയുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനും  നിരോധനമുണ്ട്. നിയന്ത്രണമുള്ള വാര്‍ഡുകളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംചേരുന്നതും വാണിജ്യ വ്യാപാര സ്ഥാപനങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒരേസമയം എത്തിച്ചേരുന്നതും നിരോധിച്ചു.  

കോര്‍പറേഷന്‍ പരിധിയിലെ ഓരോ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും നാളെ 300 വീതം സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത്  വര്‍ധിച്ചുവരുന്നത് ശ്രദ്ധയില്‍ പെട്ടതോടെ ജില്ലയില്‍ ഒരു തരത്തിലുമുള്ള രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക യോഗങ്ങളോ പ്രതിഷേധ പ്രകടനങ്ങളോ കൂടിച്ചേരലുകളോ അനുവദിക്കില്ലെന്നും കളക്ടര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com