പേരിട്ടെന്നു കരുതി കുഞ്ഞിന്റെ അവകാശം ഏറ്റെടുക്കാന്‍ ശ്രമിക്കരുത്; ബിജെപിക്കും കോണ്‍ഗ്രസിനും എതിരെ കാനം

ലൈഫ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കിയ വീടുകളുടെ പ്രഖ്യാപന ഉദ്ഘാടനത്തിനെതിരെ രംഗത്ത് വന്ന കോണ്‍ഗ്രസിനെയും ബിജെപിയും വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി
പേരിട്ടെന്നു കരുതി കുഞ്ഞിന്റെ അവകാശം ഏറ്റെടുക്കാന്‍ ശ്രമിക്കരുത്; ബിജെപിക്കും കോണ്‍ഗ്രസിനും എതിരെ കാനം

കൊച്ചി: ലൈഫ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കിയ വീടുകളുടെ പ്രഖ്യാപന ഉദ്ഘാടനത്തിനെതിരെ രംഗത്ത് വന്ന കോണ്‍ഗ്രസിനെയും ബിജെപിയും വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കുഞ്ഞിന് പേരിട്ടെന്ന് കരുതി കുഞ്ഞിന്റെ അവകാശം ഏറ്റെടുക്കാനാണ് പ്രതിപക്ഷവും ബിജെപിയും ശ്രമിക്കുന്നതെന്ന് കാനം പ്രതികരിച്ചു. കേന്ദ്രത്തില്‍ നിന്ന് ഫണ്ട് കിട്ടിയിട്ടില്ലെന്ന് പറയുന്നില്ല. പക്ഷേ വളരെ തുച്ഛമായ പങ്കാണ് നല്‍കിയത്. ലൈഫ് പദ്ധതിയില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് അര്‍ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലൈഫ് പദ്ധതിയില്‍ അവകാശവാദമുന്നയിച്ച് ബിജെപിയും പ്രതിപക്ഷവും നേരത്തെ രംഗത്തെത്തിയിരുന്നു. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ വസ്തുതകള്‍ സംസ്ഥാന സര്‍ക്കാര്‍ മറച്ചുവെക്കുകയാണെന്നായിരുന്നു കേന്ദ്രമന്ത്രി വി മുരളീധരന്റെ ആരോപണം. ലൈഫ് സംസ്ഥാന സര്‍ക്കാരിന്റെ സ്വന്തം പദ്ധതിയായി ചിത്രീകരിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള  വിഹിതം വ്യക്തമാക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

പിണറായി സര്‍ക്കാരിന്റെ പദ്ധതിയെന്ന നിലയില്‍ ലൈഫ് പദ്ധതി പ്രകാരം രണ്ട് ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതിനെതിരെ യുഡിഎഫും രംഗത്തെത്തി. ലൈഫ് മിഷന്‍ പദ്ധതിയില്‍പ്പെട്ട വീടുകളുടെ നിര്‍മ്മാണം സര്‍ക്കാരിന്റെ മിടുക്കല്ലെന്നും പിണറായി സര്‍ക്കാര്‍ പദ്ധതിയെന്ന അവകാശവാദം തന്നെ വലിയ കളവാണെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. സര്‍ക്കാര്‍ വിഹിതം കേവലം ഒരു ലക്ഷം രൂപ മാത്രമാണ്. പദ്ധതിക്ക് വേണ്ടി ഇന്ദിരാ ആവാസ് യോജന ഫണ്ടും തദ്ദേശ സ്ഥാപനങ്ങളിലെ ഫണ്ടും എല്ലാം ചെലവഴിച്ചാണ് വീട് നിര്‍മ്മാണം. സര്‍ക്കാര്‍ വിഹിതമായ ഒരു ലക്ഷം രൂപ ഇത് വരെ കിട്ടാത്ത പഞ്ചായത്തുകള്‍ സംസ്ഥാനത്ത് ഉണ്ടെന്നും രമേശ് ചെന്നിത്തല  ആരോപിച്ചു.  

ആരോപണങ്ങള്‍ക്ക് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വന്നിരുന്നു. പദ്ധതിയുടെ ക്രെഡിറ്റ് വേണമെങ്കില്‍ എടുത്തോളുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടൊട്ടാകെ സന്തോഷിക്കേണ്ട അവസരത്തില്‍ പ്രതിപക്ഷം പ്രഖ്യാപന ചടങ്ങ് ബഹിഷ്‌കരിച്ചത് കഞ്ഞിയില്‍ മണ്ണ് വാരിയിടുന്നതിന് സമാനമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.  എന്തിനെയാണ് പ്രതിപക്ഷം ബഹിഷ്‌കരിക്കുന്നത്, ഈ പാവങ്ങളോടാണോ  ഇത്തരം ക്രൂരത കാണിക്കേണ്ടതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

നാടാകെ ഒത്തുചേര്‍ന്നുകൊണ്ടാണ് ലൈഫ് മിഷന്‍ പരിപാടി വിജയമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞത്. ഇത്തരം കാര്യങ്ങളില്‍ നമുക്ക് ഒന്നിച്ച് നില്‍ക്കന്‍ കഴിയുന്നില്ലെങ്കില്‍ നമ്മളൊക്കെ സാമൂഹിക പ്രവര്‍ത്തകരണെന്ന് പറയുന്നതിന്റെ അര്‍ത്ഥമെന്താണെന്നും മുഖ്യമന്ത്രി ചോദിച്ചു.

ഞങ്ങള്‍ തുടങ്ങിയ പരിപാടിയില്‍ ബാക്കിയായത് നിങ്ങള്‍ പൂര്‍ത്തിയാക്കിയതല്ലേ എന്നാണ് പ്രതിപക്ഷ നേതാവ് ചോദിച്ചത്. ചോദ്യത്തിന് കഴമ്പുണ്ട്. 2017 മുതല്‍ ഇതുവരെ മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടന്നത്. ഇതില്‍ പത്ത് വര്‍ഷത്തോളം യുഡിഎഫ് ആണ് ഭരിച്ചത്. എന്നാല്‍ ആര് ഭരിച്ചുവെന്നല്ല, എത്ര വീടുകള്‍ പൂര്‍ത്തിയായി എന്നാണ് എല്‍ഡിഎഫ് പരിശോധിച്ചത്.

ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ പരിശോധിച്ചത് 200001മുതല്‍ 2015-16 വരെ വിവിധ സര്‍ക്കാര്‍ പദ്ധതികളിലൂടെ ധനസഹായം ലഭിച്ചിട്ടും നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്ന വീടുകളുടെ പൂര്‍ത്തീകരണമായിരുന്നു. ഇത്തരത്തിലാണ് 52050 വീടുകള്‍ പൂര്‍ത്തിയായത്. ഇത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിവെച്ച നിര്‍മാണ പ്രവര്‍ത്തിയാണ്. ഇതിന്റെ അവകാശം വേണമെങ്കില്‍ പ്രതിപക്ഷം എടുത്തോട്ടെ, എന്നാല്‍ ബാക്കി വീടുകളുടെ കാര്യത്തില്‍ അവകാശം പറയാന്‍ പ്രതിപക്ഷത്തിനാവില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com