അടുത്ത അധ്യയനവര്‍ഷത്തിന് ഇനിയും മാസങ്ങള്‍, പാഠപുസ്തകങ്ങള്‍ ഇപ്പോഴേ റെഡി; വിതരണോദ്ഘാടനം നടത്തി മുഖ്യമന്ത്രി 

അടുത്ത അധ്യയന വര്‍ഷം ആരംഭിക്കാന്‍ മാസങ്ങള്‍ അവശേഷിക്കേയാണ് സ്‌കൂളുകളിലേക്കുളള പാഠപുസ്തകങ്ങളുടെ വിതരണം ആരംഭിച്ചിരിക്കുന്നത്
അടുത്ത അധ്യയനവര്‍ഷത്തിന് ഇനിയും മാസങ്ങള്‍, പാഠപുസ്തകങ്ങള്‍ ഇപ്പോഴേ റെഡി; വിതരണോദ്ഘാടനം നടത്തി മുഖ്യമന്ത്രി 

തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷത്തെ പാഠപുസ്തകങ്ങളുടെ വിതരണം തുടങ്ങി. ഒന്നാം വാല്യത്തിന്റെ സംസ്ഥാന തല വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. അടുത്ത അധ്യയന വര്‍ഷം ആരംഭിക്കാന്‍ മാസങ്ങള്‍ അവശേഷിക്കേയാണ് സ്‌കൂളുകളിലേക്കുളള പാഠപുസ്തകങ്ങളുടെ വിതരണം ആരംഭിച്ചിരിക്കുന്നത്.

മൂന്ന് കോടി 23 ലക്ഷം പുസ്തകങ്ങള്‍ ഒന്നാം വാല്യത്തില്‍ വിതരണത്തിന് തയാറായിട്ടുണ്ട്. മൂന്ന് ലക്ഷത്തി മുപ്പത്തെണ്ണായിരം പുസ്തകങ്ങള്‍ അറബി, ഉറുദു, തമിഴ്, കന്നട ഭാഷകളിലായി ഇതിനു പുറമെ അച്ചടിച്ചു.ഒന്നാം വാല്യം പുസ്തകങ്ങളെല്ലാം തന്നെ ഏപ്രില്‍ 15നു മുമ്പ് വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഒന്നു മുതല്‍ ഏഴ് വരെ ക്ലാസ്സുകളിലെ പുസ്തകങ്ങള്‍ ഈ വര്‍ഷത്തെ അവസാന പരീക്ഷ കഴിയുന്ന ദിവസം കുട്ടികള്‍ക്ക് നല്‍കും. പത്താം ക്ലാസിലെ പുസ്തകങ്ങള്‍ ഒന്‍പതാം ക്ലാസിലെ ഫലപ്രഖ്യാപനം നത്തുന്ന ദിവസവും കൈമാറും. എട്ട്, ഒന്‍പത് ക്ലാസുകളിലേത് ഏപ്രില്‍  മെയ് മാസങ്ങളിലും വിതരണത്തിനെത്തും. പാഠപുസ്തക വിതരണത്തിനായി സംസ്ഥാനത്തെ മൂന്ന് മേഖലകളായി തിരിച്ച് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ആലുവ അന്ധവിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി ശ്രീഹരിക്കും അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി അശ്വിനിക്കും പുസ്തകങ്ങള്‍ കൈമാറി വിതരണോദ്ഘാടനം നിര്‍വഹിച്ചു. കെബിപിഎസിന്റെ 40-ാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന സ്‌പെഷ്യല്‍ പോസ്റ്റല്‍ കവറിന്റെ പ്രകാശനവും ഇതിനോടൊപ്പം മുഖ്യമന്ത്രി നിര്‍വഹിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com