'ബിഷപ്പുമാരുടെ തെറ്റുകൾ സമ്മതിച്ചുകൊടുക്കാൻ ഇനിയാകില്ല, എന്നെ പിടിച്ചിറക്കാമെന്ന് സ്വപ്നം കാണണ്ട': സിസ്റ്റർ ലൂസി കളപ്പുര 

നിസ്സഹായരായ കന്യാസ്ത്രീകളെ പിന്തുണച്ചതിനാണ് തന്നെ പുറത്താക്കിയതെങ്കിൽ ഇനിയും സത്യങ്ങൾ വിളിച്ചുപറയുമെന്നും സിസ്റ്റർ
ചിത്രം: ടിപി സൂരജ്/എക്‌സ്പ്രസ്‌
ചിത്രം: ടിപി സൂരജ്/എക്‌സ്പ്രസ്‌

മാനന്തവാടി: മഠം വിട്ട് പോകില്ലെന്ന നിലപാടിലുറച്ച് സിസ്റ്റർ ലൂസി കളപ്പുര. തന്നെ പിടിച്ചിറക്കാം എന്നാരും സ്വപ്നം കാണണ്ടെന്നും സത്യത്തിന് വേണ്ടി നിലകൊള്ളുമ്പോൾ മരിക്കാനും തയ്യാറാണെന്നും സിസ്റ്റർ പറഞ്ഞു. എഫ്‌സിസി സന്യാസിനി സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ നല്‍കിയ അപ്പീല്‍ വത്തിക്കാന്‍ വീണ്ടും തള്ളിയതിൽ പ്രതികരിക്കുകയായിരുന്നു അവർ. 

ബിഷപ്പുമാരുടെ തെറ്റുകൾ സമ്മതിച്ചുകൊടുക്കാൻ ഇനിയാകില്ലെന്നും അതിന്റെ പേരിൽ പുറത്തുപോകാൻ തയ്യാറല്ലെന്നും സിസ്റ്റർ ലൂസി പറഞ്ഞു. സഭ തനിക്ക് നീതി നൽകിയില്ലെന്ന് ആവർത്തിച്ച് പറഞ്ഞ സിസ്റ്റർ തന്റെ ഭാ​ഗം കേൾക്കാൻ പോലും കാനോൻ നിയമം തയ്യാറായില്ലെന്നും ആരോപിച്ചു. നീതി ഉറപ്പാക്കാൻ കഴിയാത്ത ആ നിയമത്തെ പുച്ഛിച്ച് തള്ളുന്നു എന്നാണ് സിസ്റ്ററുടെ വാക്കുകൾ. 

വത്തിക്കാൻ ഒരു സ്ത്രീ എന്ന പരി​ഗണന പോലും തന്നില്ലെന്നും നിസ്സഹായരായ കന്യാസ്ത്രീകളെ പിന്തുണച്ചതിനാണ് തന്നെ പുറത്താക്കിയതെങ്കിൽ ഇനിയും സത്യങ്ങൾ വിളിച്ചുപറയുമെന്നും സിസ്റ്റർ പ്രതികരിച്ചു. സന്യാസി സഭയില്‍ നിന്ന് പുറത്താക്കിയ നടപടി നിര്‍ത്തിവെയ്ക്കണമെന്നും തന്റെ ഭാഗം കേള്‍ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ രണ്ടാമത്തെ അപ്പീലാണ് വത്തിക്കാന്‍ തള്ളിയത്. അപ്പീല്‍ തള്ളിക്കൊണ്ടുളള മറുപടി കത്ത് സിസ്റ്റര്‍ക്ക് ലഭിച്ചു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള സമരത്തില്‍ പങ്കെടുത്തതിന് പിന്നാലെയാണ് എഫ്‌സിസി സന്യാസി സഭ സിസ്റ്റര്‍ ലൂസി പുറത്താക്കിയത്. പല കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് സിസ്റ്ററെ സഭയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. അതിനെതിരെയാണ് സിസ്റ്റര്‍ ആദ്യം എഫ്‌സിസി അധികൃതര്‍ക്കും പിന്നീട് വത്തിക്കാനും അപ്പീല്‍ നല്‍കിയത്.

അതേസമയം,  താമസിക്കുന്ന മഠത്തില്‍ നിന്ന് പുറത്താക്കരുതെന്ന് ആവശ്യപ്പെട്ട് മാനന്തവാടി മുന്‍സിഫ് കോടതിയില്‍ നല്‍കിയ കേസ് നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ മഠത്തില്‍ നിന്ന് സിസ്റ്റര്‍ക്ക് ഇറങ്ങേണ്ട സാഹചര്യമുണ്ടാകില്ലെന്നാണ് നിഗമനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com