സര്‍ട്ടിഫിക്കറ്റില്‍ ക്യൂ ആര്‍ കോഡ് , എസ്എസ്എല്‍സിക്ക് ആദ്യമായി; യോഗ്യത നേടിയ എല്ലാ വിദ്യാര്‍ഥികള്‍ക്കും പഠനത്തിന് അവസരം

സര്‍ട്ടിഫിക്കറ്റിലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് മാര്‍ക്കിന്റെ സോഫ്റ്റ് കോപ്പി സൂക്ഷിക്കാന്‍ സാധിക്കും
ഫയൽ ചിത്രം
ഫയൽ ചിത്രം

തിരുവനന്തപുരം: സര്‍ട്ടിഫിക്കറ്റില്‍ ക്യൂആര്‍ കോഡ് സാങ്കേതിക വിദ്യ ആദ്യമായി ഉപയോഗിച്ച പരീക്ഷയാണ് ഇത്തവണ നടന്ന എസ്എസ്എല്‍സി പരീക്ഷ. സര്‍ട്ടിഫിക്കറ്റിലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് മാര്‍ക്കിന്റെ സോഫ്റ്റ് കോപ്പി സൂക്ഷിക്കാന്‍ സാധിക്കും. ഇക്കുറി ഉന്നത പഠനത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാര്‍ഥികള്‍ക്കും പഠനത്തിന് അവസരം ലഭിക്കുമെന്ന്് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് മാധ്യമങ്ങളോട് പറഞ്ഞു. 4,17,101 കുട്ടികളാണ് ഇക്കുറി ഉന്നത പഠനത്തിന് യോഗ്യത നേടിയത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സേ പരീക്ഷ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഇവര്‍ക്കായി റെഗുലര്‍ സേ പരീക്ഷയാണ് നടത്തുക. തീയതി പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മോഡറേഷന്‍ ഇല്ലാതെയാണ് ഇത്തവണ ഫലം നിശ്ചയിച്ചതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കോവിഡ് വ്യാപനം നിയന്ത്രണവിധേയമായില്ലെങ്കില്‍ പ്ലസ് വണ്‍ ക്ലാസുകള്‍ ഓണ്‍ലൈനില്‍ തന്നെയായിരിക്കും. നിലവില്‍ സംസ്ഥാനത്ത് 4,23,975 പ്ലസ് വണ്‍ സീറ്റുകളാണ് ഉളളത്. പ്ലസ് വണ്‍ പ്രവേശനം ഓണ്‍ലൈന്‍ വഴിയാണ് നടത്തുക. പ്ലസ് വണ്‍ പ്രവേശനത്തിന്റെ സമയക്രമം പിന്നീട് അറിയിക്കും. സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാര്‍ഥികള്‍ക്കും അവസരം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ് വ്യാപനത്തിനിടെ സംസ്ഥാനത്ത് നടന്ന എസ്എസ്എല്‍എസി പരീക്ഷയില്‍ റെക്കോര്‍ഡ് വിജയമാണ് നേടിയത്. 98.82 ശതമാനം പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി.മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി വിജയ ശതമാനം ഉയര്‍ന്നു. 0.71 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

 സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലായി 1837 സ്‌കൂളുകള്‍ സമ്പൂര്‍ണ വിജയം നേടി. ഇതില്‍ 637 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളാണ്. 796 എയ്ഡഡ്, 404 അണ്‍ എ്‌യ്ഡഡ് സ്‌കൂളുകളും സമ്പൂര്‍ണ വിജയം നേടിയതായി മന്ത്രി അറിയിച്ചു.

റവന്യൂ ജില്ലകളില്‍ പത്തനംതിട്ടയ്ക്കാണ് ഏറ്റവുമധികം വിജയ ശതമാനം. 99.71 ശതമാനം. വയനാടാണ് വിജയ ശതമാനത്തില്‍ ഏറ്റവും താഴെ. കുട്ടനാട് വിദ്യാഭ്യാസ ജില്ല സമ്പൂര്‍ണ വിജയം നേടിയത് മന്ത്രി എടുത്തുപറഞ്ഞു.41906 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടി. ഇതില്‍ മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം എ പ്ലസ്. 2736 വിദ്യാര്‍ഥികളാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയതെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com