കേരളത്തിന് ആശ്വാസം, പൂനെ പരിശോധനാഫലവും നെ​ഗറ്റീവ്; പയ്യന്നൂർ സ്വദേശി മരിച്ചത് കൊറോണ മൂലമല്ല 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st March 2020 06:41 PM  |  

Last Updated: 01st March 2020 06:41 PM  |   A+A-   |  

corona

 

കൊച്ചി: കഴിഞ്ഞ ദിവസം കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പയ്യന്നൂർ സ്വദേശി മരിച്ചത് കൊറോണ മൂലമല്ലെന്ന് സ്ഥിരീകരിച്ചു. പൂനെ ലാബില്‍ നടത്തിയ പരിശോധനയിൽ യുവാവിന് കൊറോണ ഇല്ലെന്ന് കണ്ടെത്തി. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിൽ നടത്തിയ ആദ്യ പരിശോധനയിലും ഫലം നെഗറ്റീവ് ആയിരുന്നു. 

മലേഷ്യയിൽ നിന്നെത്തി കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ യുവാവ് മരിച്ചത് സംസ്ഥാനത്ത് വീണ്ടും കൊറോണ ഭീതി പടർത്തിയിരുന്നു. പയ്യന്നൂര്‍ സ്വദേശിയായ 36 കാരനാണ് മരിച്ചത്. കൊറോണയാണെന്ന സംശയത്താല്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. യുവാവിന് വൈറല്‍ ന്യൂമോണിയ ആയിരുന്നെന്നാണ് കണ്ടെത്തൽ. 

രണ്ടര വര്‍ഷമായി മലേഷ്യയില്‍ ജോലി നോക്കുന്ന യുവാവ് കഴിഞ്ഞ ദിവസമാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കടുത്ത പനിയുണ്ടെന്ന് കണ്ടെത്തിയത്. കടുത്ത പനിയും ജലദോഷവും ശ്വാസതടസ്സവും ഉള്ള നിലയിലാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്.